തിരുവനന്തപുരം: കേരള രാജ്ഭവനിൽ ഇനി മുതൽ വെജിറ്റേറിയൻ ഭക്ഷണം മാത്രം വിളമ്പിയാൽ മതിയെന്ന് നിയുക്ത ഗവർണർ ഓം പ്രകാശ് മാഥൂറിന്റെ കശന നിർദേശം. വെള്ളിയാഴ്ച ഉച്ചയ്ക്ക് സത്യപ്രതിജ്ഞ ചെയ്ത് ഔദ്യോഗികമായി അധികാരമേൽക്കുന്നതിന് മുന്നോടിയായി രാജ്ഭവൻ അധികൃതർക്ക് നൽകിയ മാർഗ്ഗനിർദ്ദേശങ്ങളിലാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്. രാജ്ഭവനിൽ വെജിറ്റേറിയൻ ഭക്ഷണം വിളമ്പുക മാത്രമല്ല, അവിടത്തെ ജീവനക്കാരും വെജിറ്റേറിയൻ ഭക്ഷണം മാത്രമേ കഴിക്കാവൂ എന്നും നിർദേശത്തിലുണ്ട്. മുൻ ഗവർണർമാരുടെ കാലത്ത് മത്സ്യ-മാംസാഹാരങ്ങൾ ഉപയോഗിക്കുകയും അതിഥികൾക്ക് വിളമ്പുകയും ചെയ്തിരുന്ന പതിവിനാണ് ഇതിലൂടെ തടയിട്ടിരിക്കുന്നത്. മുൻ ഗവർണർ രാജേന്ദ്ര വിശ്വനാഥ് ആർലേക്കറുടെ കാലത്ത് രാജ്ഭവനിൽ നോൺ-വെജ് ഭക്ഷണങ്ങൾക്കും അതിഥികൾക്കും യാതൊരു വിലക്കും ഉണ്ടായിരുന്നില്ല.
അതേസമയം, കേരളത്തിന്റെ പുതിയ ഗവർണറായി ഓം പ്രകാശ് മാഥൂർ വെള്ളിയാഴ്ച ഉച്ചയ്ക്ക് 12.15-ന് രാജ്ഭവൻ ഓഡിറ്റോറിയത്തിൽ നടക്കുന്ന ചടങ്ങിൽ സത്യപ്രതിജ്ഞ ചെയ്ത് ചുമതലയേൽക്കും. ഹൈക്കോടതി ചീഫ് ജസ്റ്റിസ് സൗമെൻ സെൻ സത്യവാചകം ചൊല്ലിക്കൊടുക്കും. മുഖ്യമന്ത്രിയും മന്ത്രിമാരും ഉൾപ്പെടെയുള്ള പ്രമുഖർ ചടങ്ങിൽ പങ്കെടുക്കും. വ്യാഴാഴ്ച സന്ധ്യയോടെ തിരുവനന്തപുരം വിമാനത്താവളത്തിലെത്തിയ നിയുക്ത ഗവർണറെ മുഖ്യമന്ത്രിയുടെ നേതൃത്വത്തിൽ ഊഷ്മളമായി സ്വീകരിച്ചു.
തുടർന്ന് തമിഴ്നാട് ഗവർണറായി ചുമതലയേറ്റ മുൻ ഗവർണർ രാജേന്ദ്ര വിശ്വനാഥ് ആർലേക്കർക്ക് വ്യാഴാഴ്ച സർക്കാർ യാത്രയയപ്പ് നൽകി. ഹയാത്ത് റീജൻസിയിൽ മുഖ്യമന്ത്രി ഒരുക്കിയ വിരുന്നിൽ പ്രമുഖർ പങ്കെടുത്തു. സർക്കാരുമായി ഏറ്റവും ഊഷ്മളമായ ബന്ധം പുലർത്തിയ ഗവർണറാണ് ആർലേക്കറെന്ന് മുഖ്യമന്ത്രിയും മറ്റ് നേതാക്കളും അഭിനന്ദിച്ചു. കേരളത്തിലെ ജനങ്ങൾ നൽകിയ സ്നേഹത്തിന് അദ്ദേഹം നന്ദി അറിയിക്കുകയും ചെയ്തു. തുടർന്ന് രാത്രിയോടെ വിമാനത്താവളത്തിൽ നിന്ന് അദ്ദേഹം തമിഴ്നാട്ടിലേക്ക് തിരിച്ചു.



