പാരിസ് വൈകാതെ ഒരു മുസ്‌ലിം നഗരമായി മാറും; ഫ്രാൻസിലെ പ്രക്ഷോഭങ്ങൾക്ക് പിന്നിൽ കുടിയേറ്റമെന്ന് ഡോണൾഡ് ട്രംപ്

വാഷിംഗ്ടൺ: ഫ്രഞ്ച് തലസ്ഥാനമായ പാരിസ് വൈകാതെ ഒരു മുസ്‌ലിം നഗരമായി മാറുമെന്ന വിവാദ പ്രസ്താവനയുമായി യു.എസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ് രംഗത്ത്. ഫ്രാൻസിൽ ഇപ്പോൾ നടന്നുക്കൊണ്ടിരിക്കുന്ന വലിയ പ്രക്ഷോഭങ്ങളുടെയും അക്രമ സംഭവങ്ങളുടെയും പശ്ചാത്തലത്തിൽ വാഷിംഗ്ടണിൽ മാധ്യമപ്രവർത്തകരോട് സംസാരിക്കവെയാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്. ഫ്രാൻസിലെ സംഘർഷങ്ങൾക്ക് കാരണം കുടിയേറ്റം മാത്രമാണെന്ന തന്റെ മുൻ നിലപാട് ട്രംപ് ഈ അവസരത്തിലും ആവർത്തിച്ചു.

ഫ്രാൻസിൽ നിലവിലുള്ള പ്രതിസന്ധി സ്കൂളുകളെയോ മറ്റ് ആഭ്യന്തര വിഷയങ്ങളെയോ സംബന്ധിച്ചല്ലെന്നും പൂർണ്ണമായും കുടിയേറ്റത്തിന്റെ അനന്തരഫലമാണെന്നും ട്രംപ് ആരോപിച്ചു. രാജ്യത്തിന്റെ അതിർത്തികൾ പൂർണ്ണമായി അടച്ചുപൂട്ടി കുടിയേറ്റം കർശനമായി നിയന്ത്രിക്കാൻ ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവൽ മാക്രോണിനോടും മറ്റ് യൂറോപ്യൻ രാജ്യങ്ങളോടും അദ്ദേഹം ആവശ്യപ്പെട്ടു. ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നുള്ളവരെ യാതൊരു നിയന്ത്രണവുമില്ലാതെ രാജ്യത്തേക്ക് പ്രവേശിക്കാൻ അനുവദിക്കുന്നത് വലിയ തെറ്റാണെന്ന് താൻ പണ്ട് തന്നെ മാക്രോണിന് മുന്നറിയിപ്പ് നൽകിയിരുന്നതായി അദ്ദേഹം ഓർമ്മിപ്പിച്ചു. യൂറോപ്പ് അതിർത്തികൾ അടയ്ക്കാനും, പ്രതിഷേധങ്ങളുടെ മറവിൽ അക്രമങ്ങൾ അഴിച്ചുവിടുന്ന കുറ്റവാളികളെ പുറത്താക്കാനും തയ്യാറായില്ലെങ്കിൽ വൻ ദുരന്തമായിരിക്കും ഫലമെന്നും ട്രംപ് മുന്നറിയിപ്പ് നൽകി.

അതേസമയം, ജീവിതച്ചെലവ് വർധിച്ചതിനെതിരെ പാരിസിലും ഫ്രാൻസിലെ മറ്റ് പ്രധാന നഗരങ്ങളിലും ജനങ്ങൾ നടത്തിയ പ്രതിഷേധ റാലികളാണ് പിന്നീട് വ്യാപകമായ അക്രമങ്ങളിലേക്കും തീവെപ്പിലേക്കും വഴിമാറിയത്. അടുത്ത കാലത്തൊന്നും ഫ്രാൻസ് സാക്ഷ്യം വഹിച്ചിട്ടില്ലാത്ത വിധത്തിലുള്ള അതിശക്തമായ അക്രമങ്ങളാണ് രാജ്യത്ത് അരങ്ങേറിക്കൊണ്ടിരിക്കുന്നത്. നിലവിലെ അടിയന്തര സാഹചര്യത്തിന്റെ പശ്ചാത്തലത്തിൽ പാരിസ് ഉൾപ്പെടെയുള്ള പ്രധാന നഗരങ്ങളിൽ അധികൃതർ പ്രാദേശിക കർഫ്യൂവും കർശന നിയന്ത്രണങ്ങളും ഏർപ്പെടുത്തിയിരിക്കുകയാണ്.

Related Articles

- Advertisement -spot_img

Latest Articles