അതിജീവിതയെ പീഡിപ്പിച്ച് സ്വർണം കവർന്ന കേസ്; ഒളിവിൽ കഴിഞ്ഞിരുന്ന മുഖ്യപ്രതി പിടിയിൽ

തൃശൂർ : അതിജീവിതയെ പീഡിപ്പിക്കുകയും ദൃശ്യങ്ങൾ പകർത്തി സ്വർണം കവരുകയും ചെയ്ത കേസിൽ മുഖ്യപ്രതി പിടിയിൽ. കൊരട്ടി മുരിങ്ങൂർ തെക്കുമുറി പുല്ലൻ വീട്ടിൽ ഫിജോ ജോസിനെയാണ് (40) തൃശ്ശൂർ റൂറൽ ജില്ലാ പോലീസ് മേധാവി ബി. കൃഷ്ണകുമാറിന്റെ നേതൃത്വത്തിലുള്ള അന്വേഷണ സംഘം അറസ്റ്റ് ചെയ്തത്. ചാലക്കുടി കൂടപ്പുഴയിൽ പ്രതി എത്തിയെന്ന രഹസ്യ വിവരത്തെ തുടർന്നാണ് ഇയാളെ പിടികൂടാനായത്.

2025 ഡിസംബർ 13-നാണ് കേസിന് ആസ്പദമായ സംഭവം നടന്നത്. അതിജീവിതയെ ആക്രമിച്ച് ഒരു പവൻ വീതം തൂക്കമുള്ള സ്വർണ്ണമാലയും വളയുമാണ് പ്രതികൾ കവർന്നത്. കേസിൽ നേരത്തെ തന്നെ കൊടകര വാസുപുരം സ്വദേശി റഷീദ് (44), മലപ്പുറം പെരിന്തൽമണ്ണ മൂർക്കനാട് സ്വദേശി ജലാലുദ്ദീൻ (23), അതിരപ്പിള്ളി വെറ്റിലപ്പാറ സ്വദേശി ജോബിൻ (36) എന്നിവർ അറസ്റ്റിലായിരുന്നു. ഇവർക്ക് ശേഷമാണ് ഒളിവിൽ പോയിരുന്ന ഫിജോ ജോസ് പോലീസിന്റെ വലയിലാകുന്നത്.

നിരവധി ക്രിമിനൽ കേസുകളിൽ പ്രതിയാണ് പിടിയിലായ ഫിജോ ജോസ്. ചാലക്കുടി, കൊരട്ടി, കാലടി, അങ്കമാലി, വേങ്ങര, കൊണ്ടോട്ടി പോലീസ് സ്റ്റേഷൻ പരിധികളിലായി കവർച്ച, സ്ത്രീയെ ആക്രമിക്കൽ തുടങ്ങിയ 14-ഓളം ക്രിമിനൽ കേസുകളിൽ ഇയാൾ പ്രതിയാണെന്ന് പോലീസ് അറിയിച്ചു.

തൃശ്ശൂർ റൂറൽ ജില്ലാ പോലീസ് മേധാവിക്ക് പുറമെ ഡി.വൈ.എസ്.പി കെ.പി. ബെന്നി, എസ്.ഐമാരായ ടി.ബി. സുനിൽകുമാർ, സതീശൻ മടപ്പാട്ടിൽ, പി.എം. മൂസ, എ.എസ്.ഐമാരായ കെ.യു. വിനോദ്, വി.യു. സിൽജോ, പി.എം. ഷിയാസ്, എ.യു. റെജി, എം.ജെ. ബിനു, എസ്.സി.പി.ഒ കെ.എസ്. സുനീഷ്, സി.പി.ഒ ഇ.എ. ശ്രീജിത്ത് എന്നിവരടങ്ങിയ സംഘമാണ് കേസ് അന്വേഷിച്ച് പ്രതിയെ അറസ്റ്റ് ചെയ്തത്.

Related Articles

- Advertisement -spot_img

Latest Articles