വടകര: വടകര ഇരിങ്ങലിൽ റെയിൽവേ പാളം മുറിച്ചുകടക്കുന്നതിനിടെ വന്ദേ ഭാരത് ട്രെയിൻ തട്ടി കോളജ് വിദ്യാർഥിനി മരിച്ചു. ഇരിങ്ങൽ പെരുവയൽ സ്വദേശി നന്ദനയാണ് ദാരുണമായി കൊല്ലപ്പെട്ടത്. വടകരക്കും പയ്യോളിക്കും ഇടയിലുള്ള ഇരിങ്ങൽ റെയിൽവേ ഗേറ്റിന് സമീപം ചൊവ്വാഴ്ച വൈകീട്ടോടെയായിരുന്നു നാടിനെ നടുക്കിയ അപകടം നടന്നത്.
കാസർകോടുനിന്ന് തിരുവനന്തപുരത്തേക്ക് പോകുകയായിരുന്ന വന്ദേ ഭാരത് എക്സ്പ്രസ് ട്രെയിനാണ് നന്ദനയെ ഇടിച്ചത്. അങ്കമാലിയിലെ കോളജിൽ വിദ്യാർഥിയായ നന്ദന പൂജ അവധിക്കായി നാട്ടിലെത്തിയതായിരുന്നു. ട്രാക്ക് മുറിച്ചുകടക്കാൻ ശ്രമിക്കുന്നതിനിടെ അതിവേഗത്തിലെത്തിയ ട്രെയിൻ ഇടിക്കുകയായിരുന്നു. ഇടിച്ചതിന്റെ ആഘാതത്തിൽ നന്ദന തൽക്ഷണം മരണപ്പെട്ടു. അപകടവിവരമറിഞ്ഞ് പോലീസും റെയിൽവേ അധികൃതരും ഉടൻ സ്ഥലത്തെത്തി പ്രാഥമിക ഇൻക്വസ്റ്റ് നടപടികൾ പൂർത്തിയാക്കി. തുടർന്ന് മൃതദേഹം പോസ്റ്റ്മോർട്ടം ഉൾപ്പെടെയുള്ള തുടർനടപടികൾക്കായി വടകര ഗവ. ജില്ലാ ആശുപത്രിയിലെ മോർച്ചറിയിലേക്ക് മാറ്റി. സംഭവത്തിൽ പോലീസ് കൂടുതൽ അന്വേഷണം നടത്തിവരികയാണ്.



