അനധികൃത സ്വത്ത് കേസിൽ തച്ചങ്കരിക്ക് ശിക്ഷ: 36 വർഷത്തെ പോരാട്ടത്തിന് പൂർണ നീതി ലഭിച്ചെന്ന് പരാതിക്കാരൻ ബോബി കുരുവിള

കോട്ടയം: അനധികൃത സ്വത്ത് സമ്പാദന കേസിൽ മുൻ ഡി.ജി.പി ടോമിൻ ജെ. തച്ചങ്കരിക്ക് നാല് വർഷം തടവും 30,84,000 രൂപ പിഴയും വിധിച്ച വിജിലൻസ് കോടതി വിധിയിൽ പൂർണ തൃപ്തിയും സന്തോഷവും രേഖപ്പെടുത്തി പരാതിക്കാരനായ ബോബി കുരുവിള. 36 വർഷമായി നീതിക്കുവേണ്ടി താൻ നടത്തിയ തുടർച്ചയായ നിയമപോരാട്ടത്തിന്റെ വിജയമാണ് ഈ വിധിയിലൂടെ പ്രതിഫലിച്ചതെന്നും, സംസ്ഥാനത്ത് അഴിമതി കേസുകളിൽ എത്ര ഉന്നത സ്ഥാനത്തിരിക്കുന്ന വ്യക്തിയായാലും എന്നെങ്കിലും പിടിക്കപ്പെടുമെന്ന ശക്തമായ സന്ദേശമാണ് കോടതി നൽകിയതെന്നും ബോബി കുരുവിള മാധ്യമങ്ങളോട് പറഞ്ഞു.

കേസിന്റെ നാൾവഴികളിൽ വലിയ തരത്തിലുള്ള രാഷ്ട്രീയ-ഔദ്യോഗിക സ്വാധീനങ്ങളും കടമ്പകളും തടസ്സഹർജികളുമാണ് തങ്ങൾക്ക് നേരിടേണ്ടി വന്നതെന്ന് അദ്ദേഹം ഓർത്തെടുത്തു. വിജിലൻസ് അന്വേഷണ സംഘം കൃത്യമായി കുറ്റപത്രം നൽകിയ ശേഷവും കേസ് അട്ടിമറിക്കാൻ വീണ്ടും തുടരന്വേഷണം എന്ന ആവശ്യവുമായി തച്ചങ്കരി സർക്കാരിനെ സമീപിക്കുകയും അതിന് അനുകൂല ഉത്തരവ് സമ്പാദിക്കുകയും ചെയ്തിരുന്നു. എന്നാൽ സർക്കാരിന്റെ ഈ നിലപാടിനെതിരെ ഹൈക്കോടതി ഡിവിഷൻ ബെഞ്ചിലും തുടർന്ന് സുപ്രീം കോടതിയിലും വിട്ടുവീഴ്ചയില്ലാത്ത പോരാട്ടം നടത്തി തടസ്സങ്ങളെല്ലാം നീക്കിയാണ് വിചാരണ പൂർത്തിയാക്കി അനുകൂല വിധി കൈവരിച്ചതെന്നും അദ്ദേഹം വ്യക്തമാക്കി.

കേസിലെ വിചാരണ ഘട്ടത്തിൽ സത്യസന്ധനായ പ്രോസിക്യൂട്ടറെപ്പോലും മാറ്റി തങ്ങളെ പ്രതിസന്ധിയിലാക്കാൻ പ്രതിഭാഗത്തിന്റെ ഭാഗത്തുനിന്ന് നിരന്തരം ശ്രമങ്ങൾ നടന്നിരുന്നതായി ബോബി കുരുവിള ആരോപിച്ചു. അനധികൃതമായി കോടികളുടെ സ്വത്ത് സമ്പാദിച്ച കേസിൽ കോട്ടയം വിജിലൻസ് കോടതിയുടെ ഈ ചരിത്രവിധി അഴിമതിക്കെതിരായ പോരാട്ടത്തിൽ വലിയൊരു നാഴികക്കല്ലാണെന്നും, കേസിൽ നീതി ഉറപ്പാക്കാൻ സഹകരിച്ച എല്ലാവരോടും നന്ദി രേഖപ്പെടുത്തുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

Related Articles

- Advertisement -spot_img

Latest Articles