വഖഫ് കേസ്; സ്വത്തുക്കളിൽ തൽസ്ഥിതി തുടരണമെന്ന് സുപ്രീം കോടതി

ന്യൂഡൽഹി: വഖഫ് ഭേദഗതി നിയമത്തിൽ ശ്രദ്ധേയമായ പരാമർശവുമായി സുപ്രീം കോടതി. വഖഫ് സ്വത്തുക്കൾ റീ നോട്ടിഫൈ ചെയ്യരുതെന്നും കോടതി പറഞ്ഞു. വഖഫ് ഭേദഗതി നിയമത്തെ ചോദ്യം ചെയ്‌തു വിവിധ സംഘടനകൾ നൽകിയ ഹരജി പരിഗണിച്ചായിരുന്നു സുപ്രീം കോടതിയുടെ ഇടപെടൽ. കേസിൽ വാദം കേൾക്കൽ നാളെ തുടരും.

ഇത് സംബന്ധിച്ച് പ്രധാന മൂന്ന് നിർദ്ദേശങ്ങളാണ് കോടതി മുന്നോട്ട് വെച്ചത്. കോടതികൾ വഖഫായി പ്രഖ്യാപിച്ച സ്വത്തുക്കൾ, ഉപയോഗം വഴി വഖഫായ സ്വത്തുക്കൾ, രേഖാമൂലം വഖഫ് ചെയ്ത സ്വത്തുക്കൾ ഈ മൂന്ന് വിഭാഗത്തിൽ പെട്ട സ്വത്തുക്കളും ഹരജിയിൽ കോടതി വാദം കേൾക്കുന്ന കാലയളവിൽ വഖഫ് പട്ടികയിൽ നിന്നും നീക്കം ചെയ്യരുതെന്ന കോടതി നിർദ്ദേശിച്ചു.

നിശ്ചിത ഭൂമി സർക്കാർ ഭൂമിയാണോ വഖഫ് ഭൂമിയാണോ എന്ന കലക്ടറുടെ അന്വേഷണ സമയത്ത് ഭൂമി വഖഫായി കണക്കാക്കാനാവില്ലെന്ന നിയമ ഭേതഗതിയിലെ പരാമർശവും നടപ്പാക്കരുതെന്ന് കോടതി പറഞ്ഞു. വഖഫ് ബോർഡുകളിലെയും സെൻട്രൽ വഖഫ് കൗൺസിലിലെയും എക്സ്-ഓഫീഷ്യോ അംഗങ്ങൾ ഒഴികെ എല്ലാ അംഗങ്ങളും മുസ്‌ലികൾ തന്നെയായിരിക്കണമെന്നും കോടതി നിർദ്ദേശിച്ചു. ഹിന്ദു ബോർഡുകളിൽ മുസ്‌ലിംകളെ ഉൾപ്പെടുത്താൻ സാധിക്കുമോ എന്നും കോടതി ചോദിച്ചു.

നാളെ സർക്കാർ വാദം കേട്ട ശേഷം കോടതി അന്തിമ വിധി പുറപ്പെടുവിക്കും. ചീഫ് ജസ്റ്റിസ് സഞ്ജീവ് ഖന്ന, ജസ്റ്റിസ് സഞ്ജയ് കുമാര്‍, ജസ്റ്റിസ് കെ വി വിശ്വനാഥന്‍ എന്നിവരടങ്ങിയ മൂനാംഗ ബെഞ്ചാണ് വാദം കേട്ടത്. ഇന്ന് ഉച്ചയോടെയാണ് കേസിൽ കോടതി വാദം കേട്ടത്. വഖഫ് ഇസ്‌ലാമിലെ പ്രധാനപ്പെട്ട ആരാധനയാണെന്നും പാർലമെന്ററി നിയമത്തിലൂടെ മതാചാരത്തിൽ ഇടപെട്ടെന്നും മുസ്‌ലിം ലീഗിന് വേണ്ടി ഹാജരായ അഡ്വ. കപിൽ സിബൽ വാദിച്ചു.

സംരക്ഷിത സ്മാരകങ്ങൾ സംരക്ഷിക്കാനാണ് നിയമങ്ങൾ കൊണ്ടുവന്നതെന്ന് ചീഫ് ജസ്റ്റിസ് സഞ്ജീവ് ഖന്ന വ്യക്തമാക്കി. കേന്ദ്ര വഖഫ് കൗൺസിലിൽ നേരത്തെ എല്ലാവരും മുസ്‌ലിംകൾ തന്നെയായിരുന്നുവെന്നും പിന്നെ എന്തിനാണ് മുസ്‌ലികൾ അല്ലാത്തവരെ വഖഫ് കൗൺസിലിലേക്ക് കയറ്റിയതെന്നും കപിൽ സിബൽ ചോദിച്ചു. എല്ലാ മത സ്ഥാപനങ്ങളിലും അതാത് മത വിഭാഗത്തിൽ പെട്ടവരെ ഉൾപെടുത്തിയയിട്ടുള്ളൂ, എന്ത് കൊണ്ടാണ് വഖഫ് കൗൺസിലിൽ മാത്രം ഇതര വിഭാഗങ്ങളെ ഉൾപ്പെടുത്തിയതെന്നും കപിൽ സിബൽ ചോദിച്ചു.

ഒരു മതത്തിന്റെ അവകാശത്തിന്മേലുള്ള കടന്നു കയറ്റമാണ് വഖഫ് ഭദഗതി നിയമം. എല്ലാ വഖഫ് സ്വത്തുക്കളും രജിസ്റ്റർ ചെയ്യണമെന്ന നിയമം എന്തിന് കൊണ്ടുവന്നതാണ്, ഇതുവഴി വർഷങ്ങളായുള്ള സ്വത്തുക്കളിൽ നിരവധി പ്രശനങ്ങൾ ഉണ്ടായെന്നും അദ്ദേഹം പറഞ്ഞു. മതപരമായ ആചാരങ്ങൾ മൗലിക അവകാശമാണ്. അനുഛേദം 25 നെ ലംഘനമാണ് വഖഫ് ഭേദഗതി നിയമത്തിലൂടെ സർക്കാർ നടത്തിയതെന്നും അദ്ദേഹം വാദിച്ചു.

 

 

Related Articles

- Advertisement -spot_img

Latest Articles