തൃശൂർ: പത്മജ വേണുഗോപാൽ ബി.ജെ.പിയിൽ നിന്ന് രാജിവെച്ചു. താൻ ജനിച്ചു വീണത് കോൺഗ്രസിലാണെന്നും ബി.ജെ.പിയിൽ ചേരാൻ എടുത്ത തീരുമാനം തെറ്റായിപ്പോയെന്നും അവർ പ്രതികരിച്ചു. ഒറ്റദിവസം കൊണ്ട് ചാടിപ്പിടഞ്ഞെടുത്ത തീരുമാനമായിരുന്നു അതെന്നും, മീനിനെ പിടിച്ച് കരയിലിട്ടതുപോലെയുള്ള അവസ്ഥയായിരുന്നു അവിടെയെന്നും പത്മജ വ്യക്തമാക്കി. അതേസമയം, തിരികെ കോൺഗ്രസിലേക്ക് മടങ്ങുന്ന കാര്യത്തിൽ ഇതുവരെ തീരുമാനമെടുത്തിട്ടില്ലെന്നും അവർ കൂട്ടിച്ചേർത്തു.
കോൺഗ്രസ് നേതൃത്വവുമായുള്ള അഭിപ്രായവ്യത്യാസങ്ങളെ തുടർന്ന് 2024 മാർച്ച് 7-നാണ് പത്മജ വേണുഗോപാൽ ബി.ജെ.പിയിൽ ചേർന്നത്. എന്നാൽ പാർട്ടിയിൽ അർഹമായ പരിഗണന ലഭിക്കാത്തതിനെ തുടർന്ന് ദേശീയ സമിതി അംഗമായ പത്മജ രാജിക്ക് ഒരുങ്ങുന്നതായി നേരത്തെ തന്നെ അഭ്യൂഹങ്ങൾ പ്രചരിച്ചിരുന്നു. കോൺഗ്രസ് വിട്ട് ബി.ജെ.പിയിലെത്തിയപ്പോൾ പ്രതീക്ഷിച്ച സ്ഥാനമാനങ്ങളും അംഗീകാരവും ലഭിക്കാത്തതാണ് രാജിയിലേക്ക് നയിച്ചതെന്നാണ് അടുത്ത വൃത്തങ്ങൾ നൽകുന്ന സൂചന.
നിയമസഭാ തെരഞ്ഞെടുപ്പിന് ശേഷം ബി.ജെ.പിയുടെ സജീവ പ്രവർത്തനങ്ങളിൽ നിന്നും പ്രധാന പരിപാടികളിൽ നിന്നും പത്മജ വിട്ടുനിൽക്കുകയായിരുന്നു. സോഷ്യൽ മീഡിയയിൽ സജീവമായി ഇടപെടാറുള്ള ഇവർ, ഏതാനും ആഴ്ചകളായി ബി.ജെ.പിയുമായി ബന്ധപ്പെട്ട പോസ്റ്റുകളൊന്നും തന്റെ പേജുകളിൽ പങ്കുവെച്ചിരുന്നില്ല.



