ആലപ്പുഴ: ചക്കുളത്തുകാവ് ക്ഷേത്രത്തിലെ പൊങ്കാല മഹോത്സവത്തോടനുബന്ധിച്ച് സമീപ പ്രദേശങ്ങളിലെ ഇറച്ചിക്കടകളും മീൻ കടകളും അടച്ചിട്ട് സഹകരിക്കണമെന്ന നിർദ്ദേശവുമായി തിരുവൻവണ്ടൂർ ഗ്രാമപഞ്ചായത്ത്. നവംബർ 24-നാണ് ചക്കുളത്തുകാവ് പൊങ്കാല നടക്കുന്നത്. ഇതിന്റെ ഭാഗമായി നവംബർ 22, 23 തീയതികളിലും പൊങ്കാല ദിവസമായ 24-ന് ഉച്ചവരെയും കടകൾ തുറന്നുപ്രവർത്തിക്കരുതെന്നാണ് ഈ മാസം 19-ന് പഞ്ചായത്ത് പുറത്തിറക്കിയ അറിയിപ്പിൽ വ്യക്തമാക്കുന്നത്.
ചക്കുളത്തുകാവ് ദേവീ ക്ഷേത്ര ട്രസ്റ്റ് നൽകിയ കത്തിന്റെ അടിസ്ഥാനത്തിലാണ് പഞ്ചായത്ത് ഇത്തരമൊരു അറിയിപ്പ് പുറപ്പെടുവിച്ചിരിക്കുന്നത്. തിരുവൻവണ്ടൂർ ഗ്രാമപഞ്ചായത്ത് പരിധിയിൽ കല്ലിശ്ശേരി പാലം മുതൽ ആറാട്ടുകടവ് പാലം വരെയുള്ള എം.സി റോഡിന്റെ ഇരുവശങ്ങളിലുമാണ് പൊങ്കാല നടക്കുന്നത്. അതിനാൽ ഈ മേഖലയിലുള്ള മത്സ്യമാർക്കറ്റുകൾ, സ്ലോട്ടർ ഹൗസുകൾ, ഇറച്ചി-മീൻ കടകൾ എന്നിവ നിശ്ചിത ദിവസങ്ങളിൽ അടച്ചിട്ട് സഹകരിക്കണമെന്ന് പഞ്ചായത്ത് ആവശ്യപ്പെട്ടു. പഞ്ചായത്തിന്റെ ഈ ഔദ്യോഗിക അറിയിപ്പ് ഇതിനോടകം സാമൂഹിക മാധ്യമങ്ങളിൽ വ്യാപകമായി പ്രചരിക്കുന്നുണ്ട്.



