“ഇതൊരു അവസാനമല്ല, ഞങ്ങൾ ശക്തമായി തിരിച്ചുവരും”; പരാജയം അംഗീകരിച്ച് പിണറായി വിജയൻ

കണ്ണൂർ: നിയമസഭാ തെരഞ്ഞെടുപ്പിലെ പരാജയം പൂർണ്ണമായി അംഗീകരിക്കുന്നുവെന്നും, എന്നാൽ ഇത് പാർട്ടിയുടെ അവസാനമായി കാണേണ്ടതില്ലെന്നും മുൻ മുഖ്യമന്ത്രി പിണറായി വിജയൻ. കണ്ണൂരിൽ ഒരു പൊതുപരിപാടിയിൽ സംസാരിക്കവെയാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്. കഴിഞ്ഞ പത്ത് വർഷമായി എൽ.ഡി.എഫിന്റെ നേതൃത്വത്തിൽ കേരളത്തിൽ നടപ്പിലാക്കിയ ജനക്ഷേമ പ്രവർത്തനങ്ങളെയും വികസനനേട്ടങ്ങളെയും അദ്ദേഹം എടുത്തുപറഞ്ഞു. മാലിന്യസംസ്കരണം, വിദ്യാഭ്യാസം, ആരോഗ്യം, സ്ത്രീ-കുട്ടികളുടെ സുരക്ഷ തുടങ്ങിയ മേഖലകളിൽ വലിയ മുന്നേറ്റമാണ് കൈവരിക്കാനായത്. ഈ ജനവിധി അംഗീകരിക്കുന്നുവെന്നും പുതിയ സർക്കാരിന്റെ ജനക്ഷേമ പ്രവർത്തനങ്ങൾക്ക് എൽ.ഡി.എഫ് പൂർണ്ണ പിന്തുണ നൽകുമെന്നും അദ്ദേഹം ഉറപ്പുനൽകി. അതേസമയം, ജനദ്രോഹപരമായ നിലപാടുകൾ ഉണ്ടായാൽ പാർട്ടി പ്രതിപക്ഷത്ത് നിന്ന് അതിനെ ശക്തമായി എതിർക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

തെരഞ്ഞെടുപ്പിലെ തിരിച്ചടിക്ക് പിന്നാലെ പാർട്ടിയുടെ പോരായ്മകൾ തിരുത്തി ശക്തമായി തിരിച്ചുവരുമെന്ന ആത്മവിശ്വാസം സി.പി.എം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദനും പങ്കുവെച്ചു. പാർട്ടി മുഖപത്രമായ ‘ദേശാഭിമാനി’യിൽ എഴുതിയ ലേഖനത്തിലാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്. 1977-ലെ അടിയന്തരാവസ്ഥാ കാലഘട്ടത്തിലെയും 2001-ലെയും വലിയ തിരിച്ചടികളെ അതിജീവിച്ച് 99 സീറ്റുകൾ നേടി അധികാരത്തിൽ തിരിച്ചെത്തിയ ചരിത്രം അദ്ദേഹം ഓർമ്മിപ്പിച്ചു. എൽ.ഡി.എഫ് ഭരണകാലത്ത് കേരളത്തിൽ വലിയ വികസനക്കുതിപ്പുണ്ടായെന്നും, ആഗോളവൽക്കരണ നയങ്ങളാൽ പിന്നാക്കം പോയ ജനവിഭാഗത്തെ മുൻനിരയിലെത്തിക്കാൻ സർക്കാർ വലിയ പദ്ധതികൾ നടപ്പിലാക്കിയെന്നും അദ്ദേഹം അവകാശപ്പെട്ടു. ജനക്ഷേമ പദ്ധതികൾ നടപ്പിലാക്കിയിട്ടും പരാജയം സംഭവിച്ചതിനെക്കുറിച്ച് പാർട്ടി ഗൗരവമായി പരിശോധിച്ചുവരികയാണെന്നും നിലവിലെ പ്രതിസന്ധി മറികടന്ന് പാർട്ടി കൂടുതൽ കരുത്തോടെ തിരിച്ചുവരുമെന്നും എം.വി. ഗോവിന്ദൻ പ്രത്യാശ പ്രകടിപ്പിച്ചു.

Related Articles

- Advertisement -spot_img

Latest Articles