മക്കയെ ലക്ഷ്യമിട്ട് ആക്രമണം നടത്തിയെന്ന വാദം തള്ളി ഹൂതികൾ

സൻആ: മക്ക നഗരത്തെ ലക്ഷ്യമിട്ട് വ്യോമാക്രമണം നടത്തിയെന്ന തള്ളി യമനിലെ ഹൂതി വിമതർ. സൗദിയുടെ വാദം തികച്ചും വ്യാജമാണെന്നും വിശുദ്ധ നഗരങ്ങൾക്കോ മറ്റ് ഇസ്ലാമിക പുണ്യസ്ഥലങ്ങൾക്കോ യമനിൽ നിന്ന് യാതൊരുവിധ ഭീഷണിയുമില്ലെന്നും ഹൂതി സൈനിക വക്താവ് യഹ്യ സരിയ വ്യക്തമാക്കി. തങ്ങളുടെ സൈനിക നടപടികൾ സൗദിയുടെ സൈനിക-എണ്ണ കേന്ദ്രങ്ങൾക്ക് നേരെ മാത്രമാണെന്നും, കഴിഞ്ഞ ആഴ്ച മാത്രം യമനുനേരെ സൗദി വ്യോമസേന 450-ലേറെ ആക്രമണങ്ങൾ നടത്തിയെന്നും അദ്ദേഹം ആരോപിച്ചു.

കഴിഞ്ഞ ചൊവ്വാഴ്ച മക്കയുടെ തെക്കുഭാഗത്ത് നിയന്ത്രിത വ്യോമാതിർത്തിക്ക് സമീപം കണ്ടെത്തിയ സ്ഫോടകവസ്തുക്കൾ ഘടിപ്പിച്ച അജ്ഞാത ഡ്രോൺ വെടിവെച്ചിട്ടതായി സൗദി സുരക്ഷാസേന വ്യക്തമാക്കിയിരുന്നു. ഇതിനെത്തുടർന്ന് മക്കയിൽ ജാഗ്രതാ നിർദേശം പുറപ്പെടുവിക്കുകയും ചെയ്തു. മക്കയെയും മദീനയെയും ലക്ഷ്യമിട്ടുള്ള ഹൂതികളുടെ നീക്കങ്ങളെ ഇസ്ലാമിക രാജ്യങ്ങളുടെ കൂട്ടായ്മയായ ഒ.ഐ.സി (OIC) രൂക്ഷമായി അപലപിച്ചു. സൗദിയുടെ പരമാധികാരത്തിന്മേലുള്ള കടന്നുകയറ്റമാണിതെന്നും വിശുദ്ധ നഗരങ്ങളുടെ സംരക്ഷണത്തിൽ സൗദിക്കൊപ്പം ഉറച്ചുനിൽക്കുമെന്നും പാകിസ്താൻ വിദേശകാര്യ മന്ത്രി ഇഷാഖ് ദറും അറിയിച്ചു.

അതേസമയം, പശ്ചിമേഷ്യയിൽ സംഘർഷാവസ്ഥ രൂക്ഷമായ സാഹചര്യത്തിൽ സൗദി അറേബ്യയിലുള്ള സ്വന്തം പൗരന്മാർക്ക് അമേരിക്ക ലെവൽ-3 ജാഗ്രതാ നിർദേശം (Travel Advisory) നൽകി. ഭീകരവാദ ഭീഷണികളും യമൻ അതിർത്തികളിൽ നിന്നുള്ള ഡ്രോൺ-മിസൈൽ ആക്രമണ സാധ്യതകളും മുൻനിർത്തി സൗദിയിലേക്കുള്ള യാത്രകളിൽ ജാഗ്രത പാലിക്കണമെന്നും യമൻ അതിർത്തി പ്രദേശങ്ങളിലേക്ക് പോകരുതെന്നും യു.എസ് സ്റ്റേറ്റ് ഡിപ്പാർട്ട്മെന്റ് മുന്നറിയിപ്പ് നൽകി.

Related Articles

- Advertisement -spot_img

Latest Articles