ദമ്മാം: സൗദി അറേബ്യയിൽ വാഹനം ഒട്ടകക്കൂട്ടത്തിലിടിച്ചുണ്ടായ ദാരുണാപകടത്തിൽ ഇന്ത്യക്കാരൻ ഉൾപ്പെടെ മൂന്ന് പേർ മരിച്ചു. കിഴക്കൻ പ്രവിശ്യയിലെ സൗദി-ഖത്തർ അതിർത്തിക്ക് സമീപം അൽ ഹസ – സൽവ റോഡിൽ ഞായറാഴ്ച പുലർച്ചെയോടെയായിരുന്നു അപകടം. സ്വകാര്യ കൺസ്ട്രക്ഷൻ കമ്പനിയിലെ ജീവനക്കാർ സഞ്ചരിച്ചിരുന്ന പിക്കപ്പ് വാൻ റോഡിലുണ്ടായിരുന്ന ഒട്ടകക്കൂട്ടത്തിലേക്ക് ഇടിച്ചുകയറുകയായിരുന്നു. ഇടിയുടെ ആഘാതത്തിൽ വാഹനം പൂർണ്ണമായും തകർന്നു.
തെലങ്കാന ഹൈദരാബാദ് സ്വദേശിയായ ഗംഗാരജം സുനഗപക്ക (52), പാകിസ്താൻ സ്വദേശികളായ ഹസൻ അക്തർ അസീസുറഹ്മാൻ (49), റിസ്വാൻ അലി ഷേർറഹ്മാൻ (47) എന്നിവരാണ് സംഭവസ്ഥലത്തുതന്നെ മരണപ്പെട്ടത്. വാഹനത്തിലുണ്ടായിരുന്ന ബംഗ്ലാദേശ് സ്വദേശിയായ നാലാമത്തെ ജീവനക്കാരനെ ഗുരുതര പരിക്കുകളോടെ സമീപത്തെ ആശുപത്രി തീവ്രപരിചരണ വിഭാഗത്തിൽ പ്രവേശിപ്പിച്ചു.
അൽ ഹസയിലെ കമ്പനി പ്രവൃത്തികൾ പൂർത്തിയാക്കി ദിവസങ്ങൾക്കകം റിയാദിലേക്ക് മടങ്ങാനിരിക്കെയാണ് ദാരുണമായ ദുരന്തം സംഭവിച്ചത്. മരണപ്പെട്ട ഇന്ത്യക്കാരന്റെ മൃതദേഹം നാട്ടിലെത്തിക്കുന്നതുമായി ബന്ധപ്പെട്ട നിയമനടപടികൾ ഒ.ഐ.സി.സി വെൽഫെയർ വിഭാഗം ഭാരവാഹി പ്രസാദ് കരുനാഗപ്പള്ളിയുടെ നേതൃത്വത്തിൽ പുരോഗമിക്കുകയാണ്.



