ലഹരിവിവരം പോലീസിനെ അറിയിച്ചു; സഹോദരിയുടെയും കൈക്കുഞ്ഞിന്റെയും മുന്നിൽ യുവാവിന് ക്രൂരമർദ്ദനം

കോട്ടയം: ലഹരി ഉപയോഗിക്കുന്ന വിവരം പോലീസിനെ അറിയിച്ചെന്ന വിരോധത്തിൽ യുവാവിനെ സഹോദരിയുടെയും കൈക്കുഞ്ഞിന്റെയും മുന്നിലിട്ട് ക്രൂരമായി മർദ്ദിച്ചു. കോട്ടയം കാഞ്ഞിരപ്പള്ളി പാറത്തോട്ടിലെ ഒരു തട്ടുകടയിൽ ഭക്ഷണം കഴിക്കാനെത്തിയപ്പോഴാണ് യുവാവിന് നേരെ ലഹരിസംഘത്തിന്റെ അതിക്രമമുണ്ടായത്. സംഭവത്തിന്റെ നടുക്കുന്ന സി.സി.ടി.വി ദൃശ്യങ്ങൾ പുറത്തുവന്നു.

പാറത്തോട് പാലമ്പ്ര സ്വദേശികളായ മൂന്നുപേരാണ് ആക്രമണത്തിന് പിന്നിൽ പ്രവർത്തിച്ചതെന്ന് പോലീസ് തിരിച്ചറിഞ്ഞു. തിങ്കളാഴ്ച രാത്രി മദ്യപിച്ചെത്തിയ പ്രതികൾ തട്ടുകടയ്ക്കുള്ളിൽ അതിക്രമിച്ചുകയറി ഭക്ഷണം കഴിച്ചുകൊണ്ടിരുന്ന യുവാവിനെ സംഘം ചേർന്ന് മർദ്ദിക്കുകയായിരുന്നു. പ്രതികളിൽ ഒരാളെ കഴിഞ്ഞദിവസം കഞ്ചാവ് കൈവശം വെച്ചതിന് പോലീസ് പിടികൂടിയിരുന്നു. തങ്ങളെ പോലീസിന് ഒറ്റി നൽകിയത് ഈ യുവാവാണെന്ന് ആരോപിച്ചായിരുന്നു അതിക്രമം. കുടുംബാംഗങ്ങളുടെ നിലവിളി കേട്ടെത്തിയ നാട്ടുകാരെയും സംഘം ഭീഷണിപ്പെടുത്തി. ആക്രമണത്തിനിടയിൽ തട്ടുകടയിലെ ഉപകരണങ്ങളും മറ്റ് സാധന സാമഗ്രികളും പ്രതികൾ അടിച്ചുതകർത്തു.

സംഭവം നടന്ന് രണ്ടു ദിവസത്തിന് ശേഷം സി.സി.ടി.വി ദൃശ്യങ്ങൾ പുറത്തുവന്നതോടെയാണ് അതിക്രമത്തിന്റെ വിവരങ്ങൾ പുറത്തറിയുന്നത്. സംഭവത്തിൽ കുടുംബത്തിന്റെ പരാതിയിൽ കാഞ്ഞിരപ്പള്ളി പോലീസ് കേസെടുത്തിട്ടുണ്ട്. ആക്രമണത്തിന് ശേഷം ഒളിവിൽ പോയ പ്രതികൾക്കായി അന്വേഷണം ഊർജ്ജിതമാക്കിയതായി പോലീസ് അറിയിച്ചു.

Related Articles

- Advertisement -spot_img

Latest Articles