റിയാദ്: സിറിയയിലെ ആഭ്യന്തര യുദ്ധത്തിന്റെ കെടുതികളിൽ നിന്ന് രക്ഷപ്പെട്ട് സൗദി അറേബ്യയിൽ പുതിയ ജീവിതം കെട്ടിപ്പടുത്ത ബുസൈന അഹ്മദ് ഒവൈദ എന്ന അഞ്ചു മക്കളുടെ മാതാവ്, ഹൂതികളുടെ വിമാനത്താവള ആക്രമണത്തിൽ കൊല്ലപ്പെട്ടു. ഒക്ടോബർ 10-ന് കിങ് ഖാലിദ് അന്താരാഷ്ട്ര വിമാനത്താവളത്തിലുണ്ടായ ആക്രമണത്തിലാണ് 56 കാരിയായ ബുസൈന മരണപ്പെട്ടത്. നാട്ടിലെ ആഭ്യന്തര സംഘർഷങ്ങളെ തുടർന്ന് നാല് വർഷം മുമ്പാണ് ഇവർ സൗദിയിലെത്തിയത്. പരിക്കേറ്റ തന്റെ സഹോദരന്റെ മകനെ പരിചരിക്കാനായി റിയാദിലെത്തിയ സഹോദരിയെ കണ്ട ശേഷം മക്കയിലേക്ക് മടങ്ങാനിരിക്കെയാണ് ഈ ദാരുണ സംഭവം. മക്കയിലെത്തിയ ശേഷം ഉംറ കർമ്മം നിർവഹിക്കാൻ തയ്യാറെടുക്കുന്നതിനിടയിലാണ് ഇവർ ആക്രമണത്തിനിരയായത്.
സിറിയയിലെ ഇഡ്ലിബ് പ്രവിശ്യ സ്വദേശിനിയായ ബുസൈന, യുദ്ധാരംഭത്തിന് മുൻപ് തന്നെ ഭർത്താവ് നഷ്ടപ്പെട്ടതിനെ തുടർന്ന് നാല് മക്കളെയും ഒറ്റയ്ക്കാണ് വളർത്തിയത്. സിറിയൻ ഭരണകൂടത്തിന്റെയും ഇറാൻ പിന്തുണയുള്ള സേനയുടെയും ആക്രമണങ്ങൾ ശക്തമായതിനെ തുടർന്ന് അലെപ്പോയിൽ നിന്നും ഇഡ്ലിബിലേക്കും പിന്നീട് തുർക്കി വഴിയും സൗദി അറേബ്യയിലേക്കും ഇവർക്ക് പലായനം ചെയ്യേണ്ടി വന്നിരുന്നു. മക്കളുടെ പിന്തുണയോടെ സൗദിയിൽ സമാധാനപരമായ ജീവിതം നയിക്കുന്നതിനിടയിലാണ് വിമാനത്താവളത്തിലുണ്ടായ സ്ഫോടനത്തിൽ അവർക്ക് ജീവൻ നഷ്ടപ്പെട്ടത്. അലപ്പോ, ജർമ്മനി, ഖത്തർ, സൗദിയിലെ അഭ തുടങ്ങിയ വിവിധയിടങ്ങളിലാണ് ഇപ്പോൾ അവരുടെ മക്കളുള്ളത്.
ആക്രമണ ദിവസം വിമാനത്താവളത്തിൽ വെച്ച് ഫോണിൽ സംസാരിച്ചുകൊണ്ടിരിക്കെ പെട്ടെന്ന് കോട്ട് കട്ടാവുകയായിരുന്നുവെന്നും തുടർന്ന് മണിക്കൂറുകളോളം കുടുംബാംഗങ്ങൾ ആശങ്കയിലായിരുന്നുവെന്നും സഹോദരി ഹയാത്ത് ഒവൈദ ഓർത്തു. തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് വിമാനത്താവളത്തിൽ വെച്ച് തലയ്ക്ക് പരിക്കേറ്റാണ് അവർ മരണപ്പെട്ട വിവരം കുടുംബത്തിന് ലഭിക്കുന്നത്. റിയാദിലെ അൽ-രാജ്ഹി പള്ളിയിലെ പ്രാർത്ഥനകൾക്ക് ശേഷം ഒക്ടോബർ 12-ന് റിയാദിലെ അൽ-നസീം ഖബർസ്ഥാനിൽ മൃതദേഹം സംസ്കരിച്ചു. സിറിയയിലെ യുദ്ധഭീകരതയെയും ബോംബാക്രമണങ്ങളെയും അതിജീവിച്ച തന്റെ സഹോദരി ഒടുവിൽ ഇറാൻ പിന്തുണയുള്ള തീവ്രവാദികളുടെ ആക്രമണത്തിന് ഇരയാകേണ്ടി വന്നുവെന്ന് ഹയാത്ത് വേദനയോടെ പറഞ്ഞു. റിയാദിലെ സിറിയൻ എംബസി ബുസൈനയുടെ മരണത്തിൽ അനുശോചനം രേഖപ്പെടുത്തുകയും കുടുംബത്തിന്റെ ദുഃഖത്തിൽ പങ്കുചേരുകയും ചെയ്തു.



