വീട്ടിലേക്ക് മടങ്ങാൻ വിസമ്മതിച്ചു; ഭാര്യയുടെ മൂക്ക് കടിച്ചുപറിച്ച് ഭർത്താവ്

ഹൈദരാബാദ്: കുടുംബവഴക്കിനെ തുടർന്ന് സ്വന്തം വീട്ടിലേക്ക് മാറിത്താമസിച്ച ഭാര്യ വീട്ടിലേക്ക് മടങ്ങാൻ വിസമ്മതിച്ചതിൽ പ്രകോപിതനായി ഭർത്താവ് ഭാര്യയുടെ മൂക്ക് കടിച്ചുപറിച്ചു. തെലങ്കാനയിലെ മഞ്ചേരിയാൽ ജില്ലയിലെ കോട്ടപ്പള്ളി മണ്ഡലത്തിലാണ് ദാരുണമായ സംഭവം നടന്നത്. ആക്രമണത്തിൽ ഗുരുതരമായി പരിക്കേറ്റ മമത എന്ന യുവതിയെ വാറങ്കലിലെ എം.ജി.എം ആശുപത്രിയിൽ പ്രവേശിപ്പിച്ചു. മല്ലംപേട്ട് സ്വദേശിയും ഭർത്താവുമായ എനഗണ്ട്‍ല മണിചന്ദറാണ് അക്രമം നടത്തിയത്.

ഒമ്പത് വർഷം മുൻപ് വിവാഹിതരായ ഇവർക്ക് രണ്ട് പെൺമക്കളുണ്ട്. കുറച്ചുകാലമായി നിലനിന്നിരുന്ന കുടുംബപ്രശ്നങ്ങളെ തുടർന്ന് പത്ത് ദിവസം മുൻപാണ് മമത സ്വന്തം വീട്ടിലേക്ക് പോയത്. മടങ്ങിവരണമെന്ന മണിചന്ദറിന്റെ ആവശ്യം മമത നിരസിച്ചതോടെ തിങ്കളാഴ്ച ഇയാൾ യുവതിയുടെ വീട്ടിലെത്തുകയായിരുന്നു. തുടർന്ന് മമതയുടെ പിതാവ് നാരായണനുമായി ഇയാൾ വാക്കുതർക്കത്തിലേർപ്പെടുകയും മരക്കമ്പുകൊണ്ട് നാരായണന്റെ തലക്കടിച്ച് പരിക്കേൽപ്പിക്കുകയും ചെയ്തു.

പിതാവിനെ രക്ഷിക്കാൻ ഇടപെട്ട മമതയ്ക്ക് നേരെ തിരിഞ്ഞ മണിചന്ദർ യുവതിയെ ക്രൂരമായി ആക്രമിക്കുകയും മൂക്ക് കടിച്ചുപറിക്കുകയുമായിരുന്നു. അക്രമത്തിൽ യുവതിയുടെ മൂക്കിന്റെ ഒരു ഭാഗം വേർപെട്ടുപോയതായി പോലീസ് അറിയിച്ചു. സംഭവത്തിൽ മണിചന്ദറിനെതിരെ കോട്ടപ്പള്ളി പോലീസ് കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിച്ചതായി സബ് ഇൻസ്പെക്ടർ രാജശേഖർ അറിയിച്ചു.

Related Articles

- Advertisement -spot_img

Latest Articles