കോഴിക്കോട്: വഖഫ് ബോർഡ് പുനഃസംഘടനയിൽ സമസ്ത കേരള ജംഇയ്യത്തുൽ ഉലമയ്ക്ക് അർഹമായ പ്രാതിനിധ്യം നിഷേധിച്ചതിൽ ഔദ്യോഗികമായി അതൃപ്തി പരസ്യപ്പെടുത്തി ഇ.കെ. വിഭാഗവും രംഗത്ത്. വഖഫ് ബോർഡിലെ പ്രാതിനിധ്യം ഏതെങ്കിലും സംഘടനയ്ക്കുള്ള ഔദാര്യമല്ലെന്നും, അത് യാഥാർത്ഥ്യങ്ങളെയും അർഹതയെയും അംഗീകരിക്കുന്ന നീതിപൂർവ്വമായ സമീപനമാകണമെന്നും എസ്.കെ.എസ്.എസ്.എഫ് സംസ്ഥാന ജനറൽ സെക്രട്ടറി ഒ.പി.എം. അഷ്റഫ് വ്യക്തമാക്കി. ഫേസ്ബുക്കിൽ പങ്കുവെച്ച കുറിപ്പിലൂടെയാണ് അദ്ദേഹം നിലപാട് കടുപ്പിച്ചത്.
കേരളത്തിലെ വഖഫ് സ്ഥാപനങ്ങളുടെ എണ്ണവും അവയുടെ പരിപാലനത്തിൽ വിവിധ വിഭാഗങ്ങൾക്കുള്ള പങ്കും കണക്കിലെടുക്കുമ്പോൾ സമസ്തയ്ക്ക് അർഹമായ പ്രാതിനിധ്യം ലഭിക്കേണ്ടത് അനിവാര്യമാണെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. സർക്കാർ മറ്റു താൽപ്പര്യങ്ങൾക്കാണ് മുൻഗണന നൽകുന്നതെങ്കിൽ അതിന്റെ ഉത്തരവാദിത്തം സർക്കാരിനുതന്നെയായിരിക്കും. എന്നാൽ നീതിയുടെയും അർഹതയുടെയും അടിസ്ഥാനത്തിലാണോ തീരുമാനങ്ങൾ കൈക്കൊള്ളുന്നതെന്ന് പൊതുസമൂഹം വിലയിരുത്തുമെന്നും അദ്ദേഹം ഓർമ്മിപ്പിച്ചു. സമസ്തയുടെ പാരമ്പര്യവും സാമൂഹിക സംഭാവനകളും ഏതെങ്കിലും അധികാരകേന്ദ്രങ്ങളുടെ അംഗീകാരത്തെ മാത്രം ആശ്രയിച്ചുനിൽക്കുന്നതല്ലെന്നും, വഖഫ് സ്വത്തുക്കൾ സംരക്ഷിക്കേണ്ട ബോർഡ് രാഷ്ട്രീയ താൽപ്പര്യങ്ങൾക്കുള്ള വേദിയാകരുതെന്നും ഒ.പി.എം. അഷ്റഫ് ഫേസ്ബുക്ക് കുറിപ്പിൽ വിമർശിച്ചു.
അധികാരം ഉപയോഗിച്ച് തീരുമാനങ്ങൾ നടപ്പാക്കാൻ കഴിഞ്ഞേക്കുമെങ്കിലും ആ തീരുമാനങ്ങൾ നീതിപൂർവ്വമായിരുന്നോ എന്ന ചോദ്യം ചരിത്രത്തിൽ അവശേഷിക്കുമെന്ന് അദ്ദേഹം പറഞ്ഞു. ആരാണ് അർഹമായ പരിഗണന നൽകിയതെന്നും ആരാണ് അത് നിഷേധിച്ചതെന്നും പൊതുസമൂഹം നിരീക്ഷിക്കുന്നുണ്ട്. നേരത്തെ വഖഫ് ബോർഡ് പുനഃസംഘടനയിൽ പ്രതിഷേധിച്ച് എ.പി. വിഭാഗം സമസ്തയും രംഗത്തുവന്നിരുന്നു. ഇതിന്റെ തുടർച്ചയായി മുസ്ലിം ലീഗ് വിളിച്ചുചേർത്ത മുസ്ലിം സംഘടനകളുടെ യോഗം എ.പി. വിഭാഗം ബഹിഷ്കരിക്കുകയും ചെയ്തിരുന്നു. ഇതിന് പിന്നാലെയാണ് ഇ.കെ. വിഭാഗം സംഘടനയായ എസ്.കെ.എസ്.എസ്.എഫും പരസ്യമായി അതൃപ്തി അറിയിച്ച് രംഗത്തെത്തിയിരിക്കുന്നത്.



