കോഴിക്കോട്: വഖഫ് ബോർഡ് പുനഃസംഘടനയിൽ സമസ്ത എ.പി. വിഭാഗത്തിന് അർഹമായ പ്രാതിനിധ്യം നൽകിയില്ലെന്ന പരാതി ഉയരുകയും പ്രതിഷേധങ്ങൾ ശക്തമാകുകയും ചെയ്ത പശ്ചാത്തലത്തിൽ വഖഫ് വകുപ്പ് മന്ത്രി എൻ. ശംസുദ്ധീൻ മർക്കസിലെത്തി കാന്തപുരം എ.പി. അബൂബക്കർ മുസ്ലിയാരുമായി കൂടിക്കാഴ്ച നടത്തി. തർക്കപരിഹാരത്തിനും വഖഫ് ബോർഡിലെ പ്രാതിനിധ്യം സംബന്ധിച്ച് ഉടലെടുത്ത അഭിപ്രായവ്യത്യാസങ്ങൾ പരിഹരിക്കുന്നതിനുമായാണ് മന്ത്രി നേരിട്ടെത്തി ചർച്ച നടത്തിയത്.
പുനഃസംഘടനയിൽ പ്രമുഖ സുന്നി വിഭാഗമായ എ.പി. സമസ്തയ്ക്ക് അർഹമായ പരിഗണന ലഭിച്ചില്ലെന്ന് ആരോപിച്ച് സംഘടന കടുത്ത അതൃപ്തി പരസ്യമാക്കിയിരുന്നു. വഖഫ് ബോർഡിലെ പ്രാതിനിധ്യം രാഷ്ട്രീയ താൽപ്പര്യങ്ങൾക്ക് വഴങ്ങിയാകരുതെന്നും സമസ്തയുടെ സ്വാധീനവും അർഹതയും മാനിച്ചുള്ള തീരുമാനങ്ങളാണ് ഉണ്ടാകേണ്ടതെന്നും സംഘടന നേതാക്കൾ വ്യക്തമാക്കുകയുണ്ടായി. വിഷയത്തിൽ അതൃപ്തി രൂക്ഷമായതോടെയാണ് സമവായ നീക്കങ്ങളുമായി മന്ത്രി കാന്തപുരത്തെ നേരിട്ട് കാണാൻ കോഴിക്കോട് മർക്കസിലെത്തിയത്.
മർക്കസിൽ നടന്ന നിർണ്ണായക കൂടിക്കാഴ്ചയിൽ വഖഫ് ബോർഡിലെ അർഹമായ പ്രാതിനിധ്യം ഉറപ്പാക്കുന്നത് സംബന്ധിച്ചും, ഉയർന്നുവന്ന പരാതികൾ പരിഹരിക്കുന്നതിനെക്കുറിച്ചും വിശദമായ ചർച്ചകൾ നടന്നുവെന്നാണ് വിവരം. വിഷയം അനുകൂലമായി പരിഗണിക്കാമെന്ന ഉറപ്പ് മന്ത്രി നൽകിയതായും, ചർച്ചകൾ പോസിറ്റീവായിരുന്നുവെന്നുമാണ് സൂചന. വഖഫ് ബോർഡിലെ സമവായ നീക്കങ്ങൾ പൂർത്തിയാകുന്നതോടെ വിഷയത്തിൽ കൂടുതൽ വ്യക്തത വരുമെന്നാണ് പ്രതീക്ഷിക്കുന്നത്.



