റിയാദ്: ഇസ്രായേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു ദക്ഷിണ സിറിയൻ അതിർത്തി മേഖലയിൽ നടത്തിയ സൈനിക സന്ദർശനത്തെ രൂക്ഷമായി അപലപിച്ച് സൗദി അറേബ്യ. സിറിയൻ പ്രദേശത്തേക്കുള്ള നെതന്യാഹുവിന്റെ അനധികൃത പ്രവേശനം അന്താരാഷ്ട്ര നിയമങ്ങളുടെയും സിറിയയുടെ പരമാധികാരത്തിന്റെയും പ്രാദേശിക അഖണ്ഡതയുടെയും നഗ്നമായ ലംഘനമാണെന്ന് സൗദി വിദേശകാര്യ മന്ത്രാലയം പ്രസ്താവനയിൽ വ്യക്തമാക്കി. ഡിഫൻസ് മിനിസ്റ്റർ ഇസ്രായേൽ കാറ്റ്സിനൊപ്പം (Israel Katz) ഹെർമോൺ മലനിരകളുടെ (Mount Hermon) സിറിയൻ ഭാഗത്തുള്ള സൈനിക താവളങ്ങളിലാണ് നെതന്യാഹു സന്ദർശനം നടത്തിയത്.
മൗണ്ട് ഹെർമോൺ മുതൽ യാർമുക് നദി വരെയുള്ള മേഖലയിൽ ഇസ്രായേൽ പൂർണ്ണ നിയന്ത്രണം ഉറപ്പാക്കിയിട്ടുണ്ടെന്നും ദക്ഷിണ സിറിയയിൽ നിന്ന് തങ്ങളുടെ സൈന്യം പിന്മാറില്ലെന്നും നെതന്യാഹുവും പ്രതിരോധ മന്ത്രിയും പ്രഖ്യാപിച്ചു. സിറിയൻ പ്രസിഡന്റ് അഹമ്മദ് അൽ-ഷറയെ അഭിസംബോധന ചെയ്തുകൊണ്ട്, തങ്ങൾ സുരക്ഷാ മേഖലയിൽ നിലയുറപ്പിച്ചിരിക്കുകയാണെന്നും ഇവിടെ നിന്ന് മാറാൻ ഉദ്ദേശിക്കുന്നില്ലെന്നും ഇസ്രായേൽ കാറ്റ്സ് വീഡിയോ സന്ദേശത്തിലൂടെ മുന്നറിയിപ്പ് നൽകി. സന്ദർശനത്തെ കടുത്ത ഭാഷയിൽ അപലപിച്ച സിറിയൻ വിദേശകാര്യ മന്ത്രാലയം, ഇസ്രായേലിന്റെ ഈ നടപടി മേഖലയിലെ സുരക്ഷയെ തകർക്കുന്ന അപകടകരമായ പ്രകോപനമാണെന്ന് ആവർത്തിച്ചു.
സിറിയയിലെ ഇസ്രായേൽ കടന്നുകയറ്റങ്ങൾ ഉടനടി നിർത്തിവെക്കണമെന്നും 1974-ലെ യു.എൻ സൈനിക വിഭജന കരാർ പാലിക്കാൻ ഇസ്രായേലിന് മേൽ സമ്മർദ്ദം ചെലുത്തണമെന്നും സൗദിയും സിറിയയും അന്താരാഷ്ട്ര സമൂഹത്തോടും യു.എന്നിനോടും ആവശ്യപ്പെട്ടു. 2024 ഡിസംബറിൽ ബശ്ശാർ അൽ അസദ് ഭരണകൂടത്തിന്റെ വീഴ്ചയ്ക്ക് പിന്നാലെ താത്കാലിക സുരക്ഷാ മുൻകരുതൽ എന്ന പേരിൽ സിറിയൻ അതിർത്തിക്കുള്ളിലേക്ക് പ്രവേശിച്ച ഇസ്രായേൽ സൈന്യം നിലവിൽ സിറിയൻ മണ്ണിൽ പോസ്റ്റുകൾ സ്ഥാപിക്കുകയും നിരന്തരം വ്യോമാക്രമണങ്ങൾ നടത്തുകയും ചെയ്യുന്നുണ്ട്.



