ജുബൈൽ: കാരുണ്യത്തിന്റെ കൈത്തിരിയുമായി കർമ്മപഥത്തിൽ നിറഞ്ഞുനിൽക്കുന്ന നഴ്സുമാർക്ക് ആദരമർപ്പിച്ച് ജുബൈലിൽ ലോക നഴ്സസ് ദിനാഘോഷം സംഘടിപ്പിച്ചു. വേൾഡ് മലയാളി ഫെഡറേഷൻ (ഡബ്ലിയു.എം.എഫ്) ജുബൈൽ കൗൺസിലും സിറ്റി ഫ്ലവർ ഹൈപ്പർ മാർക്കറ്റും സംയുക്തമായി സംഘടിപ്പിച്ച പരിപാടി ആരോഗ്യപ്രവർത്തകരുടെ സാന്നിധ്യം കൊണ്ടും വൈവിധ്യമാർന്ന കലാപരിപാടികൾ കൊണ്ടും ശ്രദ്ധേയമായി.
സിറ്റി ഫ്ലവർ ഹൈപ്പർ മാർക്കറ്റിൽ നടന്ന ആഘോഷ ചടങ്ങുകൾക്ക് ഡബ്ലിയു.എം.എഫ് ജുബൈൽ കൗൺസിൽ പ്രസിഡന്റ് സോണിയ ഹാരിസൺ അധ്യക്ഷത വഹിച്ചു. ഷിഫ അൽ ജുബൈൽ മെഡിക്കൽ സെന്റർ മാർക്കറ്റിംഗ് മാനേജർ വില്യം വർക്കി ഉദ്ഘാടനകർമ്മം നിർവ്വഹിച്ചു.
മാനവികതയുടെ ഉന്നത മൂല്യങ്ങൾ ഉയർത്തിപ്പിടിക്കുന്ന നഴ്സുമാരുടെ സേവനം സമൂഹത്തിന് എന്നും വഴികാട്ടിയാണെന്ന് ചടങ്ങിൽ സംസാരിച്ച സിറ്റി ഫ്ലവർ മാനേജർ ഹനീഫ, ശിഹാബ് മങ്ങാടൻ എന്നിവർ അഭിപ്രായപ്പെട്ടു.
ആരോഗ്യമേഖലയിൽ പതിറ്റാണ്ടുകളായി തളരാത്ത സേവനമനുഷ്ഠിക്കുന്ന മുതിർന്ന നഴ്സുമാരെ ചടങ്ങിൽ പ്രത്യേകമായി ആദരിച്ചത് സദസിനെ ശ്രദ്ധേയമാക്കി. ജുബൈൽ റോയൽ കമ്മീഷൻ ആശുപത്രിയിലെ റോസമ്മ ജോർജ്, അൽമന ആശുപത്രിയിലെ ബിന്ദു തോമസ് എന്നിവരെയാണ് സ്നേഹപുരസ്കാരം നൽകി ആദരിച്ചത്. എനർജി പ്ലസ് ട്രേഡിങ് കമ്പനി ഓപ്പറേഷൻ മാനേജർ അബ്ദുൽ റസീഖ് ചോനാരി ഇവർക്ക് ഫലകങ്ങൾ സമ്മാനിച്ചു. സുകു സുഗതൻ, വില്യം വർക്കി എന്നിവർ ചേർന്ന് പൊന്നാട അണിയിച്ചു . സിറ്റി ഫ്ലവർ മാനേജർ ഹനീഫ ഉപഹാരങ്ങൾ കൈമാറി.
ആഘോഷങ്ങൾക്ക് നിറപ്പകിട്ടേകി കലാസന്ധ്യയും അരങ്ങേറി. നിഖില ജോസ് അവതരികയായ ചടങ്ങിൽ കരീം കീമോ, ഷഫീഖ്, സജൻ, അഖിൽ സണ്ണി, സൗപർണ്ണിക അനിൽ, മിഷേൽ ദിനു, സൗജന്യ ശ്രീകുമാർ എന്നിവർ ഗാനങ്ങൾ ആലപിച്ചു. മിയ അനൂപ്, ആര്യ തംബോലി എന്നിവരുടെ ഡ്യുയറ്റ് നൃത്തവും അലങ്കൃത വിവേകിന്റെ സോളോ ഡാൻസും ഹയാത്ത് മരിയയും സംഘവും അവതരിപ്പിച്ച ഗ്രൂപ്പ് ഡാൻസും കാണികളുടെ പ്രശംസ പിടിച്ചുപറ്റി. കലാപരിപാടികളിൽ പങ്കെടുത്തവർക്ക് വില്യം വർക്കി സമ്മാനങ്ങൾ വിതരണം ചെയ്തു.
കൗൺസിൽ ഭാരവാഹികളായ ഡി. അനിൽ കുമാർ, ശിഹാവുദ്ധീൻ റാവുത്തർ, മറിയാമ്മ തുടങ്ങിയവർ ചടങ്ങുകൾക്ക് നേതൃത്വം നൽകി. ജനറൽ സെക്രട്ടറി അജിത്ത് സ്വാഗതവും ട്രഷറർ ഇൻചാർജ് സിൻജോ നന്ദിയും പറഞ്ഞു.



