ശബരിമല സ്വർണക്കവർച്ച കേസ്; മുൻ ദേവസ്വം ഉദ്യോഗസ്ഥൻ മുരാരി ബാബു റിമാൻഡിൽ

പത്തനംതിട്ട: ശബരിമല സ്വർണക്കവർച്ച കേസിൽ തിരുവിതാംകൂർ ദേവസ്വം ബോർഡ് മുൻ എക്‌സിക്യുട്ടീവ് ഓഫീസറും അഡ്‌മിനിസ്‌ട്രേറ്റീവ് ഓഫീസറുമായിരുന്ന മുരാരി ബാബുവിനെ റാന്നി കോടതി 14 ദിവസത്തേക്ക് റിമാൻഡ് ചെയ്‌തു. കേസിന്റെ പ്രത്യേക അന്വേഷണ സംഘം (എസ്ഐടി) പെരുന്നയിലെ വീട്ടിൽ നിന്നാണ് കസ്റ്റഡിയിലെടുത്തത്. ചോദ്യം ചെയ്യലിന് ശേഷമാണ് നിലവിൽ സസ്‌പെൻഷനിലുള്ള മുരാരി ബാബുവിന്റെ അറസ്റ്റ് രേഖപ്പെടുത്തിയത്.

സ്വർണ്ണപ്പാളികൾ ചെമ്പാണെന്ന് വ്യാജരേഖ ചമച്ച കേസിലാണ് മുരാരി ബാബുവിനെ അറസ്റ്റ് ചെയ്‌തത്‌. ഗൂഢാലോചനയിലെ പ്രധാന കണ്ണി ഇയാളാണെന്നാണ് അന്വേഷണ സംഘത്തിന്റെ കണ്ടെത്തൽ. 2019-ൽ ശബരിമലയിലെ ദ്വാരപാലക ശിൽപത്തിലെ സ്വർണം കവർന്ന കേസിലെ രണ്ടാം പ്രതികൂടിയാണ് മുരാരി ബാബു. ഈ കേസിൽ അറസ്റ്റിലാകുന്ന ആദ്യത്തെ ദേവസ്വം ബോർഡ് ഉദ്യോഗസ്ഥനും രണ്ടാമത്തെ വ്യക്തിയുമാണ് ഇദ്ദേഹം.

മുഖ്യപ്രതിയായ ഉണ്ണികൃഷ്‌ണൻ പോറ്റിക്ക് സ്വർണം കടത്താൻ എല്ലാ ഒത്താശയും ചെയ്‌തു നൽകിയ സംഘത്തിലെ പ്രധാനിയായും മുരാരി ബാബുവിനെ കണക്കാക്കുന്നു. തുടർ നടപടികൾക്കായി ഇദ്ദേഹത്തെ തിരുവനന്തപുരം സ്‌പെഷ്യൽ സബ് ജയിലിലേക്ക് മാറ്റി.

Related Articles

- Advertisement -spot_img

Latest Articles