പ്രജ്വൽ രേവണ്ണ ജയിലിൽ ഉപയോഗിച്ച ഫോണിൽ നിന്നും അശ്ലീല ദൃശ്യങ്ങൾ കണ്ടെത്തി; എഫ്.എസ്.എൽ റിപ്പോർട്ട് പുറത്ത്

ബെംഗളൂരു: ബലാത്സംഗ കേസിൽ ജീവപര്യന്തം തടവുശിക്ഷ അനുഭവിച്ച് ജയിലിൽ കഴിയുന്ന മുൻ ജെ.ഡി.എസ് എം.പി പ്രജ്വൽ രേവണ്ണ ഉപയോഗിച്ച മൊബൈൽ ഫോണിൽനിന്ന് നിരവധി അശ്ലീല വീഡിയോകൾ കണ്ടെത്തിയതായി ഫോറൻസിക് പരിശോധനാ റിപ്പോർട്ട്. ഓഗസ്റ്റ് 11-ന് പരപ്പന അഗ്രഹാര സെൻട്രൽ ജയിലിലെ ഉയർന്ന സുരക്ഷാ ബാരക്കിൽ നടത്തിയ സർപ്രൈസ് പരിശോധനയിലാണ് രേവണ്ണയുടെ പക്കൽനിന്ന് മൊബൈൽ ഫോണും പെൻഡ്രൈവും ജയിൽ അധികൃതർ പിടിച്ചെടുത്തത്. തുടർന്ന് ഫോറൻസിക് സയൻസ് ലബോറട്ടറിയിലേക്ക് (FSL) അയച്ച ഈ ഡിജിറ്റൽ തെളിവുകൾ പരിശോധിച്ചപ്പോഴാണ് ഫോണിൽ നിന്ന് അശ്ലീല വീഡിയോകളും പെൻഡ്രൈവിൽ നിന്ന് വെബ് സീരീസുകളും കണ്ടെത്തിയത്.

മുൻ പ്രധാനമന്ത്രി എച്ച്.ഡി. ദേവഗൗഡയുടെ കൊച്ചുമകനും കേന്ദ്രമന്ത്രി എച്ച്.ഡി. കുമാരസ്വാമിയുടെ അനന്തരവനുമായ പ്രജ്വൽ രേവണ്ണ, സ്വന്തം ഫാംഹൗസിലെ വീട്ടുജോലിക്കാരിയായ 48-കാരിയെ ബലാത്സംഗം ചെയ്യുകയും ദൃശ്യങ്ങൾ പകർത്തി ഭീഷണിപ്പെടുത്തുകയും ചെയ്ത കേസിൽ കുറ്റക്കാരനാണെന്ന് കണ്ടെത്തിയാണ് കഴിഞ്ഞ വർഷം ജീവപര്യന്തം തടവിന് ശിക്ഷിക്കപ്പെട്ടത്. നിലവിൽ പരപ്പന അഗ്രഹാര സെൻട്രൽ ജയിലിൽ കഴിയുന്ന അദ്ദേഹത്തിന്റെ സെല്ലിൽ നിന്ന് സ്മാർട്ട്ഫോൺ കണ്ടെടുത്ത സംഭവം ‘വി.ഐ.പി’ തടവുകാർക്ക് ജയിലിനുള്ളിൽ ലഭിക്കുന്ന അനാവശ്യ സുഖസൗകര്യങ്ങളെച്ചൊല്ലി വലിയ വിവാദങ്ങൾക്ക് വഴിവെച്ചിട്ടുണ്ട്. സംഭവത്തിൽ വീഴ്ചവരുത്തിയ ഒരു ജയിൽ ഉദ്യോഗസ്ഥനെ മുൻപ് സസ്‌പെൻഡ് ചെയ്തിരുന്നു. വി.ഐ.പി തടവുകാരന് ജയിലിനുള്ളിലേക്ക് മൊബൈൽ ഫോണും പെൻഡ്രൈവും എത്തിയത് സംബന്ധിച്ച് ഉന്നതതല അന്വേഷണം പുരോഗമിക്കുകയാണ്.

Related Articles

- Advertisement -spot_img

Latest Articles