പാലക്കാട്: സി.എം.ആർ.എൽ – എക്സാലോജിക് മാസപ്പടി കേസിൽ എഫ്.ഐ.ആർ രജിസ്റ്റർ ചെയ്ത് അന്വേഷണം നടത്താൻ സർക്കാരിനെ വെല്ലുവിളിച്ച് സി.പി.എം കേന്ദ്രകമ്മിറ്റി അംഗം എ.കെ. ബാലൻ. കേസിൽ വിജിലൻസ് അന്വേഷണം വേണമെന്ന അഡ്വക്കേറ്റ് ജനറലിന്റെ (എ.ജി) നിയമോപദേശത്തിന് പിന്നാലെ പാലക്കാട് മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. എഫ്.ഐ.ആർ രജിസ്റ്റർ ചെയ്തില്ലെങ്കിൽ മുൻ മുഖ്യമന്ത്രി പിണറായി വിജയൻ കുറ്റക്കാരനല്ലെന്ന് തെളിയുമെന്നും, എന്നാൽ എഫ്.ഐ.ആർ ഇട്ടാൽ രമേശ് ചെന്നിത്തല ഉൾപ്പെടെയുള്ള പ്രതിപക്ഷ നേതാക്കൾ കൂടുതൽ കുടുങ്ങുമെന്നും ബാലൻ മുന്നറിയിപ്പ് നൽകി.
കഴിഞ്ഞ സർക്കാരിന്റെ കാലത്ത് വിജിലൻസ് നിയമപരിശോധന പൂർത്തിയാക്കിയ ആരോപണമാണിതെന്നും, പുതുതായി കേസെടുക്കാൻ എന്ത് തെളിവാണ് സർക്കാരിന്റെ കൈവശമുള്ളതെന്നും അദ്ദേഹം ചോദിച്ചു. ആര് വിചാരിച്ചാലും പിണറായിയെയും കുടുംബത്തെയും തകർക്കാനാകില്ലെന്നും അദ്ദേഹം കേരള രാഷ്ട്രീയത്തിൽ തിളങ്ങിത്തന്നെ നിൽക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. അതേസമയം, കേസിൽ ഇ.ഡി കൈമാറിയ രേഖകളുടെയും കത്തിൻറെയും അടിസ്ഥാനത്തിൽ അഴിമതി നിരോധന നിയമപ്രകാരം വിജിലൻസ് അന്വേഷണം നടത്താമെന്നാണ് എ.ജി ആഭ്യന്തര വകുപ്പിന് നിയമോപദേശം നൽകിയിരിക്കുന്നത്. പ്രാഥമിക അന്വേഷണം നടത്തിയോ അല്ലെങ്കിൽ നേരിട്ട് എഫ്.ഐ.ആർ രജിസ്റ്റർ ചെയ്തോ അന്വേഷണവുമായി മുന്നോട്ടുപോകാമെന്നും മുൻ ഉത്തരവുകൾ ഇതിന് തടസ്സമല്ലെന്നും എ.ജി വ്യക്തമാക്കിയിട്ടുണ്ട്.
പിണറായി വിജയനും എം.എൽ.എയുമായ പി.എ. മുഹമ്മദ് റിയാസിനുമെതിരെ വിജിലൻസ് അന്വേഷണത്തിന് വഴിതുറന്ന സാഹചര്യത്തിലാണ് ഭരണ-പ്രതിപക്ഷ ഭേദമന്യേ നേതാക്കൾ ഇതിൽ ഉൾപ്പെട്ടിട്ടുണ്ടെന്ന് ചൂണ്ടിക്കാട്ടി എ.കെ. ബാലൻ രംഗത്തെത്തിയത്. ഇതോടൊപ്പം മറ്റ് വിഷയങ്ങളിലും അദ്ദേഹം പ്രതികരിച്ചു. പി. ജയരാജനെയും എം.ബി. രാജേഷിനെയും സെക്രട്ടറിയേറ്റിൽ ഉൾപ്പെടുത്തിയത് വൈകിയിട്ടില്ലെന്നും ‘എല്ലാത്തിനും അതിന്റേതായ സമയമുണ്ട്’ എന്നും അദ്ദേഹം പറഞ്ഞു. ഫുട്ബോൾ താരം മെസ്സിയുടെ വരവുമായി ബന്ധപ്പെട്ട വിവാദങ്ങളിൽ സർക്കാരിന്റെ ഭാഗത്തുനിന്ന് വീഴ്ച ഉണ്ടായിട്ടില്ലെന്നും എൽ.ഡി.എഫ് സർക്കാരായിരുന്നെങ്കിൽ മെസ്സിയല്ല അതിനപ്പുറമുള്ളവർ വരുമായിരുന്നെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.



