തിരുവനന്തപുരം: പതിനൊന്ന് ദിവസത്തെ അക്ഷമയോടെയുള്ള കാത്തിരിപ്പിന് വിരാമമിട്ടുകൊണ്ട് വി.ഡി. സതീശനെ കേരളത്തിന്റെ മുഖ്യമന്ത്രിയായി പ്രഖ്യാപിച്ചു. ഇന്ന് ഉച്ചയ്ക്ക് 12 മണിയോടെ ഡൽഹിയിൽ വച്ച് ഹൈക്കമാൻഡ് പ്രതിനിധി ദീപ ദാസ് മുൻഷിയാണ് ഔദ്യോഗിക പ്രഖ്യാപനം നടത്തിയത്. പ്രഖ്യാപനം പുറത്തുവന്നതോടെ “കണ്ണേ കരളേ വി.ഡി.എസ്സേ…” എന്ന മുദ്രാവാക്യങ്ങളുമായി അണികൾ തെരുവിലിറങ്ങി. മധുരപലഹാരങ്ങൾ വിതരണം ചെയ്തും പടക്കം പൊട്ടിച്ചും സതീശൻ ക്യാമ്പ് ഉത്സവലഹരിയിലാണ്. ആലുവ ദേശത്തെ സതീശന്റെ വസതിയായ ‘ദേവകി’ പ്രഖ്യാപനത്തിന് മുന്നോടിയായിത്തന്നെ ജനസാഗരമായി മാറിയിരുന്നു. തദ്ദേശ ജനപ്രതിനിധികൾ, മുതിർന്ന നേതാക്കൾ, വടക്കൻ ജില്ലകളിൽ നിന്നുള്ള കോൺഗ്രസ് – മുസ്ലിം ലീഗ് പ്രവർത്തകർ തുടങ്ങി വൻ ജനക്കൂട്ടമാണ് അദ്ദേഹത്തിന്റെ വീട്ടിൽ തടിച്ചുകൂടിയത്.
മുഖ്യമന്ത്രി പ്രഖ്യാപനം ബുധനാഴ്ച തന്നെ ഉണ്ടാകുമെന്ന പ്രതീക്ഷയിൽ രാവിലെ മുതൽക്കേ പ്രവർത്തകർ ആലുവയിൽ എത്തിയിരുന്നെങ്കിലും പ്രഖ്യാപനം പലതവണ നീണ്ടുപോയത് വലിയ നാടകീയതയ്ക്ക് വഴിമാറി. ഉച്ചയ്ക്കും പിന്നീട് വൈകുന്നേരവും പ്രഖ്യാപനം ഉണ്ടാകുമെന്ന് കരുതിയെങ്കിലും ഓരോ തവണയും വാർത്തകൾ മാറിമറിഞ്ഞത് പ്രവർത്തകരിൽ നിരാശയുണ്ടാക്കിയിരുന്നു. ദീപ ദാസ് മുൻഷിയുടെ കേരളത്തിലേക്കുള്ള യാത്ര ഒഴിവാക്കിയതും ആശങ്ക വർധിപ്പിച്ചു. എന്നാൽ, സംഘർഷ സാധ്യതകൾ ഒഴിവാക്കാനും ഘടകകക്ഷികളുമായി കൃത്യമായ ചർച്ചകൾ പൂർത്തിയാക്കാനുമുള്ള നടപടിക്രമങ്ങളുടെ ഭാഗമായാണ് പ്രഖ്യാപനം വ്യാഴാഴ്ചത്തേക്ക് മാറ്റിയതെന്ന് നേതാവായ മുഹമ്മദ് ഷിയാസ് പ്രവർത്തകരെ അനുനയിപ്പിച്ചു വിശദീകരിക്കുകയായിരുന്നു.
പ്രഖ്യാപന സമയത്ത് സതീശന്റെ ഭാര്യ ലക്ഷ്മി പ്രിയ, മകൾ ഉണ്ണിമായ, ഭാര്യാപിതാവ് ശിവൻകുട്ടി, ഭാര്യാമാതാവ് ദേവകി എന്നിവർ വസതിയിൽ ഉണ്ടായിരുന്നു. വൻ പോലീസ് സന്നാഹവും മാധ്യമപ്പടയും കഴിഞ്ഞ ദിവസങ്ങളിൽ ഇവിടെ ക്യാമ്പ് ചെയ്തിരുന്നു. അനിശ്ചിതത്വങ്ങൾക്കൊടുവിൽ പ്രഖ്യാപനം വന്നതോടെ പ്രവർത്തകർ ആവേശത്തോടെ ആഘോഷങ്ങൾ തുടരുകയാണ്. വരും ദിവസങ്ങളിൽ പുതിയ മന്ത്രിസഭാ രൂപീകരണവുമായി ബന്ധപ്പെട്ട ചർച്ചകളിലേക്ക് പാർട്ടി കടക്കും..



