മദ്യം പിടിച്ച വീട്ന്റേതല്ലെന്ന് ആന്റോ അഗസ്റ്റിൻ; 2025-ലെ ഉടമസ്ഥാവകാശ രേഖ ഹാജരാക്കി പ്രോസിക്യൂഷൻ

കൽപറ്റ/കൊച്ചി: അനധികൃത മദ്യശേഖരം കണ്ടെടുത്ത വാഴവറ്റയിലെ കുടുംബവീട് റിപ്പോർട്ടർ ടി.വി എം.ഡി ആന്റോ അഗസ്റ്റിന്റെ പേരിലുള്ളതല്ലെന്ന വാദവുമായി പ്രതിഭാഗം അഭിഭാഷകൻ ബത്തേരി കോടതിയിൽ. മദ്യം പിടിച്ചെടുത്ത വീട് 2022-ൽ ഒരു സ്ത്രീക്ക് കൈമാറിയതാണെന്നും ആന്റോ അവിടെയല്ല താമസിക്കുന്നതെന്നുമാണ് ഒന്നരമണിക്കൂർ നീണ്ട ജാമ്യവാദത്തിനിടെ അഭിഭാഷകൻ ചൂണ്ടിക്കാണിച്ചത്. എന്നാൽ, 2025-ലും ഈ വീടിന്റെ ഉടമസ്ഥാവകാശം ആന്റോ അഗസ്റ്റിന്റെ പേരിൽത്തന്നെയാണെന്ന് വ്യക്തമാക്കുന്ന റവന്യൂ രേഖകൾ പ്രോസിക്യൂഷൻ കോടതിയിൽ ഹാജരാക്കി. ഇതേത്തുടർന്ന് ജാമ്യാപേക്ഷയിൽ വിധി പറയുന്നത് കോടതി വെള്ളിയാഴ്ചത്തേക്ക് മാറ്റി.

താൻ മദ്യപിക്കാറില്ലെന്നും വീട്ടിൽ ഇത്രയധികം മദ്യം എങ്ങനെ എത്തിയെന്ന് അറിയില്ലെന്നും ആന്റോ അഗസ്റ്റിൻ മീനങ്ങാടിയിൽ മാധ്യമങ്ങളോട് പറഞ്ഞു. കൊച്ചിയിൽ വെച്ച് അറസ്റ്റ് ചെയ്ത ആന്റോയെ മീനങ്ങാടിയിലെ അസിസ്റ്റന്റ് എക്സൈസ് കമ്മീഷണറുടെ ഓഫീസിലെത്തിച്ച് അഞ്ച് മണിക്കൂറോളം വിശദമായി മൊഴിയെടുത്ത ശേഷമാണ് ബത്തേരി കോടതിയിൽ ഹാജരാക്കിയത്. അബ്കാരി ആക്ടിലെ 55 (എ), 55 (ഐ), 58 വകുപ്പുകൾ പ്രകാരമാണ് കേസ്. കുടുംബവീടിന്റെ ഉടമസ്ഥാവകാശം ആന്റോയ്ക്കാണെന്ന് എക്സൈസ് പരിശോധനയിൽ വ്യക്തമായതോടെയാണ് ജാമ്യമില്ലാ വകുപ്പുകൾ ചുമത്തിയത്.

ബുധനാഴ്ച വാഴവറ്റയിലെ വീട്ടിൽ എക്സൈസ് നടത്തിയ പരിശോധനയിൽ 43 ലിറ്റർ വിദേശമദ്യവും വൈനും മിലിട്ടറി മദ്യവും ഉൾപ്പെടെ ആകെ 67 ലിറ്ററോളം വിദേശമദ്യ ശേഖരമാണ് കണ്ടെടുത്തത്. ഒരാൾക്ക് നിയമപരമായി സൂക്ഷിക്കാവുന്ന അളവിലും എത്രയോ അധികമാണിത്. ലയണൽ മെസ്സിയുടെ കേരള സന്ദർശനവുമായി ബന്ധപ്പെട്ട സാമ്പത്തിക തട്ടിപ്പ് കേസിൽ പോലീസിന്റെ 20 മണിക്കൂർ നീണ്ട പരിശോധന കൊച്ചിയിലെ ചാനൽ ഓഫീസിൽ പൂർത്തിയായതിന് തൊട്ടുപിന്നാലെയാണ് വയനാട്ടിൽ നിന്നുള്ള എക്സൈസ് സംഘമെത്തി ആന്റോയെ അറസ്റ്റ് ചെയ്തത്. എഫ്.ഐ.ആറിന്റെ ഹാർഡ് കോപ്പിയുമായി പെരുമ്പാവൂർ എക്സൈസ് സർക്കിൾ ഇൻസ്‌പെക്ടർ എത്തിയ ശേഷമാണ് കൊച്ചിയിൽ നിന്ന് ഇയാളെ ആലുവ ആശുപത്രി വഴി വയനാട്ടിലേക്ക് കൊണ്ടുപോയത്.

Related Articles

- Advertisement -spot_img

Latest Articles