ന്യൂഡൽഹി: കോക്ക്റോച്ച് ജനതാ പാർട്ടി (CJP) ഭാരവാഹികളായ സൗരവ് ദാസ്, അശുതോഷ് റാങ്ക എന്നിവരുടെ ജാമ്യാപേക്ഷ പരിഗണിക്കുന്നത് നീട്ടിവെച്ചു. തനിക്ക് ജീവന് ഭീഷണിയുണ്ടെന്ന് ചൂണ്ടിക്കാട്ടി സ്പെഷ്യൽ എക്സിക്യൂട്ടീവ് മജിസ്ട്രേറ്റ് (SEM) കേസ് പരിഗണിക്കുന്നതിൽ നിന്ന് പിന്മാറിയതിനെ തുടർന്നാണ് നടപടി. സംഭവത്തിൽ ഭീഷണിപ്പെടുത്തിയതിനും ഉദ്യോഗസ്ഥന്റെ ഔദ്യോഗിക കൃത്യനിർവഹണം തടസ്സപ്പെടുത്തിയതിനും ഭാരതീയ ന്യായ സംഹിത (BNS) വകുപ്പുകൾ പ്രകാരം ഡൽഹി പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
പ്രതിഷേധങ്ങൾ നിരോധിച്ച ജന്തർ മന്തറിലെ ബാരക്കേറ്റുകൾ ഭേദിച്ച് പ്രവേശിച്ചതിനാണ് ഒക്ടോബർ 14-ന് ഇരുവരെയും അഞ്ച് ദിവസത്തെ ജുഡീഷ്യൽ കസ്റ്റഡിയിൽ വിട്ടത്. ഉച്ചയ്ക്ക് 12 മണിക്ക് തീരുമാനിച്ചിരുന്ന വാദം കേൾക്കലിനായി നിർദ്ദിഷ്ട സമയത്ത് അസിസ്റ്റന്റ് കമ്മീഷണർ കൂടിയായ മജിസ്‌ട്രേറ്റ് എത്താതിരുന്നതും, തുടർന്ന് വൈകുന്നേരത്തോടെ പിന്മാറ്റം പ്രഖ്യാപിച്ചതും നടപടിക്രമങ്ങൾ വൈകിപ്പിക്കുന്നതിലാണെന്ന് സി.ജെ.പി ലീഗൽ വിഭാഗം ആരോപിച്ചു.കേസ് 21 ന് വീണ്ടും പരിഗണിക്കും. എന്നാൽ ഉദ്യോഗസ്ഥർക്ക് നേരെയുണ്ടായ ഭീഷണിയുടെ പശ്ചാത്തലത്തിൽ സുരക്ഷ മുൻനിർത്തിയാണ് വാദം കേൾക്കൽ മാറ്റിവെച്ചതെന്ന് പോലീസ് അറിയിച്ചു.
അതിനിടെ, മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യപ്പെട്ട് ഡൽഹിയിൽ പ്രതിപക്ഷ-യുവജന സംഘടനകളുടെ പ്രതിഷേധം കൂടുതൽ ശക്തിപ്പെടുകയാണ്. കോൺഗ്രസിന്റെ വിദ്യാർത്ഥി സംഘടനയായ എൻ.എസ്.യു.ഐ (NSUI) പ്രവർത്തകർ ജന്തർ മന്തറിലേക്ക് നടത്തിയ മാർച്ച് അശോകാ റോഡിൽ വെച്ച് പോലീസ് തടഞ്ഞു. വരും ദിവസങ്ങളിൽ പ്രതിഷേധം രാജ്യവ്യാപകമായി കടുപ്പിക്കാനാണ് യുവജന സംഘടനകളുടെ തീരുമാനം. ദസറ ആഘോഷങ്ങളോട് അനുബന്ധിച്ച് ഇടവേള നൽകിയിരുന്ന ഇൻഡ്യാ (INDIA) സഖ്യത്തിന്റെ പ്രതിഷേധങ്ങളും വരും ദിവസങ്ങളിൽ പുനരാരംഭിക്കും.
നവംബർ ഒന്നിന് രാംലീല മൈതാനത്ത് നടത്തുന്ന മഹാറാലിക്ക് മുന്നോടിയായി ശക്തമായ പ്രക്ഷോഭ പരിപാടികളാണ് പ്രതിപക്ഷം ആസൂത്രണം ചെയ്യുന്നത്. അതേസമയം, സി.ജെ.പി സംഘടിപ്പിച്ച തിരംഗ മാർച്ചിനെതിരെ ഡൽഹി പോലീസ് മൂന്ന് കേസുകൾ കൂടി രജിസ്റ്റർ ചെയ്തിട്ടുണ്ട്. അഭിജിത് ദിപ്കെ, നേഹ ബോറ, ആം ആദ്മി പാർട്ടി എന്നിവർക്കെതിരെയാണ് കേസ്. മാർച്ചിനിടെ വടികളും ആയുധങ്ങളുമായെത്തിയെന്ന ആരോപണത്തിൽ ഗാസിയാബാദ് സ്വദേശികളായ രണ്ടുപേരെ പോലീസ് അറസ്റ്റ് ചെയ്യുകയും ചെയ്തു.



