മക്ക: ഹജ്ജ് സീസണിലെ മാലിന്യം നിർമാർജ്ജനം ചെയ്യുന്നതിന് വിപുലമായ പദ്ധതികളുമായി സൗദി. ദശലക്ഷക്കണക്കിന് തീർത്ഥാടകർ ഒത്തുചേരുന്ന ഹജ്ജ് വേളയിൽ പുണ്യസ്ഥലങ്ങളിലുണ്ടാകുന്ന വൻ മാലിന്യശേഖരം പരിസ്ഥിതിക്ക് വലിയ വെല്ലുവിളിയാകുന്ന സാഹചര്യത്തിലാണ് രാജ്യമാണ് ഇത്തരം പദ്ധതിയുമായി മുന്നോട്ട് പോവുന്നത്. ഹജ്ജ് കർമ്മങ്ങളെ പൂർണ്ണമായും പരിസ്ഥിതി സൗഹൃദമാക്കാനും മാലിന്യ പുനരുപയോഗം ഉറപ്പാക്കാനുമുള്ള വിപുലമായ സുസ്ഥിരതാ പദ്ധതികളിലാണ് സൗദി അറേബ്യ. നാഷണൽ സെന്റർ ഫോർ വേസ്റ്റ് മാനേജ്‌മെന്റിന്റെ ഔദ്യോഗിക കണക്കുകൾ പ്രകാരം കഴിഞ്ഞ ഹജ്ജ് സീസണിൽ മാത്രം 3,48,382.1 ടൺ മാലിന്യമാണ് പുണ്യഭൂമിയിൽ കുന്നുകൂടിയത്. ഇതിൽ 93,566.4 ടൺ ഗാർഹിക മാലിന്യവും 6,526.6 ടൺ വാണിജ്യ മാലിന്യവും 1,89,729.1 ടൺ നിർമ്മാണാവശിഷ്ടങ്ങളും ഉൾപ്പെടുന്നു. ഈ വൻ തോത് കണക്കിലെടുത്താണ് വിപുലമായ പ്രതിരോധ നടപടികളിലേക്ക് രാജ്യം കടന്നത്.
തീർത്ഥാടക ക്യാമ്പുകളിലും അനുബന്ധ സേവന കേന്ദ്രങ്ങളിലും ഉണ്ടാകുന്ന മാലിന്യങ്ങൾ കൃത്യമായി വേർതിരിച്ച് പുനരുപയോഗിക്കുക എന്നതാണ് അധികൃതരുടെ പ്രധാന ലക്ഷ്യം. കഴിഞ്ഞ അഞ്ച് വർഷത്തെ കണക്കുകൾ വെല്ലുവിളിയുടെ വ്യാപ്തി വ്യക്തമാക്കുന്നതാണെന്ന് ‘എംവാൻ’ പ്രതിനിധി വ്യക്തമാക്കി. തീർത്ഥാടകർ ഉപേക്ഷിക്കുന്ന ഇഹ്റാം വസ്ത്രങ്ങളുടെ അളവ് 2022-ലെ 14 ടണ്ണിൽ നിന്ന് 2025-ൽ 62 ടണ്ണായി ഉയർന്നു. വസ്ത്രമാലിന്യങ്ങൾ 10 ടണ്ണിൽ നിന്ന് 13 ടണ്ണായും വർദ്ധിച്ചു. ഈ വർഷത്തെ ഹജ്ജ് സുസ്ഥിരതാ ശ്രമങ്ങളിൽ സൗരോർജ്ജം പോലുള്ള പുനരുപയോഗ ഊർജ്ജ പദ്ധതികൾ ഉൾപ്പെടുത്തിയിട്ടില്ലെങ്കിലും, മിച്ചം വരുന്ന ഭക്ഷണം കാര്യക്ഷമമായി വിനിയോഗിക്കുന്നതിനും ജൈവമാലിന്യങ്ങൾ ലാൻഡ്‌ഫില്ലുകളിൽ തള്ളുന്നത് ഒഴിവാക്കുന്നതിനും ‘എംവാൻ’ പ്രത്യേക പദ്ധതികൾ ആവിഷ്കരിച്ചിട്ടുണ്ട്.
ഭക്ഷണ വിതരണത്തിലൂടെ വൻതോതിൽ ജൈവമാലിന്യങ്ങൾ ഉണ്ടാകാൻ സാധ്യതയുള്ള തീർത്ഥാടക ക്യാമ്പുകളിൽ ഇത്തവണ ലാഭരഹിത സംഘടനകളെയും വോളന്റിയർമാരെയും പങ്കാളികളാക്കിയാണ് പ്രവർത്തനം. ഭക്ഷണം പാഴാക്കാതിരിക്കുന്നതിനെക്കുറിച്ച് ആഭ്യന്തര-അന്തർദ്ദേശീയ തീർത്ഥാടകർക്കിടയിൽ ബോധവൽക്കരണം ശക്തമാക്കാൻ പ്രത്യേക പരിശീലനം സിദ്ധിച്ച സന്നദ്ധ പ്രവർത്തകരെയും പരിസ്ഥിതി സൂപ്പർവൈസർമാരെയും ക്യാമ്പുകളിൽ വിന്യസിച്ചിട്ടുണ്ട്. മാലിന്യ നിർമ്മാർജ്ജനത്തിനൊപ്പം പുണ്യഭൂമിയിലെ ഹരിതാഭ വർദ്ധിപ്പിക്കാനും സൗദി വൻ നിക്ഷേപം നടത്തുന്നുണ്ട്. ‘ഗ്രീൻ ഹോളി സൈറ്റ്സ്’ രി പദ്ധതിയുടെ ഭാഗമായി മക്കയിലെ റോയൽ കമ്മീഷന്റെ കീഴിലുള്ള കിദാന ഡെവലപ്‌മെന്റ് കമ്പനി ഇത്തവണ ഹരിത പ്രദേശങ്ങളുടെ വിസ്തൃതി മൂന്നിരട്ടിയാക്കി. തീർത്ഥാടകർക്ക് ആശ്വാസകരമായ അന്തരീക്ഷം ഒരുക്കുന്നതിനായി മിന ഉൾപ്പെടെയുള്ള പുണ്യസ്ഥലങ്ങളിൽ ഇതിനകം 60,000-ത്തിലധികം വൃക്ഷത്തൈകളാണ് നട്ടുപിടിപ്പിച്ചിട്ടുള്ളത്.



