തിരുവനന്തപുരം: നിയമസഭയിലെ ഉപനേതൃപദവിയെ ചൊല്ലിയുള്ള തർക്കം ഇടത് മുന്നണിയിൽ പരസ്പരം ചെളിവാരിയെറിയലിലേക്കും പരസ്യ പോരിലേക്കും വഴിമാറുന്നു. മുഖ്യമന്ത്രി പിണറായി വിജയനെ കടന്നാക്രമിച്ച് സിപിഐ അസിസ്റ്റന്റ് സെക്രട്ടറി സത്യൻ മൊകേരി ‘ജനയുഗ’ത്തിൽ ലേഖനമെഴുതിയതിന് പിന്നാലെ സിപിഐക്കെതിരെ രൂക്ഷമായ പരിഹാസവും വിമർശനവുമായി സിപിഎം സെക്രട്ടേറിയറ്റംഗം സി.എൻ. മോഹനൻ രംഗത്തെത്തി. രണ്ട് ലക്ഷം വോട്ടുള്ള നിയമസഭാ മണ്ഡലങ്ങളിൽ അയ്യായിരം വോട്ട് കിട്ടുന്ന എത്ര മണ്ഡലങ്ങൾ സിപിഐക്കുണ്ടെന്ന് ചോദിച്ച അദ്ദേഹം, എപ്പോഴും മുന്നണിയിൽ വിലകുറഞ്ഞ സമ്മർദ്ദതന്ത്രം പ്രയോഗിക്കുന്ന പാർട്ടിയാണ് സിപിഐയെന്നും കുറ്റപ്പെടുത്തി.
കഴിഞ്ഞ തിരഞ്ഞെടുപ്പിൽ ‘പി.എം ശ്രീ’ വിപ്ലവായുധമാക്കി സർക്കാരിനെ അകത്തുനിന്ന് ആക്രമിച്ച് നാണംകെടുത്തുകയാണ് സിപിഐ ചെയ്തതെന്നും, ആ നിലപാടിന്റെ തുടർച്ചയാണ് നിയമസഭാ തോൽവിയെന്നും മോഹനൻ ആരോപിച്ചു. പ്രശ്നത്തിൽ ഇടപെടാൻ ശ്രമിച്ച സിപിഐ അഖിലേന്ത്യാ നേതൃത്വത്തെയും അദ്ദേഹം പരിഹസിച്ചു. സംസ്ഥാത്തെ കൊച്ചു കാര്യങ്ങൾക്ക് അഖിലേന്ത്യാ നേതാക്കൾ വാളെടുത്തിറങ്ങേണ്ടതില്ലെന്നായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം. മുന്നണി നേതൃത്വം നിശബ്ദത പാലിക്കുന്നതും മധ്യസ്ഥതയ്ക്ക് ശേഷിയില്ലാത്ത സാഹചര്യം നിലനിൽക്കുന്നതും തർക്കം കൂടുതൽ രൂക്ഷമാക്കുന്നുണ്ട്. സിപിഐയുടെ നിലപാടുകൾക്ക് സിപിഎമ്മിലെ ഒരു വിഭാഗത്തിന്റെ പരോക്ഷ പിന്തുണയുണ്ടെന്ന സൂചനകളും പുറത്തുവരുന്നുണ്ട്.



