ഫരീദാബാദ്: ഹരിയാനയിലെ ജയിലിൽ 23കാരനായ മുസ്ലിം യുവാവ് മരിച്ച നിലയിൽ. ഉത്തർപ്രദേശിലെ അംറോഹ സ്വദേശിയായ റെഹാനാണ് (23) നവംബർ 13ന് ജയിലിൽ മരിച്ചത്. 1.04 കോടി രൂപയുടെ കവർച്ചാക്കേസിൽ ഒക്ടോബർ 18നാണ് ഫരീദാബാദ് ക്രൈംബ്രാഞ്ച് റെഹാനെ അറസ്റ്റ് ചെയ്തത്. തങ്ങളെ കള്ളക്കേസിൽ കുടുക്കിയതാണെന്നും കസ്റ്റഡിയിൽ വെച്ച് പോലീസ് റെഹാനെ ക്രൂരമായി മർദിച്ചെന്നുമാണ് കുടുംബത്തിന്റെ ഗുരുതര ആരോപണം.
അറസ്റ്റിന് പിന്നാലെ റെഹാനെ തെളിവെടുപ്പിനായി അംറോഹയിലെത്തിച്ചപ്പോൾ പോലീസും കുടുംബാംഗങ്ങളും തമ്മിൽ സംഘർഷമുണ്ടായിരുന്നു. ഈ സംഭവത്തിൽ റെഹാന്റെ സഹോദരൻ കാഷിഫിന്റെ വാരിയെല്ലിന് പൊട്ടലേൽക്കുകയും പിതാവിന് കേൾവിക്കുറവ് സംഭവിക്കുകയും ചെയ്തതായി കുടുംബം പറയുന്നു. കേസിൽ കുടുംബത്തിലെ മറ്റ് അംഗങ്ങളെ പ്രതികളാക്കാതിരിക്കാൻ ക്രൈംബ്രാഞ്ച് ഉദ്യോഗസ്ഥർ 18.8 ലക്ഷം രൂപ കൈക്കൂലി ആവശ്യപ്പെട്ടതായും, ഈ തുക കണ്ടെത്തുന്നതിനായി റെഹാന്റെ പിതാവ് അബ്ദുൾ സത്താർ നാല് ബിഗ ഭൂമി വിറ്റതായും ബന്ധുക്കൾ വെളിപ്പെടുത്തി. പോലീസ് ഉദ്യോഗസ്ഥനായ ദാരാ സിംഗിനും സംഭവത്തിൽ പങ്കുണ്ടെന്ന് കുടുംബം ആരോപിക്കുന്നു.
മരണത്തിന് ദിവസങ്ങൾക്ക് മുമ്പ് ജയിലിൽനിന്ന് വിളിച്ച റെഹാൻ താൻ നേരിട്ട ക്രൂരമായ മർദനങ്ങളെക്കുറിച്ച് കുടുംബത്തെ അറിയിച്ചിരുന്നു. തുടർന്ന് കുടുംബം കോടതിയെ സമീപിക്കുകയും, ഡൽഹി എയിംസ് ആശുപത്രിയിൽ റെഹാന് വിദഗ്ധ ചികിത്സ നൽകാൻ കോടതി അനുമതി നൽകുകയും ചെയ്തിരുന്നു. എന്നാൽ ചികിത്സ ലഭിക്കുന്നതിന് മുമ്പ് നവംബർ 13ന് റെഹാൻ ജയിലിൽവെച്ച് മരണപ്പെടുകയായിരുന്നു.
അതേസമയം, കുടുംബത്തിന്റെ എല്ലാ ആരോപണങ്ങളും പോലീസ് നിഷേധിച്ചു. ഫരീദാബാദിൽനിന്നുള്ള പോലീസ് സംഘമാണ് റെഹാനെ അംറോഹയിലെത്തിച്ചതെന്നും പിന്നീട് സംഘം മടങ്ങിപ്പോയെന്നുമാണ് എസ്.എച്ച്.ഒ അമിത് കുമാർ വ്യക്തമാക്കിയത്. പോലീസ് ഔട്ട്പോസ്റ്റ് ഇൻചാർജ് ദാരാ സിംഗും ആരോപണങ്ങൾ തള്ളിക്കളഞ്ഞു. റെഹാന്റെ മൃതദേഹം പോസ്റ്റ്മോർട്ടത്തിനായി അയച്ചിരിക്കുകയാണെന്നും മരണകാരണം സംബന്ധിച്ച് സമഗ്രമായ അന്വേഷണം പുരോഗമിക്കുകയാണെന്നും അധികൃതർ അറിയിച്ചു.



