രാമല്ല: യാതൊരുവിധ കുറ്റാരോപണമോ വിചാരണയോ ചികിത്സയോ പോലുമില്ലാതെ 37 ഫലസ്തീൻ മാധ്യമപ്രവർത്തകരെ ഇസ്രായേൽ ജയിലുകളിൽ തടവിലാക്കിയിട്ടുണ്ടെന്ന് ഫലസ്തീൻ പ്രിസണർ സൊസൈറ്റി പുറത്തുവിട്ട കണക്കുകൾ വ്യക്തമാക്കുന്നു. ഇതിൽ 19 പേരെ വ്യക്തമായ കാരണങ്ങളോ വിചാരണയോ ഇല്ലാതെ തടങ്കലിൽ വെക്കാൻ അനുവദിക്കുന്ന ‘അഡ്മിനിസ്ട്രേറ്റീവ് ഡിറ്റൻഷൻ’ പ്രകാരമാണ് പാർപ്പിച്ചിരിക്കുന്നത്. മാധ്യമപ്രവർത്തനത്തിന്റെയും ആവിഷ്കാര സ്വാതന്ത്ര്യത്തിന്റെയും പേരിൽ ഇസ്രായേൽ അധികൃതർ ഫലസ്തീൻ മാധ്യമപ്രവർത്തകരെ അറസ്റ്റ്, ഏകാന്ത തടവ്, നിരന്തരമായ വിചാരണകൾ എന്നിവയിലൂടെ ബോധപൂർവം ലക്ഷ്യമിടുന്നത് തുടരുകയാണെന്നും സംഘടന പ്രസ്താവനയിൽ അറിയിച്ചു.
അധിനിവേശ വെസ്റ്റ് ബാങ്കിന്റെ തെക്കുള്ള ബെത്ലഹേമിലെ വീടുകളിൽ കഴിഞ്ഞ വ്യാഴാഴ്ച ഇസ്രായേൽ സൈന്യം നടത്തിയ റെയ്ഡിനെ തുടർന്നാണ് മാധ്യമപ്രവർത്തകരായ മുആത് അമ്മാർ, സബ്രി ജിബ്രിൻ എന്നിവർ അവസാനമായി അറസ്റ്റിലായത്. ഇസ്രായേൽ അധികാരികളുടെ നിരന്തര വേട്ടയാടലിന് ഇരയാകുന്ന അമ്മാർ തന്റെ മാധ്യമപ്രവർത്തനത്തിന്റെ പേരിൽ തടവിലാക്കപ്പെടുന്നത് ഇത് മൂന്നാം തവണയാണെന്നും സംഘടന വ്യക്തമാക്കി. മറ്റൊരു മാധ്യമപ്രവർത്തകനും എഴുത്തുകാരനുമായ മഹ്മൂദ് ഫതാഫ്തയ്ക്ക് ‘പ്രകോപനം ഉണ്ടാക്കി’ എന്ന ആരോപണം ഉന്നയിച്ച് 48 മാസത്തെ (നാല് വർഷം) തടവുശിക്ഷയാണ് വിധിച്ചിരിക്കുന്നത്. സമീപകാലത്ത് ഇത്തരം ആരോപണങ്ങളിൽ ചുമത്തപ്പെടുന്ന ഏറ്റവും കടുത്ത ശിക്ഷകളിലൊന്നാണിതെന്ന് പ്രിസണർ സൊസൈറ്റി ചൂണ്ടിക്കാട്ടി.
വെളിപ്പെടുത്താത്ത തെളിവുകളുടെയോ ‘രഹസ്യ ഫയലുകളുടെയോ’ അടിസ്ഥാനത്തിൽ അഡ്മിനിസ്ട്രേറ്റീവ് തടവ് ഉത്തരവുകൾ പുറപ്പെടുവിക്കുകയും, ‘പ്രകോപനം’ എന്ന പദം ദുരുപയോഗം ചെയ്ത് മാധ്യമപ്രവർത്തകരുടെ വാ മൂടിക്കെട്ടാനുമാണ് ഇസ്രായേൽ ശ്രമിക്കുന്നത്. നിലവിൽ അഡ്മിനിസ്ട്രേറ്റീവ് തടവിൽ കഴിയുന്ന 19 മാധ്യമപ്രവർത്തകരും അധിനിവേശ കിഴക്കൻ ജറുസലേം ഉൾപ്പെടെയുള്ള വെസ്റ്റ് ബാങ്ക് മേഖലകളിൽ നിന്നുള്ളവരാണ്. അന്താരാഷ്ട്ര നിയമങ്ങളും പത്രസ്വാതന്ത്ര്യവും കാറ്റിൽപ്പറത്തിയാണ് ഇസ്രായേൽ മാധ്യമപ്രവർത്തകർക്ക് നേരെ ഇത്തരം പ്രതികാര നടപടികൾ സ്വീകരിക്കുന്നതെന്നും റിപ്പോർട്ടിൽ ആരോപിക്കുന്നു.



