ടെഹ്റാൻ: തങ്ങളുടെ പക്കലുള്ള 60 ശതമാനം വരെ ശുദ്ധീകരിച്ച യുറേനിയത്തിന്മേൽ നിലവിൽ ഭൗതികമായ നിയന്ത്രണമില്ലെന്ന് ഇറാൻ വെളിപ്പെടുത്തി. ബോംബാക്രമണത്തിൽ തകർന്ന ഭൂഗർഭ കേന്ദ്രങ്ങളിലാണ് ഈ ആണവശേഖരം ഇപ്പോഴുള്ളതെന്ന് ഇറാന്റെ ഉപവിദേശകാര്യ മന്ത്രി കാസെം ഘരിബാബാദി വ്യക്തമാക്കി. ആണവ പ്രശ്നത്തിൽ എല്ലാ വശങ്ങളും ചർച്ച ചെയ്യാൻ രാജ്യം സന്നദ്ധമാണെങ്കിലും, അമേരിക്ക ആത്മാർത്ഥമായ ചർച്ചകളിൽ നിന്ന് ഒഴിഞ്ഞുമാറുകയാണെന്നും സ്വന്തം നിബന്ധനകൾ അടിച്ചേൽപ്പിക്കാനാണ് വാഷിങ്ടൺ ശ്രമിക്കുന്നതെന്നും അദ്ദേഹം വിമർശിച്ചു. ശുദ്ധീകരിച്ച യുറേനിയം മുഴുവൻ കൈമാറണമെന്നും അടുത്ത 20 വർഷത്തേക്ക് ആണവ ശുദ്ധീകരണ പ്രവർത്തനങ്ങൾ നിർത്തിവെക്കണമെന്നുമുള്ള അമേരിക്കയുടെ പ്രധാന ആവശ്യങ്ങൾ ഇറാൻ പൂർണ്ണമായും തള്ളിക്കളഞ്ഞു.
മേഖലയിലെ തന്ത്രപ്രധാനമായ ഹുർമുസ് കടലിടുക്കിനെ സംബന്ധിച്ചും നിർണ്ണായകമായ തീരുമാനങ്ങൾ ഇറാൻ പ്രഖ്യാപിച്ചു: സൗഹൃദ രാജ്യമായ ഇന്ത്യയുടെ 11 കപ്പലുകൾക്ക് കടന്നുപോകാൻ ഇതിനോടകം അനുമതി നൽകിയിട്ടുണ്ട്. കൂടുതൽ ഇന്ത്യൻ കപ്പലുകൾക്ക് അനുമതി നൽകുന്ന കാര്യം ഇറാൻറെ പരിഗണനയിലുണ്ട്. എല്ലാ കപ്പലുകളെയും കടത്തിവിടില്ലെന്നും ഹുർമുസ് കടലിടുക്ക് കടക്കുന്ന കപ്പലുകളിൽ നിന്ന് ഫീസ് ഈടാക്കാൻ പദ്ധതിയുണ്ടെന്നും മന്ത്രി അറിയിച്ചു. അമേരിക്കൻ ഉപരോധങ്ങൾ പിൻവലിക്കുകയും വിദേശ രാജ്യങ്ങളിൽ മരവിപ്പിക്കപ്പെട്ട ആസ്തികൾ തിരികെ നൽകുകയും ചെയ്താൽ പാത പൂർണ്ണമായും തുറന്നുനൽകാൻ ഇറാൻ തയ്യാറാണ്.
ആണവ പദ്ധതിയടക്കമുള്ള തർക്കവിഷയങ്ങളിൽ മുപ്പത് ദിവസം നീളുന്ന ചർച്ചകൾക്ക് രാജ്യം സന്നദ്ധമാണെന്നും എന്നാൽ തങ്ങൾ ആണവായുധം നിർമിക്കില്ലെന്ന മുൻ നിലപാടിൽ ഉറച്ചുനിൽക്കുന്നതായും ഇറാൻ ആവർത്തിച്ചു. രണ്ട് മാസം മുമ്പ് അമേരിക്കയും ഇസ്രായേലും ഇറാനിൽ നടത്തിയ ആക്രമണങ്ങളെത്തുടർന്നാണ് മേഖലയിൽ സംഘർഷം രൂക്ഷമായത്. നിലവിൽ വെടിനിർത്തൽ പ്രഖ്യാപിച്ചിട്ടുണ്ടെങ്കിലും ഇരുവിഭാഗവും വിട്ടുവീഴ്ചയ്ക്ക് തയ്യാറാകാത്തത് ആഗോള സമ്പദ്വ്യവസ്ഥയെപ്പോലും പ്രതികൂലമായി ബാധിച്ചിരിക്കുകയാണ്.



