ന്യൂഡൽഹി: 2026 ഫിഫ ലോകകപ്പ് ഫൈനൽ മത്സരത്തിന് പിന്നാലെ സ്പെയിൻ താരങ്ങളുമായി ഏറ്റുമുട്ടിയ അർജന്റീനയുടെ മധ്യനിര താരം ലിയാൻഡ്രോ പരേഡസിന് 10 അന്താരാഷ്ട്ര മത്സരങ്ങളിൽ ഫിഫ വിലക്കേർപ്പെടുത്തി. ഫൈനലിൽ സ്പെയിനോട് പരാജയപ്പെട്ടതിന് പിന്നാലെയുണ്ടായ സംഘർഷത്തിൽ സ്പാനിഷ് താരം എറിക് ഗാർസിയയുടെ കഴുത്തിൽ പിടിക്കുകയും ഗാവിയെ നിലത്തേക്ക് തള്ളിയിടുകയും ചെയ്തതിനാണ് ഫിഫയുടെ അച്ചടക്ക സമിതിയുടെ കടുത്ത നടപടി. ലോകകപ്പ് ഫൈനൽ കഴിഞ്ഞ് ഒരു മാസത്തിന് ശേഷമാണ് അച്ചടക്ക സമിതി ശിക്ഷാ നടപടികൾ ഔദ്യോഗികമായി പ്രഖ്യാപിച്ചത്.
പരേഡസിന് പുറമെ അർജന്റീനൻ താരങ്ങളായ നാഹ്വൽ മോളിനയ്ക്ക് ഏഴ് മത്സരങ്ങളുടെ വിലക്കും 90,000 ഡോളർ പിഴയും, തിയാഗോ അൽമാഡയ്ക്ക് ഒരു മത്സര വിലക്കും 30,000 ഡോളർ പിഴയും ചുമത്തിയിട്ടുണ്ട്. അർജന്റീനയുടെ സഹപരിശീലകൻ റോബർട്ടോ അയാലയ്ക്ക് മൂന്ന് മത്സരങ്ങളിൽ വിലക്ക് നേരിടണം. സ്പാനിഷ് താരം ഗാവിക്കും ഒരു മത്സര വിലക്കും 30,000 ഡോളർ പിഴയും വിധിച്ചു. നിലവിലെ അന്താരാഷ്ട്ര മത്സര കലണ്ടർ പ്രകാരം 10 മത്സരങ്ങൾ പൂർത്തിയാകാൻ 2027 ജൂൺ വരെ സമയമെടുക്കുമെന്നതിനാൽ പരേഡസിന് ഏകദേശം ഒരു വർഷത്തോളം ദേശീയ ടീമിൽ നിന്ന് പുറത്തിരിക്കേണ്ടി വരും. ഇത് അർജന്റീനയ്ക്ക് വലിയ തിരിച്ചടിയാണ്. കൂടാതെ, അച്ചടക്ക ലംഘനങ്ങളുടെ പേരിൽ അർജന്റീന ഫുട്ബോൾ അസോസിയേഷന് 3.21 ലക്ഷം ഡോളർ പിഴ ചുമത്തുകയും, അടുത്ത രണ്ട് ഹോം മത്സരങ്ങളിൽ സ്റ്റേഡിയം ശേഷിയുടെ 50 ശതമാനം ആളുകളെ മാത്രം പ്രവേശിപ്പിക്കാൻ നിയന്ത്രണം ഏർപ്പെടുത്തുകയും ചെയ്തിട്ടുണ്ട്.



