മഹാരാഷ്ട്രയിൽ കനത്തമഴ; ഭിത്തി തകർന്നുവീണ് മലയാളി വനിതയും മാൻഹോളിൽ വീണ് കാൽനടയാത്രക്കാരനും മരിച്ചു

മുംബൈ: മഹാരാഷ്ട്രയിൽ പരക്കെ പെയ്യുന്ന കനത്ത മഴയെത്തുടർന്നുണ്ടായ രണ്ട് വ്യത്യസ്ത അപകടങ്ങളിൽ മലയാളി വനിത ഉൾപ്പെടെ രണ്ട് പേർ മരണപ്പെട്ടു. പാൽഘറിലെ അയ്യപ്പക്ഷേത്രത്തിന് സമീപം അഗ്രിപാഡ ചാളിൽ താമസിച്ചിരുന്ന കോഴിക്കോട് ചങ്ങരോത്ത് കടിയങ്ങാട് സ്വദേശിനി റാബിയ (47), മുംബൈ നഗരത്തിൽ തുറന്നുകിടന്ന മാൻഹോളിൽ വീണ് കാൽനടയാത്രക്കാരനായ അസ്‌ലം ഷെയ്ഖ് (55) എന്നിവരാണ് മരിച്ചവർ. കോഴിക്കോട് തോട്ടത്തിൽ ഷബീർ സഈദിന്റെ ഭാര്യയായ റാബിയ, കനത്ത മഴ പെയ്യുന്നതിനിടെ വീടിന്റെ ഭിത്തിക്ക് സമീപം നിൽക്കുമ്പോൾ ഭിത്തി പെട്ടെന്ന് മേലേക്ക് തകർന്നുവീഴുകയായിരുന്നു. ഗുരുതരമായി പരുക്കേറ്റ ഇവർ സംഭവസ്ഥലത്തുവെച്ചുതന്നെ മരണപ്പെട്ടു. മൃതദേഹം ജന്മനാട്ടിലെത്തിച്ച് ഇന്ന് പനയങ്ങാട് ജുമാ മസ്ജിദ് കബർസ്ഥാനിൽ സംസ്കരിക്കും. വരും ദിവസങ്ങളിലും സംസ്ഥാനത്ത് കനത്ത മഴ തുടരുമെന്നാണ് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നൽകിയിരിക്കുന്നത്.

അതേസമയം, മുംബൈ നഗരമധ്യത്തിൽ തുറന്നുകിടന്ന മാൻഹോളിൽ വീണ് കാൽനടയാത്രക്കാരൻ മരിച്ച സംഭവം നഗരത്തിൽ വലിയ പ്രതിഷേധത്തിന് ഇടയാക്കിയിട്ടുണ്ട്. ഫോണിൽ സംസാരിച്ച് നടന്നുപോകുന്നതിനിടെയാണ് അസ്‌ലം ഷെയ്ഖ് മാൻഹോളിലേക്ക് വീണത്. മഴവെള്ളപ്പാച്ചിലിലെ ശക്തമായ ഒഴുക്കിൽപ്പെട്ട് ഇയാൾ പെട്ടെന്ന് തന്നെ ഒലിച്ചുപോവുകയായിരുന്നു. സമീപത്തുണ്ടായിരുന്ന തൊഴിലാളികൾ ഉടൻ തന്നെ രക്ഷാപ്രവർത്തനത്തിന് ശ്രമിച്ചെങ്കിലും ഇയാളുടെ ചെരിപ്പും കുടയും മാത്രമാണ് ആദ്യം കണ്ടെത്താനായത്. പിന്നീട് അഗ്നിരക്ഷാസേനയും ദുരന്തനിവാരണ സേനയും സംയുക്തമായി നടത്തിയ മണിക്കൂറുകൾ നീണ്ട തിരച്ചിലിനൊടുവിൽ പ്രത്യേക സുരക്ഷാ സജ്ജീകരണങ്ങളോടെ ഉള്ളിലേക്ക് ഇറങ്ങിയാണ് മൃതദേഹം പുറത്തെടുത്തത്.

ഈ ദാരുണ സംഭവത്തിന് പിന്നാലെ മുംബൈ മുനിസിപ്പൽ കോർപറേഷനെതിരെ കനത്ത ജനരോഷമാണ് ഉയരുന്നത്. മഴക്കാലത്ത് നഗരത്തിലെ മാൻഹോളുകൾ സുരക്ഷിതമായി മൂടിവെക്കണമെന്ന കർശന ചട്ടം കോർപറേഷൻ കാറ്റിൽപ്പറത്തിയെന്നാണ് പ്രധാന ആരോപണം. എന്നാൽ പ്രദേശത്ത് അറ്റകുറ്റപ്പണികൾ നടക്കുന്നതിനാലാണ് മാൻഹോളിന്റെ മൂടി താൽക്കാലികമായി തുറന്നതെന്നാണ് കോർപറേഷൻ നൽകുന്ന വിശദീകരണം. സംഭവത്തിൽ വീഴ്ച വരുത്തിയ കരാറുകാരനെതിരെ പൊലീസ് കേസെടുത്തിട്ടുണ്ടെന്നും കുറ്റക്കാർക്കെതിരെ ശക്തമായ നടപടി സ്വീകരിക്കുമെന്നും ഡപ്യൂട്ടി മേയർ സഞ്ജയ് ശങ്കർ ഘാഡി വ്യക്തമാക്കി.

 

Related Articles

- Advertisement -spot_img

Latest Articles