തിരുവനന്തപുരം: കേരളത്തിലെ പൊതു ഇടങ്ങളെയും വിദ്യാഭ്യാസ സ്ഥാപനങ്ങളെയും കൂടുതൽ സ്ത്രീസൗഹൃദമാക്കുക എന്ന ലക്ഷ്യത്തോടെ ‘പ്രൊജക്ട് മെൻസ്ട്രൽ ഡിഗ്നിറ്റി’ പദ്ധതി സർക്കാർ പ്രഖ്യാപിച്ചു. യു.ഡി.എഫ് സർക്കാരിന്റെ ആദ്യ നയപ്രഖ്യാപന പ്രസംഗത്തിൽ ഗവർണർ രാജേന്ദ്ര വിശ്വനാഥ് അർലേക്കറാണ് ഇക്കാര്യം വ്യക്തമാക്കിയത്. പദ്ധതിയുടെ ഭാഗമായി സ്കൂൾ വിദ്യാർത്ഥിനികൾക്ക് പ്രതിമാസം മൂന്ന് ദിവസം വരെ ആർത്തവ അവധി അനുവദിക്കും. ആർത്തവ അവധി മൂലം പഠനത്തിൽ പിന്നോക്കം പോകാതിരിക്കാൻ ഇവർക്കായി വാരാന്ത്യങ്ങളിൽ പ്രത്യേക ‘ക്യാച്ച്-അപ്പ് ക്ലാസുകൾ’ സർക്കാർ നടപ്പിലാക്കും.
സ്ത്രീകളുടെ തൊഴിൽ സുരക്ഷയും ക്ഷേമവും ഉറപ്പാക്കുന്നതിനായി ഒട്ടനവധി നിർദ്ദേശങ്ങളും നയപ്രഖ്യാപനത്തിലുണ്ട്. അസംഘടിത മേഖലയിൽ ജോലി ചെയ്യുന്ന സ്ത്രീകൾക്ക് ആറ് മാസത്തെ പ്രസവാവധി സർക്കാർ ഉറപ്പാക്കും. കൂടാതെ, ജോലിസ്ഥലങ്ങളിൽ സ്ത്രീകൾക്ക് തുല്യവേതനം നടപ്പിലാക്കുമെന്നും 50-ൽ കൂടുതൽ സ്ത്രീ ജീവനക്കാരുള്ള എല്ലാ സ്ഥാപനങ്ങളിലും ഡേ-കെയർ സെന്ററുകളും ക്രഷുകളും നിർബന്ധമാക്കുമെന്നും സർക്കാർ അറിയിച്ചു. കെ.എസ്.ആർ.ടി.സി ബസുകളിൽ സ്ത്രീകൾക്കുള്ള സൗജന്യ യാത്ര സ്ഥിരമായ അവകാശമാക്കുമെന്നും, കോളേജ് പഠനം നടത്തുന്ന പെൺകുട്ടികൾക്ക് വിദ്യാഭ്യാസ സഹായമായി പ്രതിമാസം 1000 രൂപ വീതം നൽകുമെന്നും നയപ്രഖ്യാപനത്തിൽ വ്യക്തമാക്കുന്നു.
വിദ്യാഭ്യാസ മേഖലയിൽ സമഗ്രമായ മാറ്റങ്ങൾ ലക്ഷ്യമിട്ടുള്ള പ്രഖ്യാപനങ്ങളും ഗവർണറുടെ പ്രസംഗത്തിലുണ്ട്. സംസ്ഥാനത്തെ ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളെ മികവിന്റെ കേന്ദ്രങ്ങളാക്കി മാറ്റും. കൂടാതെ, എല്ലാ ജില്ലകളിലും വിദ്യാർത്ഥികളുടെ എണ്ണത്തിനനുസരിച്ച് ആവശ്യത്തിന് പ്ലസ് വൺ സീറ്റുകൾ അനുവദിക്കുമെന്നും സർക്കാർ അറിയിച്ചു. കേരളത്തിന്റെ സാമൂഹികവും വിദ്യാഭ്യാസപരവുമായ മേഖലകളിൽ വലിയ മാറ്റങ്ങൾ കൊണ്ടുവരാൻ ലക്ഷ്യമിട്ടുള്ള സുപ്രധാന പ്രഖ്യാപനങ്ങളാണ് ഗവർണറുടെ ആദ്യ നയപ്രഖ്യാപന പ്രസംഗത്തിൽ ഉണ്ടായിരിക്കുന്നത്.



