ഗസ: ഗസയിലെ ‘യെല്ലോ ലൈൻ’ കടന്നു എന്നാരോപിച്ച് ഫലസ്തീൻ യുവാവിനെ ഇസ്രായേൽ സൈന്യം വെടിവെച്ചുകൊന്നു. ദക്ഷിണ ഗാസയിൽ പ്രവർത്തിക്കുന്ന ഗിവാതി ബ്രിഗേഡ് വിഭാഗത്തിലെ സൈനികരാണ് ആക്രമണം നടത്തിയത്. അതിർത്തി നിർണ്ണയ വരി കടന്ന് തങ്ങൾക്ക് ഉടനടി ഭീഷണിയാകുന്ന രീതിയിൽ അടുത്തേക്ക് വന്നതിനാലാണ് വെടിവെച്ചതെന്നാണ് ഇസ്രായേൽ സൈന്യത്തിന്റെ അവകാശവാദം. എന്നാൽ ഇതിന് തക്കതായ തെളിവുകളൊന്നും ഇസ്രായേൽ പുറത്തുവിട്ടിട്ടില്ല.
2025 ഒക്ടോബറിൽ പ്രാബല്യത്തിൽ വന്ന താത്കാലിക ‘വെടിനിർത്തൽ’ കരാറിന് ശേഷവും ഇസ്രായേൽ നടത്തുന്ന ആക്രമണങ്ങളിൽ ഇതുവരെ 1,200-ലധികം ഫലസ്തീനികളാണ് ഗസയിൽ കൊല്ലപ്പെട്ടത്. അതിർത്തി നിർണ്ണയിച്ചിരിക്കുന്ന മേഖലകൾക്ക് സമീപമെത്തുന്ന സിവിലിയന്മാർക്ക് നേരെ ഇസ്രായേൽ സൈന്യം നിരന്തരം വെടിയുതിർക്കുന്നത് കരാറിന്റെ ലംഘനമാണെന്ന് മനുഷ്യാവകാശ സംഘടനകളും പ്രാദേശിക സ്രോതസ്സുകളും ചൂണ്ടിക്കാട്ടുന്നു.



