ജുബൈൽ :സൗദി അറേബ്യയിലെ ജുബൈൽ ഇന്റർനാഷണൽ ഇന്ത്യൻ സ്കൂളിന്റെ വ്യാജ ഇമെയിൽ വിലാസമുപയോഗിച്ച് ഉദ്യോഗാർത്ഥികളെ കബളിപ്പിക്കാൻ വ്യാപകമായ ശ്രമം നടക്കുന്നു. സ്കൂളിന്റെ ഔദ്യോഗിക ലോഗോയും സീലും പ്രിൻസിപ്പൽ ഡോ. നിഷ മധു, എച്ച്.ആർ മാനേജർ ഖുശ്ബൂ സിദ്ദിഖി എന്നിവരുടെ ഒപ്പുകളും കൃത്രിമമായി നിർമ്മിച്ച് തയ്യാറാക്കിയ വ്യാജ ഓഫർ ലെറ്ററുകൾ അയച്ചാണ് തട്ടിപ്പ് സംഘം പ്രവർത്തിക്കുന്നത്.
എറണാകുളം സ്വദേശിനിക്ക് നൽകിയ തൊഴിൽ കരാറിന്റെ ആധികാരികത ഉറപ്പ് വരുത്താൻ നടത്തിയ അന്വേഷണത്തിലാണ് തട്ടിപ്പ് പുറത്ത് വന്നത്. ഐ ഐ എസ് ജുബൈൽ.ഒ ആർ ജി.കോം (IISJubail.org) എന്ന വെബ്ബ് സൈറ്റിലെ ജുബൈലിന് പകരം അക്ഷരങ്ങൾ മാറ്റി “ജുബാലി” എന്നാക്കിയ വെബ്ബ് സൈറ്റ് ഉപയോഗിച്ചാണ് തട്ടിപ്പ് നടത്തുന്നത്. ഇതേ വെബ്ബ് സൈറ്റ് ഉപയോഗിച്ചുള്ള ഇമെയിൽ വിലാസത്തിൽ (career@iisjubali.org) നിന്നാണ് ആശയ വിനിമയം നടത്തുന്നത്. ഇ മെയിൽ വിലാസത്തിൽ സംശയം തോന്നിയ എറണാകുളം സ്വദേശി സൗദിയിലുള്ള ബന്ധുവിനോട് വിഷയത്തിന്റെ നിജ സ്ഥിതി അന്വേഷിക്കുകയായിരുന്നു. ലഭ്യമായ വിവരങ്ങളുടെ അടിസ്ഥാനത്തിൽ യുവതിയുടെ ബന്ധുവും മലയാളം ന്യൂസ് ഓൺലൈൻ പ്രതിനിധിയും നടത്തിയ അന്വേഷണത്തിലാണ് ഞെട്ടിപ്പിക്കുന്ന തട്ടിപ്പുകൾ പുറത്തു വന്നത്.
ടീച്ചിംഗ് അസിസ്റ്റന്റ് തസ്തികയിലേക്ക് പ്രതിമാസം 6,580 റിയാൽ അടിസ്ഥാന ശമ്പളവും, സൗജന്യ താമസസൗകര്യം, വിമാന ടിക്കറ്റ്, മെഡിക്കൽ ഇൻഷുറൻസ്, കുടുംബത്തിന് സൗജന്യ വിദ്യാഭ്യാസം തുടങ്ങി അതീവ ആകർഷകമായ ആനുകൂല്യങ്ങൾ വാഗ്ദാനം ചെയ്തുകൊണ്ടാണ് ഉദ്യോഗാർത്ഥികളെ തട്ടിപ്പ് സംഘം വലയിലാക്കുന്നത്.

ഉദ്യോഗാർത്ഥികളിൽ വിശ്വാസം ജനിപ്പിക്കുന്നതിനായി ന്യൂഡൽഹിയിലെ സൗദി എംബസി പ്രതിനിധിയായി മിസ്റ്റർ സൗദ് ബിൻ മുഹമ്മദ് അൽ-സാതിയെ വ്യാജ കരാറിൽ നാമനിർദ്ദേശം ചെയ്തിട്ടുണ്ടെങ്കിലും, ആശയവിനിമയത്തിനായി നൽകിയിരിക്കുന്നത് eVisa@darchagroup.com എന്ന സംശയാസ്പദമായ സ്വകാര്യ ഇമെയിൽ വിലാസമാണ്.
അപേക്ഷകരുടെ എണ്ണം കൂടുതലായതിനാൽ സൂം ഇന്റർവ്യൂ ഒഴിവാക്കി ഓൺലൈൻ ചോദ്യാവലികൾ വഴി മാത്രം നിയമനം നടത്തുന്ന രീതിയും, വിസ പ്രോസസിംഗിനായി ഉദ്യോഗാർത്ഥി നേരിട്ട് പണം അടയ്ക്കണമെന്ന വ്യവസ്ഥയും തട്ടിപ്പിന്റെ ഭാഗമായി സ്വീകരിച്ചിട്ടുണ്ട്. മൂന്ന് വർഷത്തെ തൊഴിൽ കരാർ ഉറപ്പുനൽകുന്ന ഈ വ്യാജരേഖകളിൽ സ്കൂളിന്റെ പേരിനൊപ്പം പലയിടത്തും ‘ജുബാലി” എന്ന തെറ്റായ സ്പെല്ലിംഗിലാണ് നൽകിയിരിക്കുന്നത്.
ഇത്തരം വ്യാജ തൊഴിൽ വാഗ്ദാനങ്ങളിൽ വിശ്വസിച്ച് പണമോ വ്യക്തിഗത രേഖകളോ കൈമാറി ചതിയിൽപ്പെടരുതെന്നും നിലവിൽ പ്രചരിക്കുന്ന ഇത്തരം കത്തുകൾക്കും സന്ദേശങ്ങൾക്കും സ്കൂളുമായി യാതൊരു ബന്ധവുമില്ലെന്ന് പ്രിൻസിപ്പാൾ ഡോ. നിഷ മധു, മലയാളം ന്യൂസ് ഓൺലൈനോട് പറഞ്ഞു. ഔദ്യോഗിക വിവരങ്ങൾക്കായി നേരിട്ട് സ്കൂളിന്റെ iisjubail.org എന്ന വെബ്സൈറ്റ് സന്ദർശിക്കുകയോ കൃത്യമായ ചാനലുകൾ വഴി ബന്ധപ്പെടുകയോ ചെയ്യണമെന്നും അവർ മുന്നറിയിപ്പ് നൽകുന്നു.



