ഭാര്യയുമായുള്ള സൗഹൃദം എതിർത്തയാളെ വെടിവെച്ചുകൊന്ന കേസ്; പ്രതി തൂങ്ങിമരിച്ച നിലയിൽ

കണ്ണൂർ: ഭാര്യയുമായുള്ള സൗഹൃദം എതിർത്തതിലുള്ള വിരോധത്തിൽ യുവാവിനെ വെടിവെച്ചുകൊന്ന കേസിലെ പ്രതിയെ ജീവനൊടുക്കിയ നിലയിൽ കണ്ടെത്തി. മാതാമംഗലത്തിന് സമീപം പെരുമ്പടവ് അടുക്കം സ്വദേശി നെല്ലൂർ കോരച്ചം വീട്ടിൽ എൻ.കെ. സന്തോഷിനെയാണ് തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്.

2025 മാർച്ച് 20-നായിരുന്നു കേസിനാസ്പദമായ സംഭവം നടന്നത്. കൈതപ്രത്ത് നിർമ്മാണത്തിലിരിക്കുന്ന വീട്ടിൽ വെച്ച് കെ.കെ. രാധാകൃഷ്ണൻ വെടിയേറ്റു കൊല്ലപ്പെടുകയായിരുന്നു. സംഭവസ്ഥലത്തുനിന്ന് തന്നെ സന്തോഷിനെ പോലീസ് പിടികൂടിയിരുന്നു. കൊലപാതകത്തിന് പ്രേരണ നൽകിയെന്ന കുറ്റത്തിന് രാധാകൃഷ്ണന്റെ ഭാര്യ മിനി നമ്പ്യാരെയും പരിയാരം പോലീസ് അറസ്റ്റ് ചെയ്തിരുന്നു. ആറ് മാസം മുൻപാണ് സന്തോഷിന് കേസിൽ ജാമ്യം ലഭിച്ചത്.

സഹപാഠികളായിരുന്ന സന്തോഷും മിനി നമ്പ്യാരും ഒരു പൂർവവിദ്യാർഥി സംഗമത്തിൽ വെച്ചാണ് വീണ്ടും കണ്ടുമുട്ടിയത്. പിന്നീട് രാധാകൃഷ്ണന്റെ വീടിന്റെ നിർമ്മാണ പ്രവർത്തനങ്ങൾക്കായി സന്തോഷ് എത്തിയിരുന്നു. ഭാര്യയുമായി സന്തോഷ് അടുപ്പം പുലർത്തുന്നത് രാധാകൃഷ്ണൻ പലതവണ വിലക്കിയിരുന്നു. ഇതിലുള്ള വൈരാഗ്യമാണ് രാധാകൃഷ്ണനെ വെടിവെച്ചുകൊലപ്പെടുത്തുന്നതിലേക്ക് നയിച്ചതെന്ന് പോലീസ് കണ്ടെത്തിയിരുന്നു.

Related Articles

- Advertisement -spot_img

Latest Articles