എസ്‌ ഐ ആറിനെതിരെ പരകല പ്രഭാകറും തെരുവിലേക്ക്; ഒക്ടോബർ 23-ന് ഡൽഹിയിൽ വൻ ജനകീയ മാർച്ച്

ന്യൂഡൽഹി: വോട്ടർപട്ടികയിലെ സ്പെഷ്യൽ ഇന്റൻസീവ് റിവിഷനെതിരെയും (SIR) കേന്ദ്ര മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യപ്പെട്ടും പ്രതിപക്ഷവും ജനകീയ കൂട്ടായ്മകളും നടത്തുന്ന രാജ്യവ്യാപക പ്രക്ഷോഭത്തിൽ പങ്കുചേരാൻ കേന്ദ്ര ധനമന്ത്രി നിർമ്മല സീതാരാമന്റെ ഭർത്താവും പ്രമുഖ സാമ്പത്തിക ശാസ്ത്രജ്ഞനുമായ പരകല പ്രഭാകർ. ഒക്ടോബർ 23-ന് ഡൽഹിയിൽ സംഘടിപ്പിക്കുന്ന വൻ ജനകീയ മാർച്ചിലാണ് അദ്ദേഹം അണിനിരക്കുന്നത്. വിദ്യാർഥികൾ, യുവാക്കൾ, കർഷകർ, തൊഴിലാളികൾ, ദളിത്-ആദിവാസി സംഘടനകൾ, ന്യൂനപക്ഷങ്ങൾ, ഭിന്നശേഷിക്കാർ, ട്രാൻസ്‌ജെൻഡർ വിഭാഗങ്ങൾ എന്നിവരടങ്ങുന്ന വിവിധ ജനകീയ സംഘടനകൾ ഒക്ടോബർ 14-ന് രൂപം നൽകിയ ‘പീപ്പിൾ എഗൈൻസ്റ്റ് എസ്.ഐ.ആർ’ എന്ന സംയുക്ത വേദിയാണ് പ്രതിഷേധത്തിന് ആഹ്വാനം ചെയ്തിരിക്കുന്നത്.

“ഹർ ഹാത്ത് മേം തിരംഗ, ഹർ ഗലീ മേം ജന്തർ മന്തർ” (ഓരോ കൈകളിലും ത്രിവർണ പതാക, ഓരോ തെരുവിലും ഒരു ജന്തർ മന്തർ) എന്ന പ്രധാന മുദ്രാവാക്യമുയർത്തിയാണ് സമരം നടക്കുന്നത്. രാജ്യത്ത് ജനാധിപത്യം പുനഃസ്ഥാപിക്കുക എന്ന ലക്ഷ്യത്തോടെ നടക്കുന്ന മാർച്ചിൽ കോക്രോച്ച് ജനതാ പാർട്ടി (CJP) സ്ഥാപകൻ അഭിജീത് ദിപ്കെ, നടനും സാമൂഹിക പ്രവർത്തകനുമായ പ്രകാശ് രാജ്, മുതിർന്ന അഭിഭാഷകൻ പ്രശാന്ത് ഭൂഷൺ, ഐസ പ്രസിഡന്റ് നേഹ ബോറ എന്നിവർക്കൊപ്പം പരകല പ്രഭാകറും വേദി പങ്കിടും. പ്രമുഖ കർഷക നേതാവ് രാകേഷ് ടിക്കായത്ത്, എഴുത്തുകാരൻ തുഷാർ ഗാന്ധി, മുൻ ജെ.എൻ.യു.എസ്.യു പ്രസിഡന്റ് ഐഷി ഘോഷ് തുടങ്ങിയ പ്രമുഖരും പ്രക്ഷോഭത്തിൽ അണിനിരക്കും. പ്രതിപക്ഷ സഖ്യമായ ‘ഇൻഡ്യ’ മുന്നണിയിലെ മുഴുവൻ പാർട്ടികളോടും പ്രക്ഷോഭത്തിൽ പങ്കാളികളാകാൻ സമിതി അഭ്യർത്ഥിച്ചിട്ടുണ്ട്.

മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാറിനെ സ്ഥാനത്തുനിന്ന് നീക്കം ചെയ്ത് പ്രോസിക്യൂട്ട് ചെയ്യുക, സ്പെഷ്യൽ ഇന്റൻസീവ് റിവിഷൻ നടപടികൾ പൂർണ്ണമായി റദ്ദാക്കുക, വോട്ടർപട്ടികയിൽ നിന്ന് ഒഴിവാക്കപ്പെട്ട യഥാർത്ഥ വോട്ടർമാരുടെ പേരുകൾ ഉടനടി പുനഃസ്ഥാപിക്കുക എന്നിവയാണ് പ്രതിഷേധക്കാരുടെ പ്രധാന ആവശ്യങ്ങൾ. ഇന്ത്യയിൽ ഇപ്പോൾ നടക്കുന്നത് പൗരത്വത്തിന് മേലുള്ള രക്തരഹിത രാഷ്ട്രീയ വംശഹത്യയാണെന്ന് പരകല പ്രഭാകർ രൂക്ഷമായി വിമർശിച്ചു. ജനങ്ങളുടെ വോട്ടവകാശം ഇല്ലാതാക്കാൻ ബോധപൂർവം പേരുകൾ വെട്ടിമാറ്റുകയാണെന്നും, വോട്ടവകാശം നിഷേധിക്കപ്പെടുന്നതിലൂടെ പൗരത്വത്തിന്റെ പരമപ്രധാനമായ അർത്ഥമാണ് നഷ്ടപ്പെടുന്നതെന്നും അദ്ദേഹം വ്യക്തമാക്കി. വോട്ടർപട്ടികയിൽ നിന്ന് ഒഴിവാക്കപ്പെട്ടവർ തങ്ങളുടെ അവകാശങ്ങൾ തിരിച്ചുപിടിക്കാൻ കൂട്ടായ്മകൾ രൂപീകരിക്കണമെന്നും അദ്ദേഹം ആഹ്വാനം ചെയ്തു. കേന്ദ്ര ധനമന്ത്രിയുടെ ഭർത്താവ് തന്നെ കേന്ദ്ര സർക്കാരിന്റെ തെരഞ്ഞെടുപ്പ് നയങ്ങൾക്കെതിരെ നേരിട്ട് തെരുവിലിറങ്ങുന്നത് വലിയ രാഷ്ട്രീയ ചർച്ചകൾക്ക് വഴിതുറന്നിട്ടുണ്ട്.

Related Articles

- Advertisement -spot_img

Latest Articles