എസ്എസ്എല്‍സി പരീക്ഷാഫലം; പ്രഖ്യാപനം നാളെ വൈകിട്ട് മൂന്ന് മണിക്ക്

തിരുവനന്തപുരം: ഈ വർഷത്തെ എസ്എസ്എൽസി പരീക്ഷാഫലം നാളെ (മെയ് 15) പ്രഖ്യാപിക്കും. വൈകിട്ട് മൂന്ന് മണിക്ക് പൊതുവിദ്യാഭ്യാസ ഡയറക്ടറും പ്രിൻസിപ്പൽ സെക്രട്ടറിയും ചേർന്നാണ് ഔദ്യോഗികമായി ഫലം പുറത്തുവിടുന്നത്. പരീക്ഷാ ബോർഡ് യോഗം ചേർന്ന് അന്തിമ വിലയിരുത്തലുകൾ പൂർത്തിയാക്കിയതിന് പിന്നാലെ ചീഫ് സെക്രട്ടറി പ്രഖ്യാപനത്തിന് അനുമതി നൽകി. സാധാരണ നിലയിൽ വിദ്യാഭ്യാസ മന്ത്രിയാണ് ഫലപ്രഖ്യാപനം നടത്താറുള്ളതെങ്കിലും, നിയമസഭാ തിരഞ്ഞെടുപ്പിന് ശേഷം പുതിയ മന്ത്രിസഭ അധികാരമേറ്റെടുക്കാത്ത സാഹചര്യത്തിലാണ് ഇത്തവണ ഉദ്യോഗസ്ഥർ മുഖേന ഫലം പ്രസിദ്ധീകരിക്കുന്നത്.

ഫലപ്രഖ്യാപനം വൈകുന്നത് വിദ്യാർത്ഥികളുടെ ഉപരിപഠനത്തെയും പ്രവേശന നടപടികളെയും ബാധിക്കുമെന്ന ആശങ്ക ശക്തമായിരുന്നു. മെയ് 15-ന് തന്നെ ഫലം പ്രസിദ്ധീകരിക്കണമെന്ന് അധ്യാപക സംഘടനകളും ആവശ്യപ്പെട്ടിരുന്നു. ഈ സാഹചര്യം പരിഗണിച്ചാണ് പൊതുവിദ്യാഭ്യാസ ഡയറക്ടറുടെ നേതൃത്വത്തിൽ നടപടികൾ ഊർജ്ജിതമാക്കി നിശ്ചിത സമയത്തുതന്നെ ഫലം ലഭ്യമാക്കുന്നത്.

വിദ്യാർത്ഥികൾക്ക് www.results.kite.kerala.gov.in എന്ന പോർട്ടലിലൂടെയും ‘Saphalam KITE’ എന്ന മൊബൈൽ ആപ്പിലൂടെയും ഫലം പരിശോധിക്കാം. ഗൂഗിൾ പ്ലേ സ്റ്റോറിൽ നിന്ന് ആപ്പിന്റെ പരിഷ്കരിച്ച പതിപ്പ് ഡൗൺലോഡ് ചെയ്യാവുന്നതാണ്. വ്യക്തിഗത റിസൾട്ടുകൾക്ക് പുറമെ സ്കൂൾ, വിദ്യാഭ്യാസ ജില്ലാ, റവന്യൂ ജില്ലാ തലങ്ങളിലുള്ള വിശദമായ ഫല അവലോകനവും പോർട്ടലിലും ആപ്പിലും ലഭ്യമാകും. ഇത്തവണ റിസൾട്ടുകൾ നേരിട്ട് ചിത്രമായോ പിഡിഎഫ് രൂപത്തിലോ സോഷ്യൽ മീഡിയ വഴി പങ്കുവെക്കാനുള്ള പ്രത്യേക സൗകര്യവും ഏർപ്പെടുത്തിയിട്ടുണ്ട്.

Related Articles

- Advertisement -spot_img

Latest Articles