ഹഫർ അൽ ബാത്തിനിൽ ആത്മഹത്യ ചെയ്ത പ്രവാസിയുൾപ്പെടെ രണ്ട് പേരുടെ മൃതദേഹങ്ങൾ നാട്ടിലെത്തിച്ചു

ഹഫർ അൽ ബാത്തിൻ: സൗദി അറേബ്യയിലെ ഹഫർ അൽ ബാത്തിനിൽ മരണപ്പെട്ട ഉത്തർപ്രദേശ് സ്വദേശികളായ രണ്ട് പ്രവാസികളുടെ മൃതദേഹങ്ങൾ നിയമനടപടികൾ പൂർത്തിയാക്കി നാട്ടിലെത്തിച്ചു. 54കാരനായ അബ്ദുൽ കലാം സത്താറിന്റെയും 43കാരനായ രാജേന്ദ്ര കുമാറിന്റെയും മൃതദേഹങ്ങളാണ് ലക്നൗ വിമാനത്താവളത്തിൽ എത്തിച്ചത്.

സൗദിയിൽ വർഷങ്ങളായി ഡ്രൈവറായി ജോലി ചെയ്തിരുന്ന അബ്ദുൽ കലാം സത്താർ പത്ത് വർഷത്തോളമായി നാട്ടിൽ പോയിരുന്നില്ല. അടുത്ത മാസം മകളുടെ വിവാഹനിശ്ചയ ചടങ്ങിൽ പങ്കെടുക്കുന്നതിനായി നാട്ടിലേക്ക് പോകാനിരിക്കെയാണ് ദാരുണമായ മരണം സംഭവിച്ചത്. ദിബിയ പ്രദേശത്ത് വാഹനത്തിന്റെ ക്യാബിന്റെ പിൻവശത്ത് തൂങ്ങിമരിച്ച നിലയിലാണ് അബ്ദുൽ കലാം സത്താറിനെ കണ്ടെത്തിയത്. സംഭവത്തിൽ പോലീസ് അന്വേഷണം നടത്തി. പോസ്റ്റ്മോർട്ടം, ഫോറൻസിക് പരിശോധനകൾ ഉൾപ്പെടെയുള്ള നടപടികൾ പൂർത്തിയാക്കിയതിനെ തുടർന്ന് മരണം ആത്മഹത്യയാണെന്ന് അധികൃതർ സ്ഥിരീകരിച്ചു.

മൃതശരീരം നാട്ടിലെത്തിക്കുന്നതിനുള്ള ചെലവ് സ്പോൺസർ വഹിക്കാൻ തയ്യാറാകാതിരുന്നതിനെ തുടർന്ന് കുടുംബം ഇന്ത്യൻ എംബസിയുടെ സഹായം തേടി. തുടർന്ന് എംബസി ഇടപെട്ട് എംബാമിംഗ് ഉൾപ്പെടെയുള്ള ആവശ്യമായ ചെലവുകൾ ഏറ്റെടുത്ത് മൃതദേഹം നാട്ടിലെത്തിക്കുന്നതിനുള്ള നടപടികൾ പൂർത്തിയാക്കി. അതേസമയം, സൗദിയിലെത്തിയിട്ട് ഏകദേശം ആറ് മാസം മാത്രമായിരുന്ന രാജേന്ദ്ര കുമാർ കിംഗ് ഖാലിദ് മിലിറ്ററി ക്യാമ്പിനുള്ളിലെ റൂമിൽ വെച്ച് ഹൃദയാഘാതത്തെ തുടർന്നാണ് മരണപ്പെട്ടത്.

ഇരുവരുടെയും മൃതദേഹങ്ങൾ നാട്ടിലെത്തിക്കുന്നതി നുള്ള നിയമനടപടികൾ ഇന്ത്യൻ എംബസിയുടെ സഹകരണത്തോടെ ഒ.ഐ.സി.സി ഹഫർ അൽ ബാത്തിൻ പ്രസിഡന്റ് വിബിൻ മറ്റത്ത് പൂർത്തിയാക്കി. നടപടികൾ പൂർത്തിയാക്കിയ ശേഷം മൃതദേഹങ്ങൾ ലക്നൗ വിമാനത്താവളത്തിൽ ബന്ധുക്കൾക്ക് കൈമാറി. തുടർന്ന് ബന്ധുക്കൾ മൃതദേഹങ്ങൾ സ്വദേശങ്ങളിലേക്ക് കൊണ്ടുപോയി സംസ്കസരിച്ചു. പ്രവാസികളുടെ മരണത്തെ തുടർന്ന് കുടുംബങ്ങൾ നേരിടുന്ന നിയമപരവും സാമ്പത്തികപരവുമായ ബുദ്ധിമുട്ടുകൾക്കിടയിൽ ഇന്ത്യൻ എംബസിയുടെ സമയോചിതമായ ഇടപെടൽ മൃതദേഹങ്ങൾ നാട്ടിലെത്തിക്കുന്നതിന് നിർണായക സഹായമായി.

Related Articles

- Advertisement -spot_img

Latest Articles