ആഗോള ഊർജ്ജ വിപണി അട്ടിമറിക്കാൻ അമേരിക്ക ശ്രമിക്കുന്നു; രഹസ്യാന്വേഷണ റിപ്പോർട്ട് ചൂണ്ടിക്കാട്ടി ഇറാൻ

ടെഹ്‌റാൻ: ഡൊണാൾഡ് ട്രംപ് ഭരണകൂടത്തിലെ ചില ഉദ്യോഗസ്ഥർ സ്വന്തം നേട്ടങ്ങൾക്കായി ആഗോള ഊർജ്ജ വിപണികളെ സ്വാധീനിക്കാൻ ഇടപെടുന്നതായി ഇറാൻ വിദേശകാര്യ മന്ത്രി അബ്ബാസ് അരാഗ്ചി. ഇറാന്റെ രഹസ്യാന്വേഷണ വിഭാഗം നടത്തിയ അന്വേഷണത്തിലാണ് ഈ ഗുരുതരമായ വിവരങ്ങൾ കണ്ടെത്തിയതെന്ന് എക്‌സിലൂടെ അദ്ദേഹം വ്യക്തമാക്കി. വിശ്വസിക്കാൻ സാധിക്കാത്ത ചില മാധ്യമങ്ങളെ ദുരുപയോഗം ചെയ്താണ് അമേരിക്കൻ സർക്കാർ ഇത്തരം വിപണി അട്ടിമറികൾ നടത്തുന്നതെന്നും അദ്ദേഹം ആരോപിച്ചു.

യു.എസ് പ്രസിഡന്റ് തങ്ങൾ തോറ്റുകൊണ്ടിരിക്കുന്ന യുദ്ധത്തെ മറികടക്കാനും എണ്ണവില സ്വന്തം താല്പര്യങ്ങൾക്കനുസരിച്ച് ക്രമീകരിക്കാനുമാണ് ശ്രമിക്കുന്നത്. ഇസ്രായേൽ ബന്ധമുള്ള ചിലർ നൽകുന്ന റിപ്പോർട്ടുകൾ ഉയർത്തിക്കാട്ടി യുദ്ധത്തെ പ്രോത്സാഹിപ്പിക്കാനാണ് നീക്കം. ഇത്തരത്തിലുള്ള സാമ്പത്തിക പ്രത്യാഘാതങ്ങളുടെ ദുരിതം നിലവിൽ അമേരിക്കൻ ഉപഭോക്താക്കൾ തന്നെയാണ് അനുഭവിക്കുന്നതെന്നും അരാഗ്ചി കൂട്ടിച്ചേർത്തു. അതേസമയം, താൻ ഉന്നയിച്ച ആരോപണങ്ങൾക്ക് ആധാരമായ തെളിവുകളോ മറ്റ് റിപ്പോർട്ടുകളോ അദ്ദേഹം എക്സ് പോസ്റ്റിൽ പങ്കുവെച്ചിട്ടില്ല.

യു.എസ്-ഇസ്രായേൽ സഖ്യവും ഇറാനും തമ്മിൽ ആരംഭിച്ച യുദ്ധം ആഗോള ഊർജ്ജ വിപണിയെ കടുത്ത പ്രതിസന്ധിയിലാക്കിയിട്ടുണ്ട്. തന്ത്രപ്രധാനമായ ഹോർമുസ് കടലിടുക്കിലൂടെയുള്ള കപ്പൽ ഗതാഗതം യുദ്ധത്തെ തുടർന്ന് സ്തംഭിച്ചിരുന്നു. മുൻപ് ഒരു ഇടക്കാല ധാരണാപത്രത്തിന്റെ അടിസ്ഥാനത്തിൽ ഹോർമുസ് കടലിടുക്ക് വീണ്ടും തുറന്നുകൊടുത്തിരുന്നെങ്കിലും, യു.എസ് കരാർ ലംഘിച്ച് വീണ്ടും സംഘർഷത്തിലേക്ക് നീങ്ങിയതോടെ ഇറാൻ ഗതാഗതം പുനഃസ്ഥാപിക്കുന്നത് തടയുകയായിരുന്നു. അമേരിക്ക ധാരണാപത്രത്തിലെ വ്യവസ്ഥകൾ പാലിച്ചാൽ മാത്രമേ ഹോർമുസ് കടലിടുക്കിലെ തടസ്സങ്ങൾ നീക്കൂ എന്നും ഇറാൻ വ്യക്തമാക്കിയിട്ടുണ്ട്.

Related Articles

- Advertisement -spot_img

Latest Articles