സൗദിക്ക് നേരെ ഹൂതികളുടെ ആക്രമണം: ഭീകരാക്രമണമെന്ന് ജി.സി.സി; ശക്തമായ അമർഷവും പ്രതിഷേധവും

ജിദ്ദ: സൗദിയുടെ തെക്കൻ നഗരങ്ങളെയും സിവിലിയൻ-സാമ്പത്തിക കേന്ദ്രങ്ങളെയും ലക്ഷ്യമിട്ട് ഹൂതി വിമതർ നടത്തിയ മിസൈൽ-ഡ്രോൺ ആക്രമണത്തെ അതിശക്തമായി അപലപിച്ച് ഗൾഫ് സഹകരണ കൗൺസിലും (GCC) വിവിധ അറബ്-അന്താരാഷ്ട്ര രാജ്യങ്ങളും. സ്ത്രീകളും കുട്ടികളും ഉൾപ്പെടെ 73 പേർക്ക് പരിക്കേൽക്കുകയും വ്യാപക നാശനഷ്ടങ്ങൾ സംഭവിക്കുകയും ചെയ്ത ആക്രമണം അന്താരാഷ്ട്ര നിയമങ്ങളുടെയും മാനദണ്ഡങ്ങളുടെയും നഗ്നമായ ലംഘനമാണെന്ന് ജി.സി.സി സെക്രട്ടറി ജനറൽ ജാസെം മുഹമ്മദ് അൽ ബൂദൈവി വ്യക്തമാക്കി.

സിവിലിയൻ കേന്ദ്രങ്ങൾ ആക്രമിക്കുന്നത് യാതൊരു ന്യായീകരണവുമില്ലാത്ത ഭീകരപ്രവർത്തനമാണെന്നും അക്രമികൾക്കും അവർക്ക് പിന്തുണ നൽകുന്നവർക്കും എതിരെ ശക്തമായ നടപടി സ്വീകരിക്കണമെന്നും അദ്ദേഹം അന്താരാഷ്ട്ര സമൂഹത്തോട് ആവശ്യപ്പെട്ടു. സൗദിയുടെ സുരക്ഷയും പരമാധികാരവും സംരക്ഷിക്കാൻ എടുക്കുന്ന എല്ലാ നടപടികൾക്കും ജി.സി.സി അംഗരാജ്യങ്ങളുടെ പൂർണ്ണ പിന്തുണ പ്രഖ്യാപിക്കുകയും ചെയ്തു.ഹൂതികളുടെ ആക്രമണത്തിൽ വിവിധ രാജ്യങ്ങൾ സൗദി അറേബ്യയ്ക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ച് രംഗത്തെത്തി:

കുവൈറ്റ് & യു.എ.ഇ: സൗദിയുടെ പരമാധികാരത്തിന്മേലുള്ള കടന്നുകയറ്റത്തെയും ചെങ്കടലിലെ വാണിജ്യ കപ്പലുകൾക്ക് നേരെ നടക്കുന്ന ആക്രമണങ്ങളെയും കുവൈറ്റും യു.എ.ഇയും അപലപിച്ചു. ആഗോള ഊർജ്ജ വിതരണത്തിനും നാവിക സുരക്ഷയ്ക്കും ഹൂതികൾ വലിയ ഭീഷണിയാണെന്ന് ഇരു രാജ്യങ്ങളും വ്യക്തമാക്കി.

ഈജിപ്ത്, ഖത്തർ, ബഹ്‌റൈൻ: സൗദിയുടെ സുരക്ഷയും സ്ഥിരതയും തകർക്കാനുള്ള നീക്കങ്ങളെ ചെറുക്കുമെന്ന് ഈജിപ്തും, ഭീരുത്വം നിറഞ്ഞ ആക്രമണമെന്ന് ഖത്തറും വ്യക്തമാക്കി. സൗദിയുടെ പ്രതിരോധ നടപടികൾക്ക് ബഹ്‌റൈൻ പൂർണ്ണ പിന്തുണ അറിയിച്ചു.

ലെബനൻ: സൗദിയുടെ സുരക്ഷ ലെബനന്റെയും മുഴു അറബ് മേഖലയുടെയും സുരക്ഷയുടെ ഭാഗമാണെന്ന് ലെബനൻ പ്രസിഡന്റ് ജനറൽ ജോസഫ് ഔൺ പ്രസ്താവിച്ചു. പ്രകോപനപരമായ ആക്രമണത്തെ അതിശക്തമായി അപലപിച്ച അദ്ദേഹം പരിക്കേറ്റവർക്ക് ആശ്വാസം നേർന്നു.

പാകിസ്താൻ: ഹൂതികളുടെ ഭീരുത്വം നിറഞ്ഞ ആക്രമണത്തെ കടുത്ത ഭാഷയിൽ അപലപിക്കുന്നതായി പാകിസ്താൻ പ്രധാനമന്ത്രി ശഹബാസ് ശരീഫ് എക്സിൽ കുറിച്ചു. സൽമാൻ രാജാവിനും കിരീടാവകാശി മുഹമ്മദ് ബിൻ സൽമാനും സൗദി ജനതയ്ക്കും പാകിസ്താന്റെ വറ്റാത്ത ഐക്യദാർഢ്യം അദ്ദേഹം വാഗ്ദാനം ചെയ്തു.

സുഡാൻ: സൗദി ജനതയുടെയും പ്രദേശത്തിന്റെയും സുരക്ഷ തകർക്കുന്ന നീക്കങ്ങൾക്കെതിരെ സൗദി ഭരണകൂടം സ്വീകരിക്കുന്ന ഏത് നിയമപരമായ സൈനിക പ്രതിരോധ നടപടികൾക്കും സുഡാൻ വിദേശകാര്യ മന്ത്രാലയം പിന്തുണ പ്രഖ്യാപിച്ചു. മേഖലയിലെ സമാധാന ശ്രമങ്ങളെ പാടെ തള്ളിക്കളയുന്ന നിലപാടാണ് ഹൂതികൾ തുടർച്ചയായി സ്വീകരിക്കുന്നതെന്ന് അന്താരാഷ്ട്ര സമൂഹം ഒറ്റക്കെട്ടായി വിലയിരുത്തി

Related Articles

- Advertisement -spot_img

Latest Articles