റിയാദ്: പ്രവാസികൾക്കിടയിൽ അക്കാദമിക, സാങ്കേതിക യോഗ്യതകൾ വർധിപ്പിക്കുന്നതിനും വ്യക്തിത്വ വികസനം പരിപോഷിപ്പിക്കുന്നതിനും പ്രവർത്തിക്കുന്ന ഗ്ലോബൽ ലേർണിംഗ് ആൻഡ് ഡെവലപ്മെന്റ് (ഗ്ലാഡ്) ഏർപ്പെടുത്തിയ സൗജന്യ ഓൺലൈൻ ട്രെയിനിങ് ക്ലാസ്സിന് ഇന്ന് (നവംബർ 2 തിങ്കൾ) തുടക്കമാവും. എ ഐ ടൂൾ ഉപയോഗിച്ചുകൊണ്ട് റിപ്പോർട്ടുകളും മറ്റും പ്രസന്റേഷനായി അവതരിപ്പിക്കുന്നതാണ് പരിശീലനത്തിൽ പഠിപ്പിക്കുന്നത്.
നേരത്തെ രജിസ്റ്റർ ചെയ്ത 850 പേർക്കാണ് സൂം പ്ലാറ്റ്ഫോം വഴിയുള്ള ഓൺലൈൻ പരിശീലനത്തിൽ പങ്കെടുക്കാൻ അവസരം ലഭിച്ചിട്ടുള്ളത്. ഇന്ന് മുതൽ അഞ്ചു ദിവസം തുടർച്ചയായി രണ്ട് സെഷനുകളിലായാണ് ട്രെയിനിങ് നടക്കുന്നത്. ഐ സി എഫ് ഐ സി ജനറൽ സെക്രട്ടറി നിസാർ സഖാഫി ആമുഖ പ്രഭാഷണം നടത്തും. ഇസ്മായിൽ ഹമീദ് കക്കാടാണ് പരിശീലനത്തിന് നേതൃത്വം നൽകുന്നത്. ചടങ്ങിൽ ഐ സി എഫ് ഐ സി നേതാക്കളായ അബ്ദുൽ റസാഖ് മുസ്ലിയാർ പറവണ്ണ, ഹമീദ് പരപ്പ എന്നിവരും സംബന്ധിക്കും.



