ക്വറ്റ/ഇസ്ലാമാബാദ്: പാകിസ്താന്റെ തെക്കുപടിഞ്ഞാറൻ പ്രവിശ്യയായ ബലൂചിസ്താന്റെ തലസ്ഥാനമായ ക്വറ്റയിൽ ട്രെയിൻ ലക്ഷ്യമാക്കി നടന്ന ശക്തമായ ചാവേർ ബോംബ് സ്ഫോടനത്തിൽ സൈനികരും സാധാരണക്കാരുമടക്കം കുറഞ്ഞത് 24 പേർ കൊല്ലപ്പെട്ടു. അൻപതിലധികം പേർക്ക് ഗുരുതരമായി പരിക്കേറ്റതായും മരണസംഖ്യ ഇനിയും ഉയർന്നേക്കാമെന്നും ഔദ്യോഗിക വൃത്തങ്ങൾ സൂചിപ്പിച്ചു. ക്വറ്റ കന്റോൺമെന്റിൽ നിന്നും പെഷവാറിലേക്ക് സൈനികരുമായി പുറപ്പെട്ട ‘ജാഫർ എക്സ്പ്രസ്’ (ഷട്ടിൽ ട്രെയിൻ) ചമൻ ഫട്ടക് റെയിൽവേ സിഗ്നലിന് സമീപം എത്തിയപ്പോഴായിരുന്നു സ്ഫോടനം. സ്ഫോടകവസ്തുക്കൾ നിറച്ച വാഹനം ട്രെയിനിലേക്ക് ഇടിപ്പിച്ചു കയറ്റിയാണ് ചാവേർ ആക്രമണം നടത്തിയതെന്ന് പ്രാദേശിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. സ്ഫോടനത്തിന്റെ ആഘാതത്തിൽ ട്രെയിനിന്റെ മൂന്ന് കോച്ചുകൾ പാളം തെറ്റുകയും രണ്ട് കോച്ചുകൾ മറിഞ്ഞ് തീപിടിക്കുകയും ചെയ്തു. നിരോധിക്കപ്പെട്ട വിഘടനവാദി ഗ്രൂപ്പായ ബലൂചിസ്താൻ ലിബറേഷൻ ആർമി തങ്ങളുടെ പ്രത്യേക ‘മജീദ് ബ്രിഗേഡ്’ ആണ് ഈ ചാവേർ ആക്രമണം നടത്തിയതെന്ന് അവകാശപ്പെട്ട് രംഗത്തെത്തിയിട്ടുണ്ട്.
പെരുന്നാൾ അവധി പ്രമാണിച്ച് നാട്ടിലേക്ക് മടങ്ങുകയായിരുന്ന സൈനികരെയും അവരുടെ കുടുംബാംഗങ്ങളെയുമാണ് അക്രമികൾ ലക്ഷ്യമിട്ടതെന്ന് പാക് അധികൃതർ വ്യക്തമാക്കി. സ്ഫോടനത്തെ തുടർന്ന് റെയിൽവേ ലൈനിന് സമീപമുള്ള നിരവധി വീടുകൾക്കും കെട്ടിടങ്ങൾക്കും കനത്ത നാശനഷ്ടം സംഭവിച്ചു. സമീപത്ത് പാർക്ക് ചെയ്തിരുന്ന പത്തിലധികം വാഹനങ്ങളും പൂർണ്ണമായി കരിഞ്ഞുണങ്ങി. അപകടത്തെ തുടർന്ന് ക്വറ്റയിലെ പ്രധാന പൊതുആശുപത്രികളിൽ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചിരിക്കുകയാണ്. അവധിയിലായിരുന്ന ഡോക്ടർമാരോടും മറ്റ് ആരോഗ്യ പ്രവർത്തകരോടും അടിയന്തരമായി ജോലിയിൽ പ്രവേശിക്കാൻ നിർദേശം നൽകിയിട്ടുണ്ട്. ദുരന്തസ്ഥലത്തേക്ക് കൂടുതൽ രക്ഷാപ്രവർത്തകരും പാരാമിലിട്ടറി വിഭാഗവും എത്തിച്ചേർന്നിട്ടുണ്ട്. ജനങ്ങൾ പരിഭ്രാന്തരായി സംഭവസ്ഥലത്ത് തടിച്ചുകൂടരുതെന്നും രക്ഷാപ്രവർത്തനത്തിന് സഹകരിക്കണമെന്നും പ്രവിശ്യാ ആഭ്യന്തര മന്ത്രാലയം അഭ്യർത്ഥിച്ചു.
ബലൂചിസ്താൻ മുഖ്യമന്ത്രി സർഫ്രാസ് ബുഗ്തിയും പ്രധാനമന്ത്രി ഷഹബാസ് ഷെരീഫും ഈ ക്രൂരമായ ഭീകരാക്രമണത്തെ ശക്തമായി അപലപിച്ചു. നിരപരാധികളായ സ്ത്രീകളെയും കുട്ടികളെയും ലക്ഷ്യമിടുന്ന ഭീകരരെയും അവരുടെ മാസ്റ്റർമൈൻഡുകളെയും രാജ്യം വെറുതെ വിടില്ലെന്നും അവസാന ഭീകരനെയും ഇല്ലാതാക്കും വരെ ഈ യുദ്ധം തുടരുമെന്നും ബുഗ്തി വ്യക്തമാക്കി. ചൈന-പാകിസ്താൻ സാമ്പത്തിക ഇടനാഴി പദ്ധതിയുടെ പ്രധാന പാതയായ ബലൂചിസ്താനിൽ സമീപകാലത്തായി വിഘടനവാദി ആക്രമണങ്ങൾ ഗണ്യമായി വർദ്ധിച്ചിട്ടുണ്ട്. ചൈനയുടെ വികസന പദ്ധതികളോടുള്ള കടുത്ത എതിർപ്പ് കാരണം പാകിസ്താനിലെ ചൈനീസ് തൊഴിലാളികളെ ലക്ഷ്യമിട്ടും മുൻപ് നിരവധി ആക്രമണങ്ങൾ ഇവർ നടത്തിയിട്ടുണ്ട്. ചൈനയിലെ സിൻജിയാങ് മേഖലയെ പാകിസ്താനിലെ തന്ത്രപ്രധാനമായ ഗ്വാദർ തുറമുഖവുമായി ബന്ധിപ്പിക്കുന്നതാണ് ഈ സാമ്പത്തിക ഇടനാഴി.



