ഓസ്‌ലോ: 2025-ലെ സമാധാനത്തിനുള്ള നോബൽ സമ്മാനം വെനസ്വേലയിലെ പ്രമുഖ പ്രതിപക്ഷ നേതാവായ മരിയ കൊറീന മചാഡോയ്ക്ക് ലഭിച്ചു. ജനാധിപത്യപരമായ അവകാശങ്ങൾക്കും നിയമവാഴ്ചയ്ക്കും വേണ്ടി വെനസ്വേലയിൽ അവർ നടത്തിയ ശക്തമായ പോരാട്ടങ്ങൾ മുൻനിർത്തിയാണ് നോർവീജിയൻ നോബൽ കമ്മിറ്റി ഈ പുരസ്‌കാരം നൽകിയത്.
ജനാധിപത്യത്തിനായുള്ള പ്രക്ഷോഭങ്ങളുടെ മുൻനിരയിൽ ഉറച്ചുനിന്ന്, ഭരണകൂടത്തിൻ്റെ വെല്ലുവിളികളെ അതിജീവിച്ച് അവർ നടത്തിയ ധീരമായ പ്രവർത്തനങ്ങളെ കമ്മിറ്റി പ്രത്യേകമായി പ്രശംസിച്ചു.
അമേരിക്കൻ പ്രസിഡൻ്റ് ഡൊണാൾഡ് ട്രംപ് സമാധാന നോബലിനായി ശക്തമായ അവകാശവാദങ്ങൾ ഉന്നയിക്കുകയും അദ്ദേഹത്തിൻ്റെ അനുയായികൾ വലിയ പ്രചാരണം നടത്തുകയും ചെയ്യുന്നതിനിടയിലാണ് പ്രഖ്യാപനം എന്നത് ശ്രദ്ധേയമാണ്.
മനുഷ്യാവകാശങ്ങൾക്കും ജനാധിപത്യ മൂല്യങ്ങൾക്കും വേണ്ടി നിലകൊണ്ട മരിയ കൊറീന മചാഡോയ്ക്ക്
പുരസ്‌കാരം നൽകിയത് ലോകമെമ്പാടുമുള്ള സമാധാന-ജനാധിപത്യ പ്രവർത്തകർക്ക് വലിയ പ്രചോദനമായാണ് കാണുന്നത്.
വെനസ്വേലൻ ഭരണകൂടം രാഷ്ട്രീയ വിലക്ക് ഏർപ്പെടുത്തിയതിനെത്തുടർന്ന് കടുത്ത വെല്ലുവിളികൾ നേരിടുന്നതിനിടയിലും മചാഡോ തൻ്റെ പോരാട്ടം തുടരുകയാണ്.
244 വ്യക്തികളും 94 സംഘടനകളും ഉൾപ്പെടെ ആകെ 338 നോമിനേഷനുകളാണ് ഇത്തവണ സമാധാന നോബലിനായി പരിഗണിച്ചിരുന്നത്.
ഡിസംബർ 10-ന് നോർവേയിലെ ഓസ്‌ലോയിൽ നടക്കുന്ന ചടങ്ങിൽ സമ്മാനിക്കും.



