തിരുവനന്തപുരം: ലഹരി മാഫിയക്കെതിരെ സംസ്ഥാനത്ത് പോലീസ് നടപ്പിലാക്കിവരുന്ന ‘ഓപ്പറേഷൻ തൂഫാൻ’ പദ്ധതി വൻ വിജയമാണെന്ന് മുൻ ആഭ്യന്തര മന്ത്രിയും മുതിർന്ന കോൺഗ്രസ് നേതാവുമായ രമേശ് ചെന്നിത്തല. ഇടുക്കി ശാന്തൻപാറ ഉൾപ്പെടെയുള്ള വിവിധ പ്രദേശങ്ങളിൽ ലഹരി വിൽപന കേന്ദ്രങ്ങൾക്കെതിരെ പോലീസ് നടത്തുന്ന ശക്തമായ നടപടികൾ സ്വാഗതാർഹമാണെന്നും അദ്ദേഹം വ്യക്തമാക്കി. ലഹരി കേസുകളിൽ ഉൾപ്പെടുന്ന പ്രതികൾ നിയമത്തിലെ ചില വിടവുകൾ ഉപയോഗിച്ച് കോടതികളിൽ നിന്ന് സ്റ്റേ വാങ്ങുന്നതും രക്ഷപ്പെടുന്നതും തടയാൻ നിലവിലുള്ള നിയമങ്ങളിൽ കർശനമായ മാറ്റങ്ങൾ വരേണ്ടതുണ്ട്. ഈ വിഷയത്തിൽ കൂടുതൽ ശക്തമായ നിയമനിർമ്മാണത്തിനും കേന്ദ്ര നിയമത്തിൽ ആവശ്യമായ ഭേദഗതികൾ വരുത്തുന്നതിനുമായി കേന്ദ്ര സർക്കാരിനെ സമീപിക്കുമെന്നും രമേശ് ചെന്നിത്തല അറിയിച്ചു.
ലഹരി മാഫിയകൾക്കെതിരെയുള്ള പോരാട്ടം ഏതെങ്കിലും ഒരു പ്രദേശത്ത് മാത്രം ഒതുങ്ങേണ്ടതല്ലെന്നും സംസ്ഥാനവ്യാപകമായി ഇത്തരം ശക്തമായ ജെ.സി.ബി പ്രയോഗങ്ങളും കർശന നടപടികളും തുടരണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. നിയമപരമായ സ്റ്റേ ഉത്തരവുകൾ മറികടന്ന് കൃത്യമായ റിപ്പോർട്ടുകൾ കോടതിയിൽ സമർപ്പിച്ചു ലഹരി വിൽപന കേന്ദ്രങ്ങൾ പൊളിച്ചുനീക്കാൻ കാണിച്ച പോലീസിന്റെ ആർജ്ജവം അഭിനന്ദനാർഹമാണ്. ഭാവി തലമുറയെ ലഹരിയുടെ വിപത്തിൽ നിന്നും രക്ഷിക്കാൻ ഭരണ-പ്രതിപക്ഷ ഭേദമന്യേ എല്ലാവരും ഒറ്റക്കെട്ടായി നിൽക്കേണ്ട സാഹചര്യമാണിതെന്നും, നിയമഭേദഗതിക്കായി ആവശ്യമെങ്കിൽ കേന്ദ്രത്തിൽ സമ്മർദ്ദം ചെലുത്താൻ തങ്ങൾ മുന്നിലുണ്ടാകുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.



