ന്യൂഡൽഹിയിൽ ബ്രിക്സ് ഉച്ചകോടിക്ക് നാളെ തുടക്കം; ഇറാൻ യുദ്ധവും ആഗോള പ്രതിസന്ധികളും വലിയ പരീക്ഷണം

ന്യൂഡൽഹി: ആഗോളതലത്തിലെ കടുത്ത രാഷ്ട്രീയ-സാമ്പത്തിക പ്രതിസന്ധികൾക്കും പശ്ചിമേഷ്യയിലെ യുദ്ധാന്തരീക്ഷത്തിനുമിടയിൽ നിർണ്ണായകമായ ബ്രിക്സ് ഉച്ചകോടിക്ക് ഇന്ത്യ ആതിഥേയത്വം വഹിക്കുന്നു. സെപ്റ്റംബർ 12, 13 തീയതികളിൽ ന്യൂഡൽഹിയിലെ ഭാരത് മണ്ഡപത്തിലാണ് രണ്ടു ദിവസത്തെ ഉച്ചകോടി നടക്കുന്നത്. ഇറാൻ-യു.എൻ.ഇ സംഘർഷവും മിഡിൽ ഈസ്റ്റിലെ യുദ്ധ സാഹചര്യങ്ങളും ബ്രിക്സ് കൂട്ടായ്മയുടെ ഐക്യത്തിന് കടുത്ത പരീക്ഷണമായി മാറിയിരിക്കുകയാണ്.

യു.എസും ഇസ്രായേലും ഇറാനുനേരെ നടത്തിയ ആക്രമണങ്ങളെ തുടർന്ന് ആഗോള എണ്ണവ്യാപാരത്തിന്റെ നിർണ്ണായക പാതയായ ഹോർമുസ് കടലിടുക്ക് സ്തംഭിക്കുകയും, ക്രൂഡ് ഓയിൽ വില ബാരലിന് 100 ഡോളറിന് മുകളിലേക്ക് ഉയരുകയും ചെയ്തിരുന്നു. ഇത് അംഗരാജ്യങ്ങൾക്കിടയിൽ ഭിന്നത രൂക്ഷമാക്കാൻ കാരണമായിട്ടുണ്ട്. പശ്ചിമേഷ്യൻ വിഷയത്തിൽ ഇറാനും യു.എഇയും തമ്മിലുള്ള അഭിപ്രായവ്യത്യാസങ്ങൾ കാരണം മുൻപ് വിദേശകാര്യ മന്ത്രിമാരുടെ യോഗത്തിൽ സംയുക്ത പ്രസ്താവന പുറത്തിറക്കാൻ കഴിയാതെ വന്നിരുന്നു. അതിനാൽ, ഈ ഉച്ചകോടിയിൽ സമവായത്തിലെത്തി ഒരു സംയുക്ത പ്രഖ്യാപനം പുറത്തിറക്കുക എന്നത് വലിയൊരു വെല്ലുവിളിയാണ്.

ആഗോളതലത്തിലുള്ള ഭൗമരാഷ്ട്രീയ സംഘർഷങ്ങളും വിതരണ ശൃംഖലയിലെ തടസ്സങ്ങളും നേരിടാൻ കൂട്ടായ സഹകരണം ഉറപ്പാക്കുക, ബ്രിക്സ് രാജ്യങ്ങൾ തമ്മിലുള്ള വ്യാപാരം, നിക്ഷേപം, ഉന്നത സാങ്കേതികവിദ്യ, കണക്റ്റിവിറ്റി എന്നിവ ശക്തിപ്പെടുത്തുക, ഉൾക്കൊള്ളലോട് കൂടിയ ആഗോള ഭരണസംവിധാനങ്ങളും ബഹുമുഖവാദവും ശക്തിപ്പെടുത്തുക എന്നിവയാണ് ഉച്ചകോടിയുടെ പ്രധാന അജണ്ടകൾ.

ഏഴ് വർഷത്തിന് ശേഷം ചൈനീസ് പ്രസിഡന്റ് ഷി ജിൻപിങ് ഇന്ത്യ സന്ദർശിക്കുന്നു എന്നത് ഉച്ചകോടിയുടെ വലിയൊരു പ്രത്യേകതയാണ്. റഷ്യൻ പ്രസിഡന്റ് വ്‌ലാഡിമിർ പുടിൻ, ഇറാൻ പ്രസിഡന്റ് മസൗദ് പെസെഷ്കിയൻ തുടങ്ങിയ പ്രമുഖ ലോകനേതാക്കളും ഉച്ചകോടിയിൽ പങ്കെടുക്കുന്നുണ്ട്. ഉച്ചകോടിക്കിടെ പ്രധാനമന്ത്രി നരേന്ദ്ര മോദി ചൈനീസ്, റഷ്യൻ നേതാക്കളുമായി ഉഭയകക്ഷി ചർച്ചകൾ നടത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്. ബ്രസീൽ, റഷ്യ, ഇന്ത്യ, ചൈന, ദക്ഷിണാഫ്രിക്ക എന്നീ രാജ്യങ്ങളുമായാണ് ബ്രിക്സ് തുടക്കമിട്ടതെങ്കിലും പിന്നീട് ഈജിപ്ത്, എത്യോപ്യ, ഇറാൻ, യു.എഇ, ഇന്തോനേഷ്യ തുടങ്ങിയ രാജ്യങ്ങളിലേക്ക് കൂടി വ്യാപിച്ച് ആഗോള ദക്ഷിണമേഖലയുടെ ശക്തമായ ശബ്ദമായി മാറിക്കൊണ്ടിരിക്കുകയാണ്. എങ്കിലും, അംഗരാജ്യങ്ങൾ തമ്മിലുള്ള ഭിന്നതകൾ പരിഹരിച്ച് കൂട്ടായ്മയുടെ ഐക്യം നിലനിർത്താൻ കഴിഞ്ഞാൽ ഇന്ത്യക്ക് ഈ ഉച്ചകോടി നിർണ്ണായക വഴിത്തിരിവായി മാറും.

Related Articles

- Advertisement -spot_img

Latest Articles