മുസ്‌ലിംകൾ ബിജെപിക്ക് വോട്ട് ചെയ്യാത്തത് കൊണ്ടാണ് മുസ്‌ലിം മന്ത്രിമാർ ഇല്ലാത്തത്; രാജീവ് ചന്ദ്രശേഖർ

കോഴിക്കോട്: കേന്ദ്രമന്ത്രിസഭയിൽ മുസ്‌ലിം മന്ത്രിമാർ ഇല്ലാത്തതിൻ്റെ കാരണം, മുസ്‌ലിം സമൂഹം ബി.ജെ.പിക്ക് വോട്ട് ചെയ്യാത്തതുകൊണ്ടാണെന്ന് ബി.ജെ.പി. സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ അഭിപ്രായപ്പെട്ടു.

വോട്ട് ചെയ്താൽ മാത്രമേ മുസ്‌ലിം എം.പി. ഉണ്ടാകൂ എന്നും, എം.പി. ഇല്ലെങ്കിൽ എങ്ങനെ മന്ത്രിയുണ്ടാകുമെന്നും അദ്ദേഹം ചോദിച്ചു. മുസ്‌ലിംകൾ കോൺഗ്രസിന് വോട്ട് നൽകുന്നത് കൊണ്ട് യാതൊരു ഗുണവും ലഭിക്കുന്നില്ലെന്നും, അതിനാൽ അവർ ബി.ജെ.പിക്ക് വോട്ട് ചെയ്യണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. കോഴിക്കോട് പ്രസ് ക്ലബ്ബിന്റെ ‘മീറ്റ് ദ ലീഡർ’ പരിപാടിയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

തദ്ദേശ തിരഞ്ഞെടുപ്പിനെ ബി.ജെ.പി. സെമി ഫൈനലായിട്ടല്ല കാണുന്നതെന്നും, എൻ.ഡി.എ. 21,105 വാർഡുകളിൽ മത്സരിക്കുന്നുണ്ടെന്നും അദ്ദേഹം അറിയിച്ചു. ഭരണമാറ്റത്തിനൊപ്പം ഭരണ ശൈലിയിൽ മാറ്റമാണ് ബി.ജെ.പി. മുന്നോട്ട് വെക്കുന്നത്.

കേരളത്തിലെ 95 ശതമാനം വികസനവും കേന്ദ്രം നടപ്പിലാക്കുന്നതാണെന്നും, സംസ്ഥാന സർക്കാരാണ് ഫണ്ട് നൽകാതെ സഹകരിക്കാത്തതെന്നും അദ്ദേഹം കുറ്റപ്പെടുത്തി. കേരളത്തിൽ ഇനി വേണ്ടത് ഒരു ‘ഡബിൾ എഞ്ചിൻ സർക്കാർ’ ആണെന്നും അദ്ദേഹം പറഞ്ഞു.

വെൽഫെയർ പാർട്ടിക്ക് ചിലർ ഇടം നൽകുന്നതിനെ ബി.ജെ.പി. എതിർക്കും. കണ്ണൂരിൽ സി.പി.എം. എതിരില്ലാതെ വിജയിച്ചത് അത്ഭുതകരമാണെന്നും, ഇനി അത് അനുവദിക്കില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ലോക്‌സഭാ തിരഞ്ഞെടുപ്പിൽ സി.പി.എം-കോൺഗ്രസ് ധാരണയുടെ ഇരയാണ് താനെന്നും അദ്ദേഹം ആരോപിച്ചു. വിദ്യാഭ്യാസമന്ത്രി വി. ശിവൻകുട്ടിയുടെ എസ്.എസ്.കെ. ഫണ്ട് സംബന്ധിച്ച ആരോപണങ്ങൾ അഞ്ചുവർഷം ഒന്നും ചെയ്യാതിരുന്നതിനെ ന്യായീകരിക്കാനുള്ള ‘കഥകൾ’ മാത്രമാണെന്നും അദ്ദേഹം തള്ളിക്കളഞ്ഞു.

 

Related Articles

- Advertisement -spot_img

Latest Articles