കെ.എം.സി.സി ഓഫീസിൽ എട്ട് കോടി രൂപ കവർന്ന കേസ്: ബി.ജെ.പി നേതാവ് കോഴിക്കോട് പോലീസിൽ കീഴടങ്ങി

കോഴിക്കോട്: ഖത്തറിലെ കെ.എം.സി.സി ഓഫീസിൽ റൂം ബോയിയെ കെട്ടിയിട്ട് എട്ട് കോടിയിലധികം രൂപ കവർന്ന കേസിൽ ബി.ജെ.പി പ്രാദേശിക നേതാവ് കോഴിക്കോട് പോലീസിൽ കീഴടങ്ങി. കൊയിലാണ്ടി സ്വദേശിയും കഴിഞ്ഞ തദ്ദേശ തിരഞ്ഞെടുപ്പിൽ ബി.ജെ.പി സ്ഥാനാർത്ഥിയായി മത്സരിച്ചയാളുമായ പരപ്പിൽ ബാലകൃഷ്ണനാണ് കൊയിലാണ്ടി സ്റ്റേഷനിൽ കീഴടങ്ങിയത്.

2025 സെപ്റ്റംബർ 18-നാണ് ഖത്തറിലെ അൽ തുമാമയിലുള്ള കെ.എം.സി.സി ഓഫീസിൽ ഈ വൻ കവർച്ച നടന്നത്. ഓഫീസിലുണ്ടായിരുന്ന റൂം ബോയിയുടെ കൈകാലുകൾ കെട്ടിയിട്ട ശേഷം, ശക്തമായ സുരക്ഷയുള്ള സ്ട്രോങ് റൂം ഗ്യാസ് കട്ടർ ഉപയോഗിച്ച് തകർത്താണ് പ്രതികൾ പണം കവർന്നത്. ഏകദേശം 31 ലക്ഷം ഖത്തർ റിയാൽ (8.06 കോടിയിലധികം ഇന്ത്യൻ രൂപ) നഷ്ടപ്പെട്ടതായാണ് പരാതിയിൽ വ്യക്തമാക്കുന്നത്.

കൊയിലാണ്ടി പോലീസ് സ്റ്റേഷനിൽ രജിസ്റ്റർ ചെയ്ത കേസിൽ ആകെ ആറു പ്രതികളാണുള്ളത്. പി.കെ. അബ്ദുൽ റഹീം നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ 2026 സെപ്റ്റംബർ 15-നാണ് പോലീസ് കേസജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിച്ചത്. ബോംബെ ഷാജി, റാഷി, സാലിഹ് എന്ന ബാവ, ഹസൻ എന്ന മമ്മാലി, നിസാർ എന്നിവരാണ് കേസിലെ മറ്റ് പ്രതികൾ. ബോംബെ ഷാജി, റാഷി, സാലിഹ് എന്നിവർ ചേർന്ന് കവർച്ചയ്ക്കുള്ള ഗൂഢാലോചന നടത്തുകയും, ബാലകൃഷ്ണൻ, ഹസൻ, നിസാർ എന്നിവരുടെ സഹായത്തോടെ മോഷണം നടപ്പിലാക്കുകയുമായിരുന്നുവെന്നാണ് പൊലീസിന്റെ പ്രാഥമിക കണ്ടെത്തലും പരാതിയിലെ ആരോപണവും. കീഴടങ്ങിയ പ്രതിയെക്കുറിച്ചുള്ള തുടർനടപടികൾ പോലീസ് സ്വീകരിച്ചുവരികയാണ്.

Related Articles

- Advertisement -spot_img

Latest Articles