തിരുവനന്തപുരം: മുൻ ആരോഗ്യമന്ത്രി വീണാ ജോർജിനെ കെ.എസ്.യു പ്രവർത്തകർ ആയുധം ഉപയോഗിച്ച് ആക്രമിച്ചെന്ന കേസിൽ നിർണ്ണായക വെളിപ്പെടുത്തലുകൾ പുറത്തുവന്നതിന് പിന്നാലെ മുൻ മന്ത്രിക്കെതിരെ നടപടി ആവശ്യപ്പെട്ട് കെ.എസ്.യു. സംഭവത്തിൽ വീണാ ജോർജിനെതിരെ നിയമനടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ട് കെ.എസ്.യു സംസ്ഥാന പ്രസിഡന്റ് അലോഷ്യസ് സേവ്യർ സംസ്ഥാന പോലീസ് മേധാവിക്ക് ഔദ്യോഗികമായി പരാതി നൽകി.
കെ.എസ്.യു പ്രവർത്തകർ ആയുധം ഉപയോഗിച്ച് വധിക്കാൻ ശ്രമിച്ചുവെന്ന് മൊഴി നൽകാൻ ഗൺമാൻ അഭിലാഷിനെ പ്രേരിപ്പിച്ചത് വീണാ ജോർജാണെന്ന് പ്രത്യേക അന്വേഷണ സംഘത്തിന് (SIT) മുൻപിൽ ഗൺമാൻ വെളിപ്പെടുത്തിയെന്ന റിപ്പോർട്ടുകളാണ് പുതിയ വിവാദത്തിന് തിരികൊളുത്തിയത്. മന്ത്രിസ്ഥാനത്തിരുന്ന് നിയമവ്യവസ്ഥയെ തെറ്റിദ്ധരിപ്പിക്കുകയും പൊതുസമൂഹത്തെ കബളിപ്പിക്കുകയും ചെയ്ത മുൻ മന്ത്രിക്കെതിരെ ഭാരതീയ ന്യായ സംഹിതയിലെ (BNS) 318(4) വകുപ്പ് പ്രകാരം കേസെടുക്കണമെന്ന് അലോഷ്യസ് സേവ്യർ പരാതിയിൽ ആവശ്യപ്പെട്ടു.
കെ.എസ്.യു പ്രവർത്തകർ മന്ത്രിയെ ആക്രമിക്കുന്നത് താൻ നേരിട്ട് കണ്ടിട്ടില്ലെന്നും ഗൺമാൻ മൊഴി നൽകിയതായാണ് വിവരങ്ങൾ. ഗൺമാന്റെ മുൻപത്തെ പരാതിയുടെ അടിസ്ഥാനത്തിലായിരുന്നു കെ.എസ്.യു പ്രവർത്തകർക്കെതിരെ വധശ്രമം ഉൾപ്പെടെയുള്ള ജാമ്യമില്ലാ വകുപ്പുകൾ ചുമത്തി കേസെടുത്തിരുന്നത്. കഴിഞ്ഞ ഫെബ്രുവരി 25-നായിരുന്നു കേസിനാസ്പദമായ പ്രതിഷേധം നടന്നത്. എന്നാൽ ആക്രമണത്തിന് ഉപയോഗിച്ചെന്ന് ആരോപിച്ച ആയുധം കണ്ടെത്താൻ പോലീസിന് കഴിഞ്ഞിരുന്നില്ല. കേസുമായി ബന്ധപ്പെട്ട് കെ.എസ്.യു ജില്ലാ പ്രസിഡന്റ് എം.സി. അതുൽ ഉൾപ്പെടെയുള്ള അഞ്ച് നേതാക്കൾ രണ്ടാഴ്ചയോളം റിമാൻഡിൽ കഴിയേണ്ടിവന്നിരുന്നു.
അതേസമയം, സംഭവസമയത്ത് സുരക്ഷാച്ചുമതലയിലുണ്ടായിരുന്ന കണ്ണൂർ ടൗൺ സ്റ്റേഷനിലെ പോലീസുകാർ ആയുധം ഉപയോഗിച്ചുള്ള ആക്രമണം നടന്നിട്ടില്ലെന്ന് നേരത്തെ തന്നെ മൊഴി നൽകിയിരുന്നു. ഗൺമാന്റെ മൊഴിതിരുത്തൽ സംബന്ധിച്ച വിവരങ്ങൾ പുറത്തുവന്നതോടെ കേസിൽ സർക്കാരിനും പോലീസിനുമെതിരെ വൻ രാഷ്ട്രീയ പ്രതിഷേധമാണ് ഉയർന്നുവരുന്നത്.



