കോക്രോച്ച് ജനതാ പാർട്ടി നേതാക്കളുടെ അറസ്റ്റ്; രണ്ടാമത്തെ കേസും ഡൽഹി പൊലീസ് ക്രൈം ബ്രാഞ്ചിന് കൈമാറി

ന്യൂഡൽഹി: ജന്തർമന്തർ മേഖലയിൽ അതിക്രമിച്ചു കയറി പ്രതിഷേധിച്ച കോക്രോച്ച് ജനതാ പാർട്ടി (സി.ജെ.പി) നേതാക്കളായ സൗരവ് ദാസ്, അശുതോഷ് റങ്ക എന്നിവർക്കെതിരെയെടുത്ത രണ്ടാമത്തെ കേസും ഡൽഹി പൊലീസ് ക്രൈം ബ്രാഞ്ചിന് കൈമാറി. ഇതോടെ ഈ നേതാക്കൾക്കെതിരെയുള്ള രണ്ട് കേസുകളുടെയും അന്വേഷണ ചുമതല ഇനി ക്രൈം ബ്രാഞ്ച് സംഘം ഔദ്യോഗികമായി ഏറ്റെടുക്കും. കഴിഞ്ഞ തിങ്കളാഴ്ചയാണ് ജന്തർമന്തർ മേഖലയിൽ അതിക്രമിച്ചു കയറിയതുമായി ബന്ധപ്പെട്ട ആദ്യ കേസ് ക്രൈം ബ്രാഞ്ചിന് കൈമാറിയത്.

കഴിഞ്ഞ ഒക്ടോബർ 13-നാണ് കേസിന് ആസ്പദമായ സംഭവം നടന്നത്. പൊതുപ്രവേശനം കർശനമായി നിരോധിക്കപ്പെട്ട ജന്തർമന്തർ പ്രദേശത്തേക്ക് സൗരവ് ദാസ്, അശുതോഷ് റങ്ക, അജിങ്ക്യ ഷിൻഡെ എന്നിവരുൾപ്പെടെ 14 അംഗ സി.ജെ.പി പ്രവർത്തകർ സ്വകാര്യ വ്യക്തികളുടെ സ്ഥലങ്ങളിലൂടെ അതിക്രമിച്ചു കടക്കാൻ ശ്രമിക്കുകയായിരുന്നു എന്നാണ് കേസ്. സംഭവസ്ഥലത്ത് സുരക്ഷാ ചുമതലയിലുണ്ടായിരുന്ന പൊലീസ് ഉദ്യോഗസ്ഥർ ഉടൻ തന്നെ ഇടപെടുകയും ഇവരെ തടയാൻ ശ്രമിക്കുകയും ചെയ്തു. തുടർന്ന് സുരക്ഷാ മാനദണ്ഡങ്ങൾ ലംഘിച്ച പ്രതിഷേധക്കാരെ എല്ലാവരെയും പൊലീസ് കസ്റ്റഡിയിലെടുക്കുകയും, സംഭവവുമായി ബന്ധപ്പെട്ട് രണ്ട് വ്യത്യസ്ത എഫ്.ഐ.ആറുകൾ (FIR) രജിസ്റ്റർ ചെയ്യുകയും ചെയ്യുകയായിരുന്നു.

Related Articles

- Advertisement -spot_img

Latest Articles