സനാ: യെമനിലെ തന്ത്രപ്രധാനമായ മോഖ നഗരവും ബാബ് അൽ-മന്ദേബ് കടലിടുക്കിന് സമീപമുള്ള തെക്കൻ പ്രദേശങ്ങളും ഹൂതികളിൽ നിന്ന് തിരിച്ചുപിടിക്കുന്നതിനായി സഖ്യ സേനയും അന്താരാഷ്ട്രതലത്തിൽ അംഗീകരിക്കപ്പെട്ട യെമൻ സർക്കാരും പ്രത്യാക്രമണം ശക്തമാക്കി. ഇതിന്റെ ഭാഗമായി സൗദി വ്യോമസേന ഹൂതി കേന്ദ്രങ്ങൾക്കും അടുത്തിടെ പിടിച്ചെടുത്ത പ്രദേശങ്ങൾക്കും നേരെ കനത്ത വ്യോമാക്രമണം നടത്തി. അതേസമയം, സഖ്യസേനയുടെ പ്രത്യാക്രമണം മുൻകൂട്ടി കണ്ട് ഹൂതികൾ ശക്തമായ പ്രതിരോധ സംവിധാനങ്ങളാണ് ഒരുക്കിയിട്ടുള്ളത്. തങ്ങളുടെ ആയുധങ്ങളും റോക്കറ്റ് ലോഞ്ചറുകളും എയർ ഡിഫൻസ് റഡാറുകളും രഹസ്യകേന്ദ്രങ്ങളിൽ ഒളിപ്പിച്ചുവെച്ച് പോരാടുന്ന ഹൂതികളുടെ ‘സ്റ്റെൽത്ത് യുദ്ധമുറ’ (Stealth warfare tactics) സഖ്യസേനയ്ക്ക് വലിയ വെല്ലുവിളി ഉയർത്തുന്നുണ്ട്.
മുൻപ് അമേരിക്കയും ഇസ്രായേലും ഹൂതികളുടെ സൈനിക ശേഷിയും ബാലസ്റ്റിക് മിസൈൽ ആക്രമണങ്ങളും തടയാൻ ശ്രമിച്ചപ്പോഴും, ഹൂതികളുടെ ഈ ഒളിപ്പോര് തന്ത്രങ്ങൾ കാരണം വ്യോമാക്രമണങ്ങൾ ഭാഗികമായി പരാജയപ്പെടുകയായിരുന്നു. വ്യാഴാഴ്ച ഹൂതികൾ പിടിച്ചെടുത്ത പ്രധാന ആയുധശേഖരവും ഏറ്റവും വലിയ സൈനിക താവളവും തിരിച്ചുപിടിക്കുക എന്നത് സഖ്യസേനയ്ക്ക് നിർണ്ണായകമാണ്. ഇതിനായി രാജ്യത്തിന്റെ തെക്കൻ മേഖലയിൽ കൂടുതൽ ശക്തമായ സൈനിക വിന്യാസവും വൻകിട കരയുദ്ധവും ആവശ്യമായി വരും. നഷ്ടപ്പെട്ട തന്ത്രപ്രധാനമായ ഭൂപ്രദേശങ്ങൾ പൂർണ്ണമായി വീണ്ടെടുക്കുന്നതുവരെ ശക്തമായ സൈനിക നീക്കങ്ങളുമായി മുന്നോട്ടുപോകാനാണ് യെമൻ സർക്കാരിന്റെയും സഖ്യത്തിന്റെയും തീരുമാനം.



